കൂമ്പാച്ചി മലയിൽ കുടുങ്ങി, ദൗത്യസംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത് സ്വദേശി റഷീദ(46), മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണു ബാബുവിനെ തിരിച്ചിറക്കിയത്.