Thursday 18 January 2024 11:39 AM IST : By സ്വന്തം ലേഖകൻ

‘KL 51 Q 0001’, ഈ നമ്പര്‍ കിട്ടിയേ തീരൂ; വാശിയേറിയ ലേലം, സ്വന്തമാക്കിയത് 4.75 ലക്ഷത്തിന്! അപൂർവമെന്ന് എംവിഡി

vehicle-number.jpg.image.845.440

ഒറ്റപ്പാലം സബ് ആർടി ഓഫിസിൽ വാഹന രജിസ്‌ട്രേഷന്റെ ഒന്നാം നമ്പറിനു മോഹവില. 'കെ.എൽ 51 ക്യൂ 0001' എന്ന നമ്പറാണ് നാലേമുക്കാല്‍ ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ചെർപ്പുളശ്ശേരി രാജപ്രഭ ഗ്രൂപ്പ് ഉടമ രാജേന്ദ്രകുമാറിന്റെ ഭാര്യ സി. പ്രഭാവതിയാണ് വാഹനത്തിന് ഒന്നാം നമ്പർ സ്വന്തമാക്കിയത്. 

പാലക്കാട് ജില്ലയിൽ ഇത്രയും വലിയ തുകയ്ക്കു റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പോകുന്നത് അപൂർവമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. '0001' എന്ന നമ്പറിന് ഒരു ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില. 

ഒന്നിലധികം ആവശ്യക്കാരെത്തിയതോടെ തീരുമാനം വാശിയേറിയ ലേലത്തിലേക്കു നീണ്ടു. ഒന്ന് എന്ന നമ്പറിന് പുറമെ ക്യു എന്ന ഇംഗ്ലീഷ് അക്ഷരവും ലഭിക്കുമെന്നതാണ് മോഹവിലയ്ക്കു പ്രചോദനമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags:
  • Spotlight