Friday 22 March 2024 09:46 AM IST : By സ്വന്തം ലേഖകൻ

'അച്ഛൻ ഇനിയില്ല..!' അരുന്ധതിയും അളകനന്ദയും അച്ഛനും അമ്മയും വരുന്നത് കാത്തിരുന്നു; പക്ഷേ...

panavila-accident തിരുവനന്തപുരം പനവിള ജംക്ഷനിൽ ടിപ്പറിടിച്ച് മരിച്ച ഇരുചക്ര വാഹന യാത്രികൻ ജി.എസ് സുധീറിന്റെ അപകട സ്ഥലത്തെ സിസിടിവി ദൃശ്യം. (ഇൻസെറ്റിൽ ജി.എസ്.സുധീർ)

അച്ഛൻ ഇനിയില്ല.. പക്ഷേ, അത് അറിയാതെ പതിവു പോലെ കളരിപ്പയറ്റ് പരിശീലനത്തിനു ശേഷം, സ്കൂൾ വിദ്യാർഥികളായ അരുന്ധതിയും അനുജത്തി അളകനന്ദയും അച്ഛനും അമ്മയും വരുന്നതും കാത്തിരിക്കുകയായിരുന്നു. ഇന്നലെ പനവിളയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ  ചാല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഇൻസ്ട്രക്ടറായ മലയിൻകീഴ് ചന്തമുക്ക് സ്മിത ഭവനിൽ ജി.എസ്.സുധീർ മരിച്ചത് രാത്രിയോടെയാണ് മക്കളായ അരുന്ധതിയെയും അളകനന്ദയെയും അറിയുന്നത്.  

സുധീറിന്  അപകടം സംഭവിക്കുമ്പോൾ വിട്ടിയം കാർമൽ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ അരുന്ധതിയും മൂന്നാം ക്ലാസുകാരിയായ അളകനന്ദയും വീടിനു സമീപത്തെ കേന്ദ്രത്തിൽ കളരിപ്പയറ്റ് പരിശീലിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് സുധീറും ഭാര്യയും ഒരുമിച്ചാണ് വീട്ടിൽ എത്തുന്നത്. ഇന്നലെ ഇരുവരും വരാൻ വൈകിയപ്പോൾ വീട്ടിലുള്ള അപ്പൂപ്പൻ വേണുവിനോട് കുട്ടികൾ കാര്യം തിരക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും മരുമകന് എന്തോ അപകടം പറ്റിയ കാര്യം  വേണുവും നാട്ടുകാർ പറഞ്ഞു അറിഞ്ഞു. പക്ഷേ, അക്കാര്യം കുട്ടികളോട് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതേ അവസ്ഥയിലായിരുന്നു ഡിഎംഒ ഓഫിസിലെ ജീവനക്കാരിയായ ഭാര്യ സ്മിതയും.

panavila-gs- തിരുവനന്തപുരം പനവിള ജംക്ഷനിൽ ടിപ്പറിടിച്ച് മരിച്ച ഇരുചക്ര വാഹന യാത്രികൻ ജി.എസ് സുധീറിന്റെ അപകട സ്ഥലത്തെ സിസിടിവി ദൃശ്യം. (ഇൻസെറ്റിൽ ജി.എസ്.സുധീർ)

ഭർത്താവ് സുധീറിന് എന്തോ അപകടം പറ്റിയെന്നു അറിഞ്ഞു ഓഫിസിൽ നിന്നും സ്മിത നേരെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ രാത്രിയോടെ മക്കളായ അരുന്ധതിയെയും അളകനന്ദയെയും സുധീറിന്റെ പെരുകാവ് തൈവിളയിലെ കുടുംബ വീട്ടിലേക്ക് മാറ്റി. അപ്പോഴേക്കും ഭർത്താവ് മരിച്ചത് വിശ്വസിക്കാനാകാതെ തളർന്ന സ്മിതയും ആശുപത്രിയിൽ നിന്നും അവിടെ എത്തിയിരുന്നു. മൃതദേഹം ഇന്ന് പെരുകാവ് വീട്ടിലാണ് കൊണ്ടു വരുന്നത്.