Thursday 08 February 2024 09:51 AM IST : By സ്വന്തം ലേഖകൻ

പിഎഫിൽ 80,000 രൂപ, 10 വർഷമായി പണത്തിനായി വാതിലുകൾ മുട്ടി; ഒടുവിൽ നിരാശനായി എല്ലാം അവസാനിപ്പിച്ചു

sivaraman

ആധാർ രേഖയിലെ ജനനത്തീയതിപ്പിഴവു ചൂണ്ടിക്കാട്ടി തനിക്കു പ്രോവിഡന്റ് ഫണ്ട് തുക നിഷേധിച്ചെന്നാരോപിച്ച് കൊച്ചിയിലെ ഇപിഎഫ് റീജനൽ ഓഫിസിലെ ശുചിമുറിയിൽ കയറി വിഷം കഴിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ പുറംകരാർ തൊഴിലാളിയായിരുന്ന പേരാമ്പ്ര തേശേരി പണിക്കവളപ്പിൽ ശിവരാമൻ (68) ആണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പിഎഫ് ഓഫിസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശിവരാമൻ ശുചിമുറിയിൽ കയറുകയും അൽപ സമയത്തിനുശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. ശുചിമുറിയിൽനിന്നു വിഷാംശം അടങ്ങിയ കുപ്പി കണ്ടെത്തിയതോടെയാണു വിഷം കഴിച്ചതാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അർബുദരോഗത്തിനു ചികിത്സ തേടിയിരുന്ന ശിവരാമൻ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിയാണു വരുമാനം കണ്ടെത്തിയിരുന്നത്. 

വിരമിക്കൽ ആനുകൂല്യത്തിനായി പിഎഫ് ഓഫിസിൽ അപേക്ഷ സമർപ്പിച്ച ശിവരാമന്റെ ആധാറിലെ ജനനത്തീയതിയും കമ്പനിയിൽ സമർപ്പിച്ച ജനനത്തീയതിയും തമ്മിൽ 3 വർഷത്തെ വ്യത്യാസം കണ്ടതോടെ സ്കൂൾ രേഖ കൊണ്ടുവരാൻ പിഎഫ് അധികൃതർ നിർദേശിച്ചിരുന്നെന്നു മകൻ പറഞ്ഞു. പേരാമ്പ്ര കോടാലി ഗവ.സ്കൂളിൽ പരിശോധിച്ചെങ്കിലും രേഖകൾ ലഭ്യമായില്ല. നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയിരുന്നെന്നും 10 വർഷമായി പലതവണ പിഎഫ് ഓഫിസിൽ കയറിയിറങ്ങിയിട്ടും 80,000 രൂപ വരുന്ന ആനുകൂല്യം ലഭിക്കാത്തതിൽ ശിവരാമൻ നിരാശനായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

എന്നാൽ, പിഎഫ് ആനുകൂല്യത്തിനായി ശിവരാമന്റെ അപേക്ഷ നിലവിലില്ലെന്നു കൊച്ചി റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ധനഞ്ജയ് ഭാഗവത് പറഞ്ഞു. 2019ൽ സമർപ്പിച്ച അപേക്ഷയിൽ പ്രായം സംബന്ധിച്ചു വ്യക്തത വരുത്താൻ മറ്റെന്തെങ്കിലും രേഖ സമർപ്പിക്കാൻ നിർദേശിച്ചെങ്കിലും അതുണ്ടായില്ല. പകരം മറ്റെന്തെങ്കിലും രേഖ ചോദിച്ചെങ്കിലും അതു സമർപ്പിക്കാത്തതിനാൽ അപേക്ഷ നിരസിക്കപ്പെട്ടു. തുക യഥാർഥ അവകാശിക്കാണു ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പിഎഫ് ഓഫിസിനുണ്ട്. ചൊവ്വാഴ്ച ഓഫിസിലെത്തിയ ശിവരാമൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി അറിവില്ലെന്നും ഏതെങ്കിലും ജീവനക്കാരനു വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മിഷണർ പറഞ്ഞു.

പിഎഫ് ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥരാണു സംഭവത്തിന് ഉത്തരവാദികളെന്നു ബന്ധുക്കൾ ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഒരുദ്യോഗസ്ഥന്റെ പേരു പരാമർശിച്ചു ശിവരാമൻ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ ഓമന തൊഴിലുറപ്പു തൊഴിലാളിയാണ്. മക്കൾ: രതീഷ് (അപ്പോളോ ടയേഴ്സ് കരാർ ജീവനക്കാരൻ), പ്രതീഷ്. മരുമക്കൾ: രശ്മി, രമ്യ.

കൂടുതൽ വാർത്തകൾ