Wednesday 28 February 2024 11:59 AM IST : By സ്വന്തം ലേഖകൻ

‘ആയിരത്തോളം ഫോൺവിളികള്‍, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി’; പോക്‌സോ കേസ്, പഞ്ചായത്തംഗം റിമാന്‍ഡില്‍!

pocso-case5677

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലത്ത് പഞ്ചായത്ത് അംഗത്തെ കോടതി റിമാൻഡ് ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് അംഗം ടിഎസ് മണിവര്‍ണനാണ് ജയിലിലായത്. കുണ്ടറ കൊറ്റങ്കര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അംഗം ടിഎസ് മണിവര്‍ണനെയാണ് കോടതി റിമാൻഡ് ചെയ്തത്. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടിയുടെ അമ്മയുടെ പരാതിയില്‍ മണിവർണനെ കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതി ജാമ്യം നൽകിയെങ്കിലും വീണ്ടും കൂടുതൽ തെളിവ് പൊലീസ് കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡിലായി. 

മണിവർണന്റെയും പെൺകുട്ടിയുടെയും മൊബൈല്‍ ഫോണിലെ കോള്‍ റെകോര്‍ഡ് പരിശോധിച്ച പൊലീസ് രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഉൾപ്പെടെ ആയിരത്തോളം ഫോൺ വിളികള്‍ നടത്തിയതായി കണ്ടെത്തി. ഇത് സമൂഹമാധ്യമം വഴി കുട്ടികളെ ശല്യപ്പെടുത്തുന്ന പോക്‌സോ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടും.

തുടര്‍ന്ന് പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കിയാണ് മാർച്ച് പന്ത്രണ്ടു വരെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലിന് വൈകിട്ട് നാലരയ്ക്ക് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായും കണ്ടെത്തിയിരുന്നു.

Tags:
  • Spotlight