Tuesday 02 April 2024 12:16 PM IST

കാലറി ലഭിക്കാത്ത ഭക്ഷണരീതി, ഒപ്പം സസ്യാഹാരം മാത്രമാക്കി കഠിന ഡയറ്റും: പൃഥ്വി നജീബായത് ഇങ്ങനെ: ട്രെയിനർ പറയുന്നു

Delna Sathyaretna

Sub Editor

prithvi-ajith

ഒരു സിനിമയിൽ ഉന്തിയ വയറുമായി അഭിനയിക്കുന്ന താരം മൂന്നുമാസം കഴിഞ്ഞു മറ്റൊന്നിൽ വരുന്നതു മെലിഞ്ഞ് സിക്സ് പാക്കുമായി. ഇതൊക്കെ ‘എങ്ങനെ സാധിക്കുന്നു’ എന്ന അമ്പരപ്പാണു പ്രേക്ഷകരിൽ പലർക്കും.

ഫോട്ടോ എടുക്കുമ്പോൾ ശ്വാസം പിടിച്ചു വയർ ഉള്ളിലേക്കു വലിച്ചൊതുക്കി നിൽക്കുമ്പോൾ മനസ്സിലൊരു ചിന്ത പായാം. ഈ താരങ്ങൾക്കൊക്കെ ഫിറ്റ്നസ് ട്രെയ്നറും ഡയറ്റീഷനും ഉണ്ടല്ലോ. നമ്മളെപ്പോലെ ഉള്ളവർക്ക് അതു വല്ലതും നടക്കുമോ? ഇങ്ങനെ ചിന്തിച്ചു പലരും ഫിറ്റ്നസ് മോഹം അവിടെ കളയും. സത്യത്തിൽ താരങ്ങളേക്കാൾ ഫിറ്റ്നസും ശരീരസൗന്ദര്യവും സംരക്ഷിക്കാൻ എളുപ്പം ന മ്മൾക്കാണ്.

ചിലപ്പോൾ രാത്രി മുഴുവൻ നീളുന്ന ഷൂട്ടിങ്. പിന്നെ, കഥ കേൾക്കൽ, പൊതുപരിപാടികൾ. അതിനൊക്കെ ഇടയിൽ വ്യായാമവും ദിനചര്യയും കൃത്യമായി പാലിക്കുന്നതാണു താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം. പ്രമുഖതാരങ്ങളുടെ ഫിറ്റ്നസ് ട്രെയ്നർമാർ പറഞ്ഞുതരുന്ന ഫിറ്റ്നസ് ടിപ്സ് അറിയാം.

കൊഴുപ്പ് കുറയ്ക്കാം, പ്രോട്ടീൻ കൂട്ടാം– അജിത് ബാബു–സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ

പൃഥ്വിരാജിനൊപ്പം ഏഴു വർഷമായി അജിത് ബാബു എന്ന ഫിറ്റ്നസ് ട്രെയ്നറുണ്ട്. ഐശ്വര്യ ലക്ഷ്മി, നിഖില വിമൽ, മാത്യു, നസ്‍ലിൻ അങ്ങനെ അജിത്തിന്റെ ശിഷ്യന്മാരിൽ താരനിര തന്നെയുണ്ട്. ‘ആടുജീവിത’ത്തിലെ പൃഥിരാജിന്റെ മേക്കോവറിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒറ്റവാചകത്തിൽ വന്നു മറുപടി; ‘ഇതുവരെയുള്ള ഫിറ്റ്നസ് ട്രെയിനിങ് യാത്രയിലെ സന്തോഷമേകിയ വെല്ലുവിളി’.

ആടുജീവിതത്തിലെ പൃഥ്വിരാജ്

‘‘അയ്യപ്പനും കോശിയും അഭിനയിക്കുന്ന സമയത്തു ത ന്നെ പൃഥ്വിരാജ് ഭക്ഷണ നിയന്ത്രണങ്ങളും വർക്കൗട്ടും തുടങ്ങിയിരുന്നു. ബാലൻസ്ഡ് ഡയറ്റിൽ തുടങ്ങി സാവകാശം ആവശ്യത്തിനുള്ള കാലറി ലഭിക്കാത്ത (കാലറി ഡെഫിസിറ്റ്) ഭക്ഷണരീതിയിലേക്കു മാറി.

ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നയാളാണു പൃഥ്വി. നോൺ വെജിറ്റേറിയൻ ഇഷ്ടമാണ്. അതിൽ നിന്നു മാറി സസ്യാഹാരം മാത്രമാക്കിയപ്പോൾ ആദ്യം അൽപം ബുദ്ധിമുട്ടു തോന്നിയിരുന്നു. പക്ഷേ, വളരെ വേഗം അതുമായി പൊരുത്തപ്പെട്ടു. അതിനുശേഷം വീഗൻ ഡയറ്റിലേക്കു മാറി. സിനിമയ്ക്കു വേണ്ടി അല്ലെങ്കിൽ പോലും ഫിറ്റ്നസി ൽ ശ്രദ്ധയുള്ളയാളാണ് അദ്ദേഹം.

ajith-babu

‘ആടുജീവിത’ത്തിലെ കഥാപാത്രത്തിലേക്കു രൂപം എ ത്തിക്കുക മാത്രമല്ല ലക്ഷ്യം. അങ്ങോട്ടു പോയതു പോലെ തന്നെ തിരിച്ചുവരികയും വേണം. അതിനുള്ള പ്ലാനിങ് തുടക്കത്തിലെ നടത്തിയിരുന്നു.

ലോക്‌ഡൗൺ സമയത്ത് അട്ടപ്പാടിയിലെ റിസോർട്ടിൽ ജിം സെറ്റ് ചെയ്തു. 200 കിലോമീറ്റർ അകലെ നിന്നാണ് ഉ പകരണങ്ങൾ എത്തിച്ചത്. സാഹചര്യത്തിന് അനുസരിച്ചു പെരുമാറാനുള്ള കഴിവു പൃഥിസാറിനുണ്ട്. വലിയ ഡിമാൻഡുകളൊന്നും അദ്ദേഹം പറയാറില്ല. നിർദേശങ്ങളനുസരിച്ചു കട്ടയ്ക്കു കൂടെ നിന്നു. അങ്ങനെ അട്ടപ്പാടിയിലെ മിനിജിമ്മിൽ നിന്നു ‘ആടുജീവിത’ത്തിലേക്കുള്ള മേക്കോവർ യാത്ര തുടങ്ങി. മസിൽ നിലനിർത്തി ശരീരഭാരം കുറയ്ക്കുന്ന രീതിയാണു പിന്തുടർന്നത്.

ദീർഘദൂര ഓട്ടം, കോംപൗണ്ട് ലിഫ്റ്റ്, എയ്റോബിക് വ്യായാമങ്ങൾ എന്നു തുടങ്ങി അൽപം കഠിനമായ വ്യായാമക്രമമായിരുന്നു അത്.

മസിൽ എൻജിനീയറിങ്

‘‘മെക്കാനിക്കൽ എൻജിനീയറിങ് 2012ൽ പഠിച്ചിറങ്ങി, മെയ്ന്റനൻസ് എൻജിനീയർ ട്രെയ്നിയായി കരിയർ ആരംഭിച്ചു. കുട്ടിക്കാലം മുതലേ കൊച്ചിയാണു തട്ടകം. ഫിറ്റ്നസ് നിലനിർത്താനുള്ള ഇഷ്ടം കോളജ് കാലം മുതലേയുണ്ട്. ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ജിമ്മിൽ സമയം ചെലവഴിക്കുന്ന ശീലം കൈവിട്ടുപോകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഫിറ്റ്നസ് ട്രെയിനറായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ജോലിയേക്കാൾ സംതൃപ്തി തരുന്നത് ഫിറ്റ്നസ് ട്രെയിനിങ് ആണെന്നു മനസ്സിലായി. മൂന്നുവ ർഷമായപ്പോൾ ജോലി രാജിവച്ചു. മുഴുവൻ സമയ ഫിറ്റ്നസ് ട്രെയിനറായി.

പിന്നീടാണു പൃഥ്വിസാറിനൊപ്പം കൂടിയത്. താരങ്ങളുടെ പേഴ്സനൽ ട്രെയ്നറാകുമ്പോൾ ആദ്യം മനസ്സു പാ കപ്പെടുത്തുന്നത് അധികം തുറന്നു സംസാരിക്കാതിരിക്കാനാണ്. അതു പ്രോട്ടോക്കോളിന്റെയും വിശ്വസ്തതയുടെയും ഭാഗമാണ്.

ജിമ്മിൽ പോകാതെയും ഫിറ്റ്നസ്

ജിമ്മിൽ പോകാത്തവരാണെങ്കിൽ പോലും ജീവിതചര്യകളിലും ഭക്ഷണത്തിലും നിയന്ത്രണവും ചിട്ടയും വേണം. ഭ ക്ഷണത്തിൽ കൊഴുപ്പു കുറച്ചു പ്രോട്ടീൻ കൂടുതലാക്കാൻ ആദ്യമേ നോക്കാം. പഞ്ചസാരയുടെ ഉപയോഗം പൂർണമായി ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ചായയ്ക്കൊപ്പം കഴിക്കുന്ന സ്നാക്സ് ഒഴിവാക്കാം. ഇടയ്ക്ക് കഴിക്കുന്ന മധുരം വേണ്ടെന്നു വയ്ക്കാം.

രാവിലെ മനസ്സിനും ശരീരത്തിനും ഉണർവു കൊടുക്കാ ൻ പാകത്തിന് എന്തെങ്കിലും വ്യായാമമോ ആക്ടിവിടിയോ ശീലമാക്കണം. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂ ർണമായും വേണ്ട. മദ്യപാനം ഒഴിവാക്കുകയോ വല്ലപ്പോഴുമായി ചുരുക്കുകയോ വേണം. നിയന്ത്രണം, ചിട്ട, സ്ഥിരത ഇതു മൂന്നുമുണ്ടെങ്കിൽ ഫിറ്റ്നസ് കൈവിട്ടു പോകില്ല.’’