Thursday 22 November 2018 05:26 PM IST : By സ്വന്തം ലേഖകൻ

മാനസികപ്രശ്നങ്ങളിൽ മനശ്ശാസ്ത്രജ്ഞരുടെ സേവനം തേടുന്നവർക്ക് പുതിയ വെബ്സൈറ്റ്!

web-psy

മാനസിക പ്രശ്നങ്ങളിൽ മനശ്ശാസ്ത്രജ്ഞരുടെ സേവനം തേടുന്നവർ ധാരാളമാണ്. എന്നാൽ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ എറ്റവും അടുത്തു കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്–കേരള ഘടകം പുതിയ വെബ്സൈറ്റിനു രൂപം നൽകി.

കേരളത്തിൽ മാത്രമല്ല, പുറത്തും യുഎഇ, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ വിവരങ്ങളാണ് വെബ്സൈറ്റിൽ ലഭ്യമാകുന്നത്. www.clinicalpsychologistkerala.com എന്ന ഈ വെബ്സൈറ്റിലൂെടയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. കഴിഞ്ഞദിവസം ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് കേരള ഘടകം, അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊച്ചി അമൃത മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ ബിനോയി വിശ്വം എം.പി വെബ്സൈറ്റ് പ്രകാശനം ചെയ്തു.

psy-web2

പേരുകളുടെ അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ തിരഞ്ഞാൽ ആ ജില്ലയിലെ ക്വാളിഫൈഡ് സൈക്കോളജിസ്റ്റുകളുടെ ചിത്രവും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാകും. ഇതിനു പുറമേ കുട്ടികളുടെ മാനസികാരോഗ്യം, മുതിർന്നവരുടെ മാനസികാരോഗ്യം, സൈക്കോതെറാപ്പി, സൈക്കോളജിക്കൽ ടെസ്റ്റുകൾ എന്നീ നാലു വിഭാഗങ്ങളിലായി മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷങ്ങളുടെ ആധികാരിക വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുമെന്ന് വെബസൈറ്റ് രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷറിക ശാം (െഎ.എൻ.എച്ച്.എസ് സഞ്ജീവിനി, െകാച്ചി) പറഞ്ഞു.

ഒരാൾക്ക് എപ്പോഴാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം വേണ്ടിവരുന്നത്? സഹായം എങ്ങനെ കിട്ടും തുടങ്ങിയ സംശയങ്ങൾക്കുള്ള മറുപടിയടക്കം മാനസികമായ ബുദ്ധിമുട്ടുകൾ വരുന്നൊരാൾക്ക് വഴികാട്ടിയാവാൻ സാധിക്കുന്ന നിരവധി വിവരങ്ങൾ ഈ വെബ്സൈറ്റിലുണ്ട്. ഇത്തരം വിവരങ്ങൾക്കു പുറമേ മനശ്ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്ത ‘വടക്കുനോക്കി യന്ത്രം’ മുതൽ ‘മിലി’ വരെയുള്ള മലയാള സിനിമകളെക്കുറിച്ചുള്ള വിശകലനവും കൗതുകകരമാം വിധം തന്നെ ഈ സൈറ്റിൽ വായിക്കാം. പ്രകാശനചടങ്ങിൽ ഐഎസിപി–കെആർ സംസ്ഥാനപ്രസി‍ഡന്റ്  ഡോ. സാനി വർഗീസ് അധ്യക്ഷത വഹിച്ചു.