Saturday 30 December 2023 10:50 AM IST : By സ്വന്തം ലേഖകൻ

'ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും, ഈശ്വരന്‍ നിങ്ങളെ രക്ഷിക്കും'; 2000 രൂപയെടുത്ത് പഴ്സ് മടക്കി നല്‍കി കള്ളന്‍, കുറിപ്പ് വൈറല്‍

thief-letter-30.jpg.image.845.440

ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ നഷ്ടപ്പെട്ട പഴ്സ് ഉടമയ്ക്ക് തിരികെ കിട്ടി. മാവൂര്‍ സ്വദേശിയായ അതുല്‍ദേവിനാണ്, കള്ളന്റെ വിശാലമനസ്കത കാരണം പണമൊഴികെ പഴ്സ് തിരികെ കിട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ അതുലിന്റെ പഴ്സ് കളഞ്ഞു പോയി. രണ്ടായിരം രൂപയ്ക്ക് പുറമെ എടിഎം കാര്‍ഡടക്കമുള്ള രേഖകള്‍ അതിലുണ്ടായിരുന്നു. 

വന്ന വഴിയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ പഴ്സ് നഷ്ടപ്പെട്ടെന്നും കണ്ടുകിട്ടുന്നവര്‍ തിരികെ നല്‍കണമെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് നഷ്ടപ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്നും നാട്ടുകാരിലൊരാള്‍ക്ക് പഴ്സ് ലഭിച്ചത്. പഴ്സില്‍ കള്ളന്‍ വച്ച കുറിപ്പാണ് രസകരം. 

'ഇന്നത്തെ നഷ്ടം.. നാളത്തെ ലാഭം. ഇത് ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും. അതെന്റ വാക്ക്... ചതിക്കില്ല.. ഉറപ്പ്.. ഈശ്വരന്‍ നിങ്ങളെ രക്ഷിക്കും'. പണമൊഴികെ മറ്റെല്ലാം തിരികെ കിട്ടിയ സ്ഥിതിക്ക് ആര്‍ക്കാണ് പഴ്സ് കളഞ്ഞുകിട്ടിയതെന്നോ ആരാണ് പണമെടുത്തതെന്നോ ഒന്നും അതുല്‍ അന്വേഷിക്കാന്‍ പോയില്ല. കടം എന്നെങ്കിലും വീട്ടുമെന്ന അജ്ഞാതന്റെ വാക്കില്‍ വിശ്വാസവുമില്ല. അജ്ഞാതനെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് തന്നെയാണ് അതുലും പറയുന്നത്. 

Tags:
  • Spotlight