Friday 12 April 2024 09:47 AM IST : By സ്വന്തം ലേഖകൻ

നാലു ദിവസമെങ്കിലും ചീര കേടാകാതെ സൂക്ഷിക്കാം, കച്ചവടം സൂപ്പര്‍ഹിറ്റ്; അച്ഛനെ സഹായിക്കാൻ കൃഷിയിലേക്ക് ഇറങ്ങി പത്താം ക്ലാസുകാരൻ

kollam-jiffin

അച്ഛനെ സഹായിക്കാൻ കൃഷിയിലേക്ക് ഇറങ്ങി, "ചീര"യെ യുഎസിലെത്തിച്ചു പത്താം ക്ലാസുകാരൻ. തലവൂർ പഴഞ്ഞിക്കടവ് പുത്തൻവിള വീട്ടിൽ ജിഫിൻ ഇപ്പോൾ നാട്ടിലെ താരമാണ്. വിദേശത്തായിരുന്ന അച്ഛൻ രാജുവിന്റെ നടുവിനു ബലക്ഷയം നേരിടുകയും ശസ്ത്രക്രിയ നടത്തിയതോടെ നടക്കാൻ പോലുമാകാതെ ദുരിതത്തിലാകുകയും ചെയ്തതോടെയാണു ജിഫിൻ അച്ഛനെ സഹായിക്കാൻ കൂടെ കൂടിയത്. ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ രാജു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി. പയർ, പാവൽ, ചീര, കുക്കുമ്പർ തുടങ്ങി എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്തു.

പുലർച്ചെ 5നു കൃഷിയിടത്തിലേക്കിറങ്ങുന്ന രാജുവിന്റെ കൂടെ ജിഫിനും കൂട്ടായി ഇറങ്ങിത്തുടങ്ങി. വിളകൾ വിൽക്കുന്നതിൽ പ്രയാസം നേരിട്ടതോടെ കൃഷിയും ഇവരുടെ ജീവിതത്തിനു തടസ്സമാകുമെന്ന അവസ്ഥയിലേക്കെത്തി. ഇതോടെയാണ് ജിഫിന്റെ കുഞ്ഞുബുദ്ധിയിലുദിച്ചൊരു ആശയം നടപ്പാക്കാൻ തീരുമാനിച്ചത്. രാവിലെ 6 മുതൽ കൃഷിയിടത്തിനു സമീപത്തെ റോഡ് വശത്ത് അപ്പോൾ വിളവെടുക്കുന്ന പച്ചക്കറികളുമായി ജിഫിൻ ഇരിക്കാൻ തുടങ്ങി. ആദ്യ കാലത്ത് വലിയ രീതിയിൽ കച്ചവടം നടന്നില്ലെങ്കിലും പിന്മാറാൻ ഇവർ തയാറല്ലായിരുന്നു.

പിന്നീട് വഴിയാത്രക്കാർ ജിഫിന്റെ കൈയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ജൈവ വളം മാത്രം ഉപയോഗിച്ചു കൃഷി ചെയ്യുന്ന തോട്ടം നേരിൽകണ്ട് സാധനങ്ങൾ വാങ്ങാമെന്ന സൗകര്യം കൂടി ഒരുക്കിയതോടെ വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തിത്തുടങ്ങി. ഇപ്പോൾ, വിദേശരാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞു പോകുന്ന ഈ ഭാഗത്തെ പ്രവാസികളുടെ ബാഗിലെ പച്ചക്കറികളിൽ ജിഫിന്റെ കൃഷിയിടത്തിലെ ചീരയും ഉണ്ടാകും എന്നതാണു സ്ഥിതി. 4 ദിവസമെങ്കിലും കേടാകാതെ ചീര സൂക്ഷിക്കാൻ കഴിയുമെന്നാണു ജിഫിൻ പറയുന്നത്. പത്താം ക്ലാസ് പരീക്ഷയെഴുതി നിൽക്കുന്ന ജിഫിനു തുടർന്നു പഠിക്കണമെങ്കിലും കൃഷി കൂടെ കൂട്ടിയേ മതിയാകൂ.

Tags:
  • Spotlight
  • Motivational Story