Wednesday 17 April 2024 12:47 PM IST : By ഡോ. സുനിൽ മൂത്തേടത്ത്

അമ്നിയോട്ടിക് സഞ്ചി പൊട്ടാതെ പ്രസവം; അപൂർവമായ എൻ കോൾ ബെർതിനെക്കുറിച്ചറിയാം

pregnancy-new-trends

ലോകത്ത് എൺപതിനായിരത്തിൽ ഒന്നു മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് എൻ കോൾ ബർത്ത് (en caul birth). ഗർഭസ്ഥ ശിശുവിനെ പൊതിഞ്ഞിരിക്കുന്ന അമ്നിയോട്ടിക് സഞ്ചി പൊട്ടാതെ തന്നെ പ്രസവം നടക്കുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

സാധാരണ പ്രസവം നടക്കുമ്പോൾ അമ്നിയോട്ടിക് സഞ്ചി പൊട്ടി അമ്നിയോട്ടിക് ദ്രാവകം പുറത്തു പോകാറാണ് പതിവ്. ഇങ്ങനെ പൊട്ടിയാൽ മാത്രമേ ശിശുവിനു പിന്നീട് ഓക്സിജൻ ലഭിക്കൂ, എന്നാൽ എൻ കോൾ ബർത്ത് എന്ന ഈ പ്രതിഭാസത്തിൽ നവജാതശിശു ഒരു പ്ലാസ്റ്റിക് ബലൂണിൽ പൊതിഞ്ഞതു പോലെയായിരിക്കും ജനിക്കുക.

സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ഉടനടി സഞ്ചി പൊട്ടിച്ച് ശിശുവിനെ സ്വതന്ത്രമാക്കിയില്ലെങ്കിൽ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ട് സംഭവിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഇതിന്റെ പ്രശ്നം. എന്നാൽ അടുത്തയിടെ ബ്രസീലിൽ നടന്ന ഇത്തരം പ്രസവം വാർത്തയായത് ബർത് ഫോട്ടോഗ്രാഫറായ ലുജ്മിലാ ഗസ്മാൻ അത് കൃത്യസമയത്ത് ക്യാമറയിൽ പകർത്തിയപ്പോഴാണ്.

പ്രസവം നടന്ന് സെക്കന്റുകൾക്കുള്ളിൽ അമ്നിയോട്ടിക്ക് സഞ്ചി പൊട്ടിച്ചു കളഞ്ഞ് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇത്തരമൊരു അപൂർവ ചിത്രം ലഭിക്കുക എന്നത് ഫോട്ടോഗ്രാഫിയിലെ വെല്ലുവിളിയാണെന്ന് അവർ അവകാശപ്പെടുന്നു. ഏതായാലും മൂന്നര കിലോയോളം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

തയാറാക്കിയത്

ഡോ. സുനിൽ മൂത്തേടത്ത്

Tags:
  • Daily Life
  • Manorama Arogyam