Tuesday 26 December 2023 12:17 PM IST : By സ്വന്തം ലേഖകൻ

‘ശ്രദ്ധിച്ചില്ലെങ്കിൽ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം’; എന്താണ് ചെങ്കണ്ണ്? അറിയേണ്ടതെല്ലാം

redggg757hhh

മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും കഠിനമായി തുടരുന്ന ചൂട് ചെങ്കണ്ണ് വ്യാപനം വർധിപ്പിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥ ചെങ്കണ്ണ് പടരുന്നതിന് സഹായകമായി. ഒരാൾക്ക് ചെങ്കണ്ണ് ബാധിച്ചാൽ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരിലേക്കും പടരും. പ്രായഭേദമെന്യേ ആർക്കും ഈ രോഗം വരാം. സാധാരണ ഗതിയിൽ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണ്. രോഗം സങ്കീർണമായാൽ കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഭേദമാകാൻ.

എന്താണ് ചെങ്കണ്ണ്?

ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥയാണ് ചെങ്കണ്ണ്. ശ്രദ്ധിച്ചില്ലെങ്കിൽ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം. അതിനാൽ തുടക്കത്തിൽത്തന്നെ ചികിത്സ തേടുന്നത് ഉത്തമം. പകർച്ചവ്യാധിയായാണ് ചെങ്കണ്ണ് അറിയപ്പെടുന്നതെങ്കിലും സൂക്ഷിച്ചാൽ ഇതിന്റെ വ്യാപനം തടയാനാകും. മറ്റു പല നേത്രരോഗങ്ങൾക്കും ചെങ്കണ്ണിനും ഒരേ ലക്ഷണങ്ങളായതിനാൽ ആവശ്യമായ ചികിത്സ സ്വീകരിക്കണം.

ലക്ഷണങ്ങൾ

കണ്ണിന് കടുത്ത ചുവപ്പ് നിറവും വേദനയും, രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ട്, പീളകെട്ടി മൂടിയ അവസ്ഥ, കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ, കൺപോളകൾക്കുള്ളിൽ തരിപ്പ്, കണ്ണിൽ പൊടിമണ്ണ് വീണതുപോലുള്ള അവസ്ഥ, കണ്ണിൽ നിന്ന് വെള്ളം വരിക.

രോഗികൾ ശ്രദ്ധിക്കേണ്ടത്

രോഗി ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകൾക്കും വിശ്രമം നൽകുക, ചൂടുവെള്ളത്തിൽ പഞ്ഞി മുക്കി കൺപോളകൾ വൃത്തിയാക്കുക, ടിവിയുടെയും കംപ്യൂട്ടറിന്റെയും ഉപയോഗം ഒഴിവാക്കുക. ചെങ്കണ്ണ് ബാധിച്ചവർ പ്ലെയിൻ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുന്നത് നല്ലതാണ്.

വ്യാപനസാധ്യത സ്കൂളുകളിൽ 

കുട്ടികൾക്ക് ചെങ്കണ്ണ് രോഗബാധ കണ്ടാൽ സ്കൂളിൽ അയയ്ക്കരുത്. മറ്റു കുട്ടികളിലേക്ക് അതിവേഗം പടരാനും അതുവഴി വീടുകളിലേക്കു രോഗമെത്താനും സാധ്യതയേറെയാണ്.

രോഗം വരാതെ സൂക്ഷിക്കാം

ചെങ്കണ്ണ് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകൾ ശുദ്ധജലത്തിൽ നന്നായി കഴുകുക. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെ രോഗാണു പടരാൻ സാധ്യതയേറെയാണ്. രോഗിയുടെ തൂവാല, തോർത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ട് കണ്ണു തിരുമ്മാതിരിക്കുക. 

Tags:
  • Health Tips
  • Glam Up