Monday 22 April 2024 10:44 AM IST : By സ്വന്തം ലേഖകൻ

‘രാത്രി സജിനയുടെ വീടിനു സമീപം രഞ്ജിത് ഒളിച്ചിരുന്നു; പുറത്തേക്കിറങ്ങിയപ്പോൾ ആക്രമണം’; വിവാഹാഭ്യർഥന നിരസിച്ചത് പ്രകോപനമായി

renjith7788

വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവതിയുടെ വീട്ടിലെത്തി യുവാവ് അഞ്ചുപേരെ വെട്ടിപ്പരുക്കേൽപിച്ചു. മാന്നാർ ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമല (55), മകൻ സുജിത് (33), മകൾ സജിന (24), റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആക്രമിച്ച സമീപവാസി കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത് രാജേന്ദ്രനെ (വാസു –32) പൊലീസ് പിടികൂടി. വെള്ളി രാത്രി 10നാണു സംഭവം.

കുവൈത്തിൽ നഴ്സായ സജിനയോടു രഞ്ജിത് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ സജിന ഇതു നിരസിച്ചു. പ്രകോപിതനായ രഞ്ജിത് സജിന നാട്ടിലെത്തിയ ദിവസം തന്നെ വെട്ടുകത്തിയും ഇലക്ട്രിക് കേബിൾ മുറിക്കാൻ ഉപയോഗിക്കുന്ന ചെറിയ കത്തിയുമായി സജിനയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. സജിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റുള്ളവരെയും രഞ്ജിത്ത് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ബാക്കി മൂന്നുപേർ ആശുപത്രി വിട്ടു.

പൊലീസ് പറയുന്നത്: 

സജിന നാട്ടിലെത്തിയ വിവരം അറിഞ്ഞ രഞ്ജിത് രാത്രി സജിനയുടെ വീടിനു സമീപം ഒളിച്ചിരുന്നു. രാത്രി 10നു സജിന വീടിനു പുറത്തേക്കിറങ്ങിയപ്പോൾ രഞ്ജിത്ത് ആക്രമിക്കുകയായിരുന്നു. സജിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ സുജിത്തിനെയും അമ്മ നിർമലയെയും വെട്ടിപ്പരുക്കേൽപിച്ചു. രക്ഷിക്കാനെത്തിയ റാഷുദ്ദീനെയും ബിനുവിനെയും രഞ്ജിത്ത് അരയിൽ കരുതിയിരുന്ന ചെറിയ കത്തി എടുത്ത് വെട്ടി. റാഷുദ്ദീനു കഴുത്തിൽ ആഴത്തിൽ പരുക്കേറ്റു. ബിനുവിന്റെ കഴുത്തിൽ ചെവിക്കു താഴെ മുതൽ താടി വരെ നീളത്തിലും മുറിഞ്ഞു. ബിനുവിനു 13 തുന്നലുകളുണ്ട്.

സജിനയുടെ ഭർത്താവിന്റെ മരണശേഷമാണു രഞ്ജിത്ത് വിവാഹാഭ്യർഥന നടത്തിയത്. രഞ്ജിത്തിന്റെ സ്വഭാവദൂഷ്യം കാരണം സജിന വിവാഹാഭ്യർഥന നിരസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണു രഞ്ജിത്തിനെ തടഞ്ഞുവച്ചു പൊലീസിൽ ഏൽപിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ള, എസ്ഐ സിദ്ദിഖ്, ഗ്രേഡ് എസ്ഐ വിജയകുമാർ എന്നിവരടങ്ങുന്ന സംഘമാണു രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Tags:
  • Spotlight