Thursday 04 April 2024 11:00 AM IST : By സ്വന്തം ലേഖകൻ

ഭാര്യയും കുട്ടികളും ഓടി രക്ഷപ്പെട്ടു; വെട്ടുകത്തിയുമായി പിറകെയെത്തി ഭാര്യാമാതാവിനെ തുരുതുരാ വെട്ടി, നിലത്തിട്ടു ചവിട്ടി! യുവാവ് കസ്റ്റഡിയില്‍

salmath-ssssa

മകളുടെ ഭർത്താവ് സമീറിനെതിരെ കുടുംബം ഒട്ടേറെ തവണ പൊലീസിൽ ഉൾപ്പെടെ നൽകിയ പരാതികളിൽ കേസെടുത്തതല്ലാതെ കാര്യമായ നടപടികളുണ്ടായില്ല. ഒടുവിൽ നടുവത്ത് ചേന്ദംകുളങ്ങര വരിച്ചാലിൽ സൽമത്തിനു നൽകേണ്ടിവന്നത് ജീവൻ. സൽമത്തിന്റെ ഏക മകൾ സജ്നയെയാണു കൊണ്ടോട്ടി സ്വദേശിയായ സമീർ വിവാഹം കഴിച്ചത്. കൊണ്ടോട്ടിയിൽ പാറമട തൊഴിലാളിയായിരുന്നു സമീർ. സമീറിനും സജ്നയ്ക്കും ഇരട്ടക്കുട്ടികൾ ഉൾപ്പെടെ 4 മക്കളുണ്ട്. തെങ്ങുകയറാനും മറ്റും പോയിരുന്ന സമീർ ഭാര്യയുടെ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. മിക്കപ്പോഴും മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും മർദിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തടയാൻ ശ്രമിക്കുമ്പോൾ ഭാര്യാമാതാവിനെയും മർദിക്കും. പിഞ്ചുകുട്ടികളെ ഉൾപ്പെടെ രാത്രി വീട്ടിൽ നിന്നിറക്കിവിടുകയും ചെയ്യും.

സമീറിന്റെ ശല്യം സഹിക്കാതെ സൽമത്തും സജ്നയും പൊലീസിൽ പലതവണ പരാതി നൽകിയിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും വിവരങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു. മദ്യത്തിനും ലഹരിമരുന്നിനും അടിമായെണെന്നും ധരിപ്പിച്ചു. ആദ്യമൊക്കെ പൊലീസ് സമീറിനെ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. പിന്നീടു സാമൂഹികവിരുദ്ധരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി കേസെടുക്കുകയും ചെയ്തു. ക്രിമിനൽ സ്വഭാവമുണ്ടെന്നു സൂചന ലഭിച്ചിട്ടും കൂടുതൽ നടപടികൾ എടുത്തില്ലെന്നു പരാതിയുണ്ട്. ഇടക്കാലത്തു കുടുംബം ബന്ധുവീട്ടിലേക്കു മാറിയിരുന്നു. പിന്നീട് സമീർ വിളിച്ചുകൊണ്ടുവരുകയായിരുന്നു.

കുട്ടികളെ ഉൾപ്പെടെ മർദിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും കാ‍ര്യമായ അന്വേഷണം നടന്നില്ല. വഴക്ക് തടയാൻ എത്തുന്ന നാട്ടുകാരോടും സമീർ മോശമായാണു പെരുമാറിയിരുന്നത്. അതുകൊണ്ട് വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇന്നലെയും ഏറെനേരം വീട്ടിൽ വഴക്കുണ്ടായതായി പറയുന്നുണ്ട്. പതിവുപോലെയുള്ള അടിപിടിയാകുമെന്നു കരുതി ആരും ഗൗരവത്തിലെടുത്തില്ല. കൂട്ടനിലവിളി ഉയർന്നപ്പോഴാണ് സമീപവാസികൾ ഓടിയെത്തിയത്. ചോരയിൽ മുങ്ങിക്കിടക്കുന്ന സൽമത്തിനെയാണ് നാട്ടുകാർ കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സമീർ ആദ്യം വെട്ടാൻ ശ്രമിച്ചത് ഭാര്യയെയും കുട്ടികളെയും

ഇന്നലെ രാവിലെ പതിവുപോലെ വീട്ടിൽനിന്നു പണിക്കുപോയ സമീർ വൈകിട്ട് വീട്ടിലെത്തിയ ഉടൻ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് തന്നെയും കുട്ടികളെയും വെട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് സജ്ന പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. കുട്ടികളുമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെട്ടുകത്തിയുമായി പിന്നാലെ വന്ന സമീർ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന സൽമത്തിനെ പിന്നിൽനിന്നു വെട്ടിയെന്നും നിലത്തുവീണപ്പോൾ തുരുതുരാ വെട്ടിയെന്നും നിലത്തിട്ടു ചവിട്ടിയെന്നും സജ്ന പറയുന്നു. 

സൽമത്തിന്റെ കൈ പിടിച്ചുനോക്കി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം കടന്നുകളയാൻ ശ്രമിക്കുമ്പോൾ നാട്ടുകാരെത്തി സമീറിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്നു പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു.

Tags:
  • Spotlight