Thursday 11 April 2024 10:37 AM IST : By സ്വന്തം ലേഖകൻ

‘കൂനിക്കൂടി നടന്ന് അവരും ഭിക്ഷയെടുക്കുന്നു’: തെരുവ് വീടായെങ്കിലും മക്കളുടെ വിദ്യാഭ്യാസം മുടക്കിയില്ല! വിധിയോടു പൊരുതി സന്ധ്യ

kannur-family-on-street

വഴിവിളക്കുകളുടെ വെട്ടത്തിൽ നിന്ന് അൽപം മാറി, തെരുവോരത്തെ ഒരു കടയ്ക്കു മുന്നിലായിരുന്നു എസ്. സന്ധ്യ കിടന്നിരുന്നത്. കീറിപ്പറിഞ്ഞ ചുവന്ന സ്കൂൾ ബാഗിനെ ചുറ്റിപ്പറ്റി പത്തുവയസ്സുള്ള മകളും ഒൻപതു വയസ്സുള്ള മകനുമിരുന്നു. ഒപ്പം അമ്മ നാഗമ്മാളും. മനസ്സിനൊപ്പം ശരീരം ചലിക്കാതെ വന്നതോടെ തെരുവിലേക്ക് എറിയപ്പെട്ടവരാണ് ഇവരെല്ലാം. 

കോയമ്പത്തൂർ സ്വദേശി 32കാരിയായ സന്ധ്യ പത്താം ക്ലാസ് 930 മാർക്കോടെ പാസായതാണ്. 2012ൽ ടീച്ചേഴ്സ് ട്രെയ്നിങ്ങും പൂർത്തിയാക്കി. 20–ാം വയസ്സിൽ വിവാഹം. പ്രണയ വിവാഹമായിരുന്നു. അമ്മ നാഗമ്മാളിനുള്ളതുപോലെയുള്ള അതേ ശാരീരിക ബുദ്ധിമുട്ടുകൾ സന്ധ്യയ്ക്ക് അപ്പോഴുമുണ്ടായിരുന്നു. പക്ഷേ, കാലുകളുടെ ചലനശേഷി അന്നു പൂർണമായും നഷ്ടപ്പെട്ടിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെ രണ്ടു കുട്ടികളുടെ അമ്മയായി. ശാരീരിക ബുദ്ധിമുട്ടുകളൊഴിച്ചു നിർത്തിയാൽ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോയി. 

പക്ഷേ, ജീവിതഗതി മാറാൻ അധികം കാലമെടുത്തില്ല. രണ്ടു കുട്ടികൾക്കും സന്ധ്യയുടെ ശാരീരിക അവസ്ഥയുണ്ടെന്നും കാലുകളുടെയും കൈകളുടെയും ചലനശേഷി പതിയെ ഇല്ലാതാകുമെന്നും ഡോക്ടർമാർ വിധിയെഴുതി. അതോടെ, ഭർത്താവ് ഉപേക്ഷിച്ചു. ജീവിതം വഴിമുട്ടി. മക്കൾക്കു രോഗം വരുന്നതുവരെ ഇതു പാരമ്പര്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ല. നാഗമ്മാളിനൊപ്പം ഇപ്പോൾ നാഗമ്മാളിന്റെ അമ്മയും കണ്ണൂരിലുണ്ട്. കൂനിക്കൂടി നടന്ന് അവരും ഭിക്ഷയെടുക്കുന്നു.

‘ദായനൂരിലാണു വീട്. അവിടെ പ്രത്യേകിച്ചു ജോലിയൊന്നും കിട്ടാനില്ല. ജോലി കിട്ടണമെങ്കിൽ ടൗണിലേക്കു വരണം. യാത്രാക്കൂലി പോലും താങ്ങാനാകാത്ത അവസ്ഥയിൽ അതിനെക്കുറിച്ചൊന്നും ചിന്തിക്കാനാകില്ല. അങ്ങനെയാണ് അമ്മ ഇവിടെ കണ്ണൂരിലേക്കു ഭിക്ഷാടനത്തിന് എത്തിയത്.’- സന്ധ്യ പറഞ്ഞു. തെരുവ് വീടായെങ്കിലും സന്ധ്യ തന്റെ മക്കളുടെ വിദ്യാഭ്യാസം മുടക്കിയില്ല. കോയമ്പത്തൂരിലെ സർക്കാർ സ്കൂളിൽ അവരെ പഠിപ്പിക്കുന്നുണ്ട്. സ്കൂൾ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവധിക്കാലം തുടങ്ങിയാൽ ഹോസ്റ്റൽ പൂട്ടും.

അപ്പോൾ സന്ധ്യ മക്കളെയുംകൊണ്ട് കണ്ണൂരിലേക്കെത്തും. അവരും തങ്ങളാൽക്കഴിയുന്നത് കണ്ടെത്തി അമ്മയ്ക്കു നൽകും. ‘എൻജിനീയറാകണമെന്നാണു മകന്റെ ആഗ്രഹം. മകൾക്ക് നഴ്സ് ആകണമെന്നും. കയ്യിനും കാലിനുമൊന്നും ബലമില്ലാതെ, നടക്കാനാകാതെ അതിനു സാധിക്കുന്നതെങ്ങനെ? പക്ഷേ, പ്ലസ് ടു വരെ അവരെ പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ധർമം യാചിച്ചാണു ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത്. അതിൽ നിന്നു മിച്ചം പിടിച്ചുവേണം ബാഗും പുസ്തകങ്ങളും വാങ്ങാൻ. അതിനു സാധിക്കണം. അവർ പഠിക്കണം’; സന്ധ്യ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

Tags:
  • Spotlight