Tuesday 30 January 2024 04:03 PM IST : By സ്വന്തം ലേഖകൻ

ബിരിയാണിയും പു‍‍ഡിങ്ങും മുതൽ ഉണ്ടപ്പുട്ടും അതിശയപ്പത്തിരിയും... ഹൃദയങ്ങൾ കീഴടക്കിയ റസീസ് കിച്ചൻ: രുചിപ്പെരുമ

raseetha

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച 10 വനിതകൾ. കാസർകോടു മുതൽ തിരുവനന്തപുരം വരെ 10 സ്ഥലങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 10 ഹോം ഷെഫുമാരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

----

കാസർകോടിന്റെ സ്വന്തം റസീത്തയുടെ റസീസ് കിച്ചണിൽ നിന്നു തന്നെ നമുക്കു തുടങ്ങാം. റസീത്ത എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഷഹനാസ് സലാം സ്വന്തം അടുക്കള രുചിക്കടലാക്കി മാറ്റിയിട്ട് ഇത് എട്ടാമത്തെ വർഷമാണ്.

കാസർകോട് തായലങ്ങാടി സീ വ്യൂ പാർക്കിനു സമീപമുള്ള ഈ കിച്ചണിൽ നിന്നു പുറത്തേക്കിറങ്ങുന്ന വിഭവങ്ങൾ ഏറെയാണ്. ബിരിയാണിയും പു‍‍ഡിങ്ങും മുതൽ ഉണ്ടപ്പുട്ടും അതിശയപ്പത്തിരിയും ഇറാനിപ്പോളയും വരെ വ്യത്യസ്തമായ വിഭവങ്ങൾ റസി തയാറാക്കുന്നുണ്ട്. ‘‘കുഞ്ഞുന്നാൾ മുതൽ പാചകം എനിക്കിഷ്ടമായിരുന്നു. ഭർത്താവ് സലാം ഗൾഫിൽ ആയിരുന്നു. മക്കൾ പഠിക്കാനും പോയപ്പോൾ സമയം ഇഷ്ടം പോലെ. അങ്ങനെയാണ് വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുത്താലോ എന്ന ആലോചന വന്നത്.’’ ഒരിക്കൽ തന്റെ കിച്ചണിൽ നിന്നു ഭക്ഷണം വാങ്ങിയവരൊക്കെ പിന്നീട് സ്ഥിരം കസ്റ്റമേഴ്സായി മാറുമെന്നു പറയുന്നു റസി.

ഉന്നക്കായ, കട്‌ലറ്റ്, സമോസ, ട്രയാങ്കിൾ ചിക്കൻ, ചീസ് ബോൾസ് തുടങ്ങിയ ഫ്രോസൺ വിഭവങ്ങളും ഇതിനൊപ്പം തന്നെ റസി വിൽക്കുന്നു. റസീസ് കിച്ചൺ എന്ന പേരിൽ ഇൻസ്റ്റഗ്രാം ഐഡിയിലൂടെയും വിപണനം നടത്തുന്നുണ്ട്. അതിനു മക്കൾ മുഹമ്മദും ആയിഷയും അലീമയുമാണ് സഹായികള്‍.

ബിരിയാണി ആണെങ്കിൽ കുറഞ്ഞത് ഒരു കിലോ എങ്കിലും ഓർഡർ വേണം. സ്നാക്സ് ആണെങ്കിൽ 15 എണ്ണമെങ്കിലും. ‘‘ഒരു കിലോ അരിയുടെ ബിരിയാണി ഏകദേശം എട്ടു പേർക്ക് കഴിക്കാം. 50 പേർക്കു വരെയുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാറുണ്ട്. കഴിച്ചവരാരും ഇന്നോളം കുറ്റവും പറഞ്ഞിട്ടില്ല.

‘‘ദൈവം അനുവദിച്ചാൽ ഒരു റസ്റ്ററന്റ് തുടങ്ങണമെന്നും ആഗ്രഹിക്കുന്നു.’’കാസർകോട്ടുകാരുടെ തനതു ഭാഷയിൽ അൽപം നീട്ടലോടെ റസി പറഞ്ഞു നിര്‍ത്തി.

(തുടരും)

തയാറാക്കിയത് :
മെര്‍ലി എം. എല്‍ദോ, ശില്പ ബി. രാജ്