Monday 29 January 2024 03:02 PM IST : By സ്വന്തം ലേഖകൻ

ബാഗിൽ വ്യാജ ലഹരി സ്റ്റാമ്പുകൾ വച്ച് ചതി; നിരപരാധിയായ ഷീല സണ്ണി ജയിലിൽ കിടന്നത് 72 ദിവസം! പ്രതി ഇപ്പോഴും ഇരുട്ടില്‍..

sheelasunny67788

വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ഷീല സണ്ണി കടുത്ത അനീതിക്കിരയായിട്ട് ഒരു വർഷമാകാറായി. എക്‌സൈസിന്റെ ഗുരുതര വീഴ്ചയിൽ 72 ദിവസമാണ് ബ്യൂട്ടിപാർലർ ഉടമയായ ഷീലക്ക് ജയിലിൽ കിടക്കേണ്ടിവന്നത്. വർഷം ഒന്നു തികയാറായെങ്കിലും ഷീലയ്ക്ക് ഇതുവരെ പൂർണ നീതിയായിട്ടില്ല. ഷീല സണ്ണിയുടെ നിരപരാധിത്തം ആദ്യമായി പുറത്തു കൊണ്ടുവന്നത് മനോരമ ന്യൂസ് ആയിരുന്നു.

ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ വർഷം ഫെബ്രുവരി 27 ന്. ബാഗിൽ നിന്ന് ലഹരി സ്റ്റാമ്പുകൾ കണ്ടെടുത്തുവെന്നായിരുന്നു വാദം. പിന്നാലെ വിയ്യൂർ ജയിലിലേക്ക്. രാസപരിശോധനയിൽ പിടിച്ചെടുത്തത് ലഹരിയല്ലെന്ന് തെളിഞ്ഞതോടെ കേസ് ഹൈകോടതി റദ്ദ് ചെയ്തു. എക്‌സൈസിന്റെ പിടിപ്പുകേടിൽ 72 ദിവസമാണ് നിരപരാധിയായ ഷീല സണ്ണി ജയിലിൽ കിടന്നത്. 

സംഭവം നടന്ന് ഒരു വർഷമായിട്ടും യഥാർഥ പ്രതിയെ പിടികൂടാൻ എക്സൈസിനായില്ല. ഷീലയുടെ ബാഗിൽ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് എക്സൈസിനെ വിളിച്ചറിയിച്ചയാളാണ് ചതിക്ക് പിന്നിൽ. കുടുംബത്തിൽ തന്നെയുള്ള ഒരാളാണ് പിന്നിലെന്ന് ഷീല തുടക്കം മുതൽ അറിയിച്ചിരുന്നെങ്കിലും എക്സൈസ് മുഖവിലകൊടുത്തിരുന്നില്ല. പ്രതി ഇപ്പോഴും ഇരുട്ടിൽ. അതായത് ഷീല സണ്ണിക്ക് നീതി കിട്ടിയില്ലെന്ന്.

ചാലക്കുടി റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അന്വേഷിച്ചിരുന്ന കേസ് പിന്നീട്  എക്സൈസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നെങ്കിലും കാലമിത്രയായിട്ടും നടന്നില്ല. കഴിഞ്ഞ ദിവസം നടന്ന എക്സൈസ് ഓഫീസേഴ്സ് സമ്മേളനത്തിലും മന്ത്രി ഇത് തന്നെ ആവർത്തിച്ചു. 

എക്സൈസിന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മന്ത്രി. സംഭവത്തിനു ശേഷം പതിയെ ജീവിതം തിരികെ പിടിച്ചു ഷീല സണ്ണി. ഉദാരമതികളുടെ സഹായത്തിൽ മറ്റൊരു ബ്യൂട്ടിപാർലർ തുടങ്ങി. ജീവിതം തന്നെ ഇരുട്ടിലാക്കിയ പ്രതിയെ ഉടൻ പിടികൂടണമന്ന ആവശ്യം മാത്രമാണ് ഷീലക്കുള്ളത്..!!

Tags:
  • Spotlight