Monday 25 March 2024 04:22 PM IST : By സ്വന്തം ലേഖകൻ

സിദ്ധാര്‍ഥന്റെ മരണം: നടപടി നേരിട്ട 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു! പിന്നാലെ ഗവര്‍ണര്‍ ഇടപെട്ടു, റദ്ദാക്കാന്‍ നിര്‍ദേശം

governor-visited-siddarth-h.jpg.image.845.440

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. വി.സിയുടെ നടപടിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വി.സിയുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ഥന്‍റെ കുടുംബം. സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ആന്‍റി റാഗിങ് കമ്മിറ്റി നടപടി എടുത്ത സീനിയര്‍ ബാച്ചിലെ രണ്ടു പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെയാണ് സിദ്ധാര്‍ഥന്‍റെ കുടുംബം രംഗത്തെത്തിയത്. 

വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കല്‍ പ്രതീക്ഷിച്ചതാണെന്നും മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന്‍റെ വാ മൂടിക്കെട്ടാനാണെന്നും ജയപ്രകാശ് ആരോപിച്ചു. പ്രതികളെ രക്ഷിക്കാന്‍ വന്‍ കളി നടക്കുന്നതായി അമ്മ ഷീബയും മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്തവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചതെന്ന വിശദീകരണമാണ് വി.സി നല്‍കുന്നത്. പ്രധാനപ്രതികളെന്ന് കണ്ടെത്തിയ ആര്‍ക്കും ശിക്ഷയില്‍ ഇളവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:
  • Spotlight