Friday 01 March 2024 09:52 AM IST : By സ്വന്തം ലേഖകൻ

പൈപ്പിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ തൂങ്ങിയനിലയിൽ, ശുദ്ധവായുവില്ല: ‘പ്രേതാലയ’മായി വാട്ടർടാങ്ക്: ചുരുളഴിയാതെ ദുരൂഹത

karyavattom-1 കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായി ഉദ്യോഗസ്ഥർ ടാങ്കിനു പുറത്തേക്കു വരുന്നു, വാട്ടർ ടാങ്കിൽ നിന്നു ഡ്രൈവിങ് ലൈസൻസ് അടങ്ങിയ പഴ്സ് ഫൊറൻസിക് സംഘം കണ്ടെടുക്കുന്നു.

ഇരുനില കെട്ടിടത്തിന്റെ വലുപ്പമുള്ളതാണു കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപം അ‍ജ്ഞാതന്റെ അസ്ഥികൂടം കണ്ടെത്തിയ കോൺക്രീറ്റ് വാട്ടർ ടാങ്ക്. സിനിമകളിലെ പ്രേതമന്ദിരങ്ങളെ അനുസ്മരിപ്പിക്കും വിധം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണിത്. 15 അടി ആഴമുള്ള ടാങ്ക് വിള്ളൽ വീണ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. 10 വർഷം മുൻപ് ഇതു പൊളിച്ച് വാട്ടർ അതോറിറ്റി ഓഫിസ് സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും സർവകലാശാല സ്ഥലം വിട്ടു കൊടുത്തില്ല.

ടാങ്കിനു മുകളിൽ കയറാൻ പടിക്കെട്ടുണ്ട്.. അവിടെ നിന്നു  മുകളിലത്തെ ദ്വാരത്തിലൂടെ  ഏണിയിറക്കിയാണു പൊലീസ്, ഫൊറൻസിക് , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളിലിറങ്ങിയത്. ഇരുട്ടു നിറഞ്ഞ ടാങ്കിൽ ശുദ്ധവായു കുറവായിരുന്നു. ഒരാൾക്കിറങ്ങാൻ പറ്റുന്ന  ദ്വാരത്തിൽ  ലോഹ ഏണി തൂക്കിയിറക്കിയ നിലയിൽ കണ്ടെത്തി. ഹോളിനു പുറത്തു ടാങ്കിനു മുകളിൽ  3 പൈപ്പുകൾ വരിഞ്ഞു കെട്ടിയതിൽ  മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തൂങ്ങിയ നിലയിൽ ഉണ്ടായിരുന്നു.

മുകളിൽ നിന്നു ലൈറ്റ് തെളിച്ചാണ് ടാങ്കിൽ  ചിതറിക്കിടന്ന അസ്ഥിഭാഗങ്ങളും മറ്റു തെളിവുകളും  ശേഖരിച്ചത്.  നടപടി പൂർത്തിയാക്കാൻ മണിക്കൂറുകളെടുത്തു. ചുറ്റുമതിലും സെക്യൂരിറ്റി ജീവനക്കാരുടെ കാവലുള്ള ഈ ഭാഗത്ത് എത്താൻ എളുപ്പമല്ല. ടാങ്കിനു മുകളിൽ കോണി വഴി താഴെ ഇറങ്ങാവുന്ന മാൻ ഹോൾ ഉണ്ടെന്നു  അറിയാവുന്നവർക്കേ ഇതിനുള്ളിൽ കടക്കാൻ പറ്റൂ. രണ്ടു കൊല്ലം മുൻപാണ് ഈ കെട്ടിടത്തിനു മുൻപിൽ മതിൽ കെട്ടിയത്.  ഇപ്പോൾ ക്യാംപസിനുള്ളിലൂടെ മാത്രമേ കടക്കാൻ കഴിയൂ. വിദ്യാർഥികൾ വല്ലപ്പോഴും വരുന്നതൊഴിച്ചാൽ ആരും എത്തി നോക്കാത്ത പ്രദേശമാണിത്.

karyavattom-2 കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ബോട്ടണി ഡിപ്പാർട്മെന്റിന്റെ സമീപത്തെ പഴയ വാട്ടർ ടാങ്ക്. ഇതിലാണ് ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

ടാങ്ക് പൊളിക്കണം: അഗ്നിരക്ഷാ സേന

40 വർഷത്തിലെറെ പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ ടാങ്ക് പൊളിച്ചു മാറ്റണമെന്ന് കഴക്കൂട്ടം അഗ്നിരക്ഷാസേന ജല അതോറിറ്റിയോട് ആവശ്യപ്പെടും.പള്ളിപ്പുറം സിആർപിഎഫ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു 20 വർഷം ഈ  ടാങ്കിൽ നിന്നു വെള്ളം എത്തിച്ചിരുന്നെങ്കിലും കൂടുതൽ ശേഷിയുള്ള വാട്ടർ ടാങ്ക് മൺവിളയിൽ വന്നതോടെ ഇത് ഉപയോഗമില്ലാതായി.