Tuesday 07 November 2023 10:43 AM IST : By സ്വന്തം ലേഖകൻ

തീവ്രദുഃഖത്തിനിടയിലും കുടുംബാംഗങ്ങള്‍ അവയവദാനത്തിന് തയാറായി; ഏഴുപേര്‍ക്ക് പുതുജീവിതം നല്‍കി സുരേഷ് യാത്രയായി

organ-ddd875gjii

അവയവദാനത്തിലൂടെ ഏഴുപേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം സ്വദേശി സുരേഷ് യാത്രയായി. അവയവദാനത്തേക്കുറിച്ച് നിലനില്ക്കുന്ന അബദ്ധധാരണകളെയെല്ലാം അതിജീവിച്ചാണ് സുരേഷിന്റെ കുടുംബം മഹാദാനത്തിന് തയാറായത്. കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. 

തീവ്രദുഃഖത്തിനിടയിലും സുരേഷിന്റെ കുടുംബാംഗങ്ങള്‍ ഏറ്റവും വിലപ്പെട്ട ദാനത്തിന് തയാറായി. ഇതോടെ ഏഴുപേര്‍ക്കാണ് ജീവനും ജീവിതവും ലഭിക്കുന്നത്. നിര്‍മാണ തൊഴിലാളിയായ വെളളായണി സ്വദേശി എ സുരേഷെന്ന മുപ്പത്തിയേഴുകാരന്‍ നവംബര്‍ 2നാണ് അപകടത്തില്‍പെടുന്നത്. 

ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായ പരുക്കേറ്റ സുരേഷിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സന്നദ്ധതയറിയിച്ചതോടെ സര്‍ക്കാര്‍ ഏജന്‍സിയായ കെ സോട്ടോ വഴി അവയവദാനം നടന്നു. സുരേഷിന്റെ ഹൃദയമിനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയില്‍ തുടിക്കും. 

കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സില്‍ കോട്ടയത്തേയ്ക്ക് കൊണ്ടുപോയ ഹൃദയത്തിന് നാടൊരുമിച്ച് വഴിയൊരുക്കി. കരളും വൃക്കകളും ഉള്‍പ്പെടെ ഏഴ് അവയവങ്ങളാണ് മാറ്റിവച്ചത്. 

Tags:
  • Spotlight