Monday 06 May 2024 02:46 PM IST : By സ്വന്തം ലേഖകൻ

ആർഭാടങ്ങൾ ഒഴിവാക്കി, അഗതികൾക്ക് അന്നമൊരുക്കി; സമൂഹത്തിന് മാതൃകയായി സുവിഷ്ണയ്ക്ക് താലിചാര്‍ത്തി ജിഷ്ണു

pathanamthitta-kodumon-wedding

വിവാഹം ലളിതവും മറ്റുള്ളവർക്ക് ഉപകാരപ്രദവും വ്യത്യസ്തവുമാക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിന് മാതൃകയാക്കുകയായിരുന്നു കുറുമ്പകര അനിൽ ഭവനിൽ അനിൽ, കല ദമ്പതികളുടെ മകൾ സുവിഷ്ണയും വള്ളിക്കോട് മുകളുവിള ജ്യോതി ഭവനിൽ സദാശിവൻ, മിനി ദമ്പതികളുടെ മകൻ ജിഷ്ണുവും. 

അടൂർ മഹാത്മാ ജനസേവന കേന്ദ്രം നേതൃത്വം നൽകുന്ന കുളത്തിനാൽ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലെ ചെറിയ വേദിയിൽ വിവാഹമണ്ഡപമൊരുക്കി മഹാത്മയിലെ അന്തേവാസികളെയും ബന്ധുക്കളെയും മാതാപിതാക്കളെയും സാക്ഷിയാക്കി ജിഷ്ണു സുവിഷ്ണയെ താലികെട്ടി. വിവാഹ സൽക്കാരം അന്തേവാസികൾക്കൊപ്പം സദ്യ വിളമ്പിയാണു ഇവർ ജീവിത സന്തോഷം സഹജീവികൾക്ക് കൂടി ഉപകാരപ്രദമാക്കി പങ്കുവച്ചത്.

മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഉറപ്പിച്ച വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ ജിഷ്ണുവിന്റെ അമ്മയുടെ അനാരോഗ്യം നിമിത്തം അത്രദൂരം സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അമ്മയുടെ അസാന്നിധ്യത്തിൽ ഗുരുവായൂർ വച്ചുള്ള വിവാഹ തീരുമാനം വധൂവരന്മാർ ഒഴിവാക്കിയാണ് അഗതിമന്ദിരം വിവാഹവേദിയാക്കിയത്. 

തീരുമാനം കുടുംബാംഗങ്ങൾ കൂടി അംഗീകരിച്ചതോടെ കാണപ്പെട്ട ദൈവങ്ങളായ അന്തേവാസികളുടെ താമസസ്ഥലം ഈശ്വര സന്നിധിയാണെന്ന സങ്കൽപത്തിൽ ആചാരമര്യാദകൾ പാലിച്ച് വിവാഹവേദിയൊരുക്കി. ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കി അഗതികൾക്ക് അന്നമൊരുക്കി നൽകി അവർ സമൂഹത്തിന് മാതൃകയായി.

Tags:
  • Spotlight