Wednesday 14 February 2024 03:07 PM IST : By സ്വന്തം ലേഖകൻ

‘വലിയ തുക വായ്പയെടുത്തു പണിത വീടാണ്’: ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു വീടുതകർന്നതു കണ്ടു മരവിച്ച് ശ്രീനാഥും ശ്രീലക്ഷ്മിയും

home-blast സ്ഫോടനത്തിൽ തകർന്ന വീടിനു മുൻപിൽ ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും

തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് എത്രയും വേഗം ധനസഹായം നൽകണമെന്നു വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കൂട്ടിയ യോഗം. ചൂരക്കാട് വെസ്റ്റ്, പുലരി നഗർ, ചെട്ടിപ്പറമ്പ് ലെയിൻ, ഗ്രീൻ നഗർ, ഐശ്വര്യ നഗർ, പാവംകുളങ്ങര എന്നീ റസിഡന്റ്സ് അസോസിയേഷനുകൾ സംയുക്ത യോഗമാണ് ഇന്നലെ രാത്രി ചേർന്നത്. ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു.

സ്ഫോടനത്തിൽ 292 വീടുകൾക്ക് നാശം സംഭവിച്ചു. ഇതിൽ 8 വീടുകൾ പൂർണമായി തകർന്നു. രണ്ടരക്കോടിയുടെ നഷ്ടം എന്നാണ് പ്രാഥമിക നിഗമനം. കൗൺസിലർ സുധ സുരേഷ്, ട്രുറ ദക്ഷിണമേഖലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈഎംഎ പ്രസിഡന്റ് അജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

292 വീടുകൾക്കു തകരാർ; നഷ്ടപരിഹാര തീരുമാനം വൈകുന്നു

തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പു തുടരുകയാണു റവന്യു അധികൃതർ. 292 വീടുകൾക്കു തകരാർ കണ്ടെന്ന റിപ്പോർട്ട് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനു കൈമാറി. 8 കടകൾക്കും കേടുണ്ട്.

അതേസമയം, അപകടത്തിൽ ജീവനാശമുണ്ടായവർക്കും പരുക്കേറ്റവർക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും മറ്റു വസ്തുവകകൾക്കും നാശം നേരിട്ടവർക്കും ആരു നഷ്ടപരിഹാരം നൽകുമെന്ന ചോദ്യത്തിന് അധികൃതർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണു നഷ്ടപരിഹാരം തീരുമാനിക്കേണ്ടതെന്ന് ജില്ലാ അധികൃതർ പറയുന്നു.സ്ഫോടനത്തിൽ തകർന്ന വീടുകളിലും കെട്ടിടങ്ങളിലും ഏറെയും ബാങ്ക് വായ്പയെടുത്തു നിർമിച്ചവയായതിനാൽ നഷ്ടപരിഹാരം ഒട്ടും വൈകരുതെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തു വൈദ്യുതി ബന്ധവും ശുദ്ധജല വിതരണവും ഇന്നലെ പുനഃസ്ഥാപിച്ചു.

home-blast-1 സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ആക്‌ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയവർ

ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു വീടു തകർന്നതു കണ്ടു മരവിച്ച് ശ്രീനാഥും ശ്രീലക്ഷ്മിയും

ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു തന്നെ വീടു തകർന്നതു കണ്ടു മരവിച്ചു നിൽക്കുകയാണു ചൂരക്കാട് ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഒട്ടേറെ പ്രതീക്ഷകളോടെ പുതിയ വീട്ടിൽ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നതിനാൽ അകത്തേക്കു കയറാൻ പറ്റുന്നില്ല. വലിയ തുക വായ്പയെടുത്തു പണിത വീടാണ്. ഇനിയും ഒരുപാടു പണം മുടക്കിയാലേ ഇനി താമസിക്കാൻ സാധിക്കൂ. ‘നാനൂറിലധികം ആളുകൾ ഞായറാഴ്ച ഗൃഹപ്രവേശനച്ചടങ്ങിൽ ഇവിടെ കൂടിയിരുന്നു. കളിയും ചിരിയും നിറഞ്ഞ അന്തരീക്ഷം തൊട്ടുപിറ്റേന്നു ദുഃഖത്തിലേക്കു മാറി’. അവർ പറഞ്ഞു.

"വീടിന്റെ ഭിത്തി ഒഴികെ ജനലുകളും വാതിലും എല്ലാം തകർന്നു. സ്ഫോടന സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തി പരിശോധിച്ചപ്പോഴാണ് എല്ലാം തകർന്നതായി കണ്ടത്. വീടിന്റെ മേൽക്കൂരയടക്കം തകർന്നു. ഭാര്യ റിട്ട. ആയുർവേദ ഡിഎംഒ ഡോ. വത്സലകുമാരിയുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ വേണ്ടി സൂക്ഷിച്ചിരുന്ന മരുന്നുകളെല്ലാം നശിച്ചു."