Tuesday 10 January 2023 03:19 PM IST : By ആർ.എസ്. രഞ്ജിഷ്

‘ഡ്രിപ്പിട്ട് ഒന്നു മയങ്ങുമ്പോഴാകും ട്രോളിയിൽ അടുത്ത രോഗിയെ കൊണ്ടുവരുന്നത്’; ശസ്ത്രക്രിയ കഴിഞ്ഞവരും തറയിലെ തണുപ്പില്‍, നരകയാതന

patients.jpg.image.845.440

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡുകൾ നിറഞ്ഞതോടെ ശസ്ത്രക്രിയ കഴിഞ്ഞവരടക്കമുള്ള രോഗികളെ കിടത്തുന്നത് തറയിൽ. പരുക്കിന്റെ വേദനയും പ്രായാധിക്യവും കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും തറ തന്നെ ശരണം. 28,1,2 വാർഡുകളിലെ രോഗികൾക്കാണ് നരകയാതന. 28ാം വാർഡിൽ അപകടത്തിൽ പരുക്കേറ്റവർ ഉൾപ്പെടെ അൻപതോളം പേർ തറയിൽ തുണിവിരിച്ച് കിടക്കുന്നു. ഡെങ്കിപനിയടക്കം പകർച്ചാവ്യാധിഭീഷണി നിലനിൽക്കുമ്പോഴാണ് ഇത്. 110 കിടക്കകളുള്ള വാർഡിൽ 215 രോഗികളാണ് തിങ്ങി നിറഞ്ഞ് കഴിയുന്നത്.

60 കിടക്കകൾ വീതമുള്ള 1,2 വാർഡുകളിൽ 130,140 രോഗികളും. വാർഡുകളിൽ രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ നിലത്തുപോലും കിടത്താനിടമില്ല. രോഗികൾക്ക് ആനുപാതികമായി ജീവനക്കാരില്ലാത്തതിനാൽ കാര്യക്ഷമമായ ശുശ്രൂഷ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 28ാം വാർഡിൽ ഇന്നലെ രാവിലെ റൗണ്ട്സിന് എത്തുന്ന ഡോക്ടർമാരെ കാത്തു കിടക്കുന്നവരുടെ കൂട്ടത്തിലാണ് പാറശാല സ്വദേശിയായ തങ്കപ്പനെ കണ്ടത്. വീണ് പരുക്കേറ്റ തങ്കപ്പൻ (75) തറയിൽ തണുത്തു വിറച്ച് കിടക്കാൻ തുടങ്ങിയിട്ട് മൂന്നു ദിവസമായി. വാർഡിനുള്ളിലെ വഴിയിൽ ചുവരിനോട് ചേർന്നാണ് കിടപ്പ്. തറയിലെ തണുപ്പ് കാരണം ശരീരവേദന കൂടി. 

ഡ്രിപ്പിട്ട് ഒന്നു മയങ്ങുമ്പോഴാകും ട്രോളിയിൽ അടുത്ത രോഗിയെ കൊണ്ടുവരുന്നത്. വഴിയൊരുക്കണമെന്ന് പറഞ്ഞു ജീവനക്കാർ വിളിച്ചുണർത്തും. ഓരോ ട്രോളി പോകുമ്പോഴും നിരങ്ങി നീങ്ങി വഴിയൊരുക്കണം. തറയിൽ കിടക്കുന്ന എല്ലാ രോഗികൾക്കും ഇതു തന്നെയാണ് അവസ്ഥ. തങ്കപ്പന് തൊട്ടടുത്തതായി 7 രോഗികളും പ്രവേശന ഭാഗത്ത് 30 ഓളം പേരും വരാന്തയിൽ ഒട്ടേറെ പേരും നിലത്ത് കിടപ്പുണ്ട്. ഭക്ഷണം കഴിക്കുന്നതും കൂട്ടിരിപ്പുകാർ തിങ്ങി ഞെരുങ്ങി കഴിയുന്നതുമെല്ലാം ഈ തറയിൽ തന്നെ. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നവരെല്ലാം അണുബാധ ഉണ്ടാകുമെന്ന ആശങ്കയിലാണ്. രോഗികളുടെ എണ്ണം വർധിച്ചിട്ടും പുതിയ വാർഡുകൾ തുറക്കാൻ നടപടിയില്ല.

പഴയ മോർച്ചറി കെട്ടിടത്തിനടുത്തായി പുതിയ വാർഡ് ആരംഭിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇത് എന്നു തുറക്കുമെന്നോ എത്രനാൾ കാത്തിരിക്കണമെന്നോ വ്യക്തമായ മറുപടിയില്ല. മെഡിസിൻ, സർജറി വിഭാഗങ്ങളുടെ 17,18 വാർഡുകൾ കൂട്ടിചേർത്താണ് 28ാം വാർഡ് രൂപീകരിച്ചത്. മെഡിസിൻ, സർജറി, സൈക്കാട്രി വിഭാഗങ്ങളിലെ നൂറിലധികം രോഗികൾ ഓരോ ആഴ്ചയും ഇവിടെ അഡ്മിറ്റ് ആകുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ സുരക്ഷാവീഴ്ച്ചകളും പതിവാണ്. സൈക്കാട്രി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി അഡ്മിഷൻ ബുക്കുമായി കഴിഞ്ഞ ദിവസം മുങ്ങി. ഒടുവിൽ ബസ് സ്റ്റാൻഡിൽ നിന്നു രോഗിയെ ജീവനക്കാർ പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags:
  • Spotlight