Tuesday 26 December 2023 10:09 AM IST : By സ്വന്തം ലേഖകൻ

മരണം മുന്നിൽക്കണ്ട് അലറി വിളിച്ച് മൂന്നര മണിക്കൂർ! വായ വരെ മണ്ണിനടിയിൽ; 15 അടി താഴ്ച, ഒടുവിൽ..

guest-worker 1– മണ്ണിനടിയിൽ നിന്നും ദീപക്കിനെ ഫയർഫോഴ്സ് സേനാംഗം പുറത്തെടുക്കുന്നു. 2– മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ ഇരുത്തി ദീപക്കിനെ കുഴിയിൽ നിന്നും മുകളിലേക്ക് ഉയർത്തുന്നു. 3– കുഴിക്കടുത്ത് നിന്നും എടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നു. ചിത്രം: മനോരമ

മരണം മുന്നിൽക്കണ്ട് അലറി വിളിച്ച് മൂന്നര മണിക്കൂർ 15 അടി താഴ്ചയിലെ കുഴിയിൽ കുടുങ്ങിയ അതിഥി തൊഴിലാളി ദീപക് (24) ഒടുവിൽ ജീവിതത്തിലേക്കു മടങ്ങി. മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാൻഹോളിനു കുഴിയെടുക്കുമ്പോഴാണ് മണ്ണിടിഞ്ഞു താണത്. ദീപക്കിന്റെ സഹോദരീ ഭർത്താവ് രാജേഷ് ഉൾപ്പെടെ 7 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. അതിൽ ദീപക്കും വിനയനുമാണ് മാൻഹോളിൽ ഇറങ്ങി മണ്ണു മാറ്റിയിരുന്നത്. 9.30നു ചെങ്കൽചൂള അഗ്നിരക്ഷാ സേന ആസ്ഥാനത്തു നിന്നെത്തിയ സേനാംഗങ്ങൾ, ഭാഗികമായി ചെളിയിൽ പുതഞ്ഞുകിടന്ന വിനയനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. 

എന്നാൽ കൂടുതൽ ചെളിയും വെള്ളവും ഇറങ്ങി ദീപക്കിന്റെ വായ വരെ മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങൾ ഓക്സിജൻ സിലിണ്ടറിൽ നിന്നു ട്യൂബ് വഴി പ്രാണവായു എത്തിച്ചു. തുടർന്ന് കൂടുതൽ മണ്ണും ചെളിയും ഇടിഞ്ഞുതാഴാതിരിക്കാനായി ഇരുമ്പു തകരഷീറ്റ് നാലു വശത്തും സ്ഥാപിച്ചു. മണ്ണുമാന്തി കൊണ്ട് മണ്ണു മാറ്റാനാകാത്തതിനാൽ സേനാംഗങ്ങൾ കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന കരണ്ടി കൊണ്ട് മണ്ണു കുറേശ്ശെ മാറ്റി.  

സഹോദരി ഭർത്താവ് രാജേഷിനെക്കൊണ്ട് ദീപക്കുമായി സംസാരിപ്പിച്ച് ഉടൻ കരയ്ക്കെത്തിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും അഗ്നിശമന സേനാംഗങ്ങൾക്കു കഴിഞ്ഞു. 12. 45 ന് ദീപക്കിനെ മണ്ണിൽ നിന്ന് ഉയർത്തി മണ്ണുമാന്തിയിലിരുത്തി കരയ്ക്കെത്തിച്ചു. 

കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന ദീപക്, അഗ്നിരക്ഷാ സേനാംഗങ്ങൾക്കും പൊലീസിനും നന്ദി പറഞ്ഞിട്ടാണ് ആംബുലൻസിൽ കയറിയത്. സേനാംഗങ്ങളുടെ കഠിന പ്രയത്നത്തെ നാട്ടുകാർ കയ്യടിയോടെയാണ് ആദരിച്ചത്.  സ്റ്റേഷൻ ഓഫിസർ അനീഷ്‌ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അജിത് കുമാർ, ഫയർ ഓഫിസർമാരായ അനിൽകുമാർ, മഹേഷ്കുമാർ, വിഷ്ണുനാരായണൻ, അനു, സജിത്, പ്രദോഷ്, വിജിൻ, വി.വിജിൻ, ശിവകുമാർ, സതീശൻ നായർ എന്നിവരും ചാക്ക– കഴക്കൂട്ടം യൂണിറ്റിലെ സേനാംഗങ്ങളും ചേർന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.