Saturday 16 March 2024 11:03 AM IST : By സ്വന്തം ലേഖകൻ

രാത്രി ടെറസിനു മുകളിൽ ഭീതിയുണർത്തി അജ്ഞാതന്റെ കാലനക്കം... ഭീതിയുടെ മുൾമുനയിൽ ഒരു കുടംബം

home-fear ചിത്രം 1–∙ അജ്ഞാതന്റെ ശല്യം അറിഞ്ഞ് തവളക്കുഴിയിലെ രാജന്റെ വീട്ടിലെത്തിയ പടിഞ്ഞാറേനട റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും അയൽവാസികളും. ചിത്രം 2– സംഭവങ്ങൾ വിവരിക്കുന്ന രാജന്റെ ഭാര്യ ശ്രീകലയും മാതാവ് അമ്മിണിയും.

അർധരാത്രി ടെറസിനു മുകളിൽ ബൂട്ട് ഇട്ടു ചവിട്ടുന്ന ശബ്ദം, വാട്ടർ ടാങ്കിൽ നിന്നു മഴ പോലെ വെള്ളം ഒഴുക്കിവിടൽ, ‌മേൽക്കൂരയിലേക്ക് കല്ലേറ്. 2 ആഴ്ചയായി ഭീതിയുടെ മുൾമുനയിലാണ് വയോജനങ്ങൾ ഉൾപ്പെടെയുള്ള ഒരു കുടുംബം. ഏറ്റുമാനൂർ തവളക്കുഴി കലാസദനത്തിൽ രാജനും കുടുംബവുമാണ് അജ്ഞാതന്റെ നിരന്തര ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്. ആരാണിതിന്റെ പിന്നിലെന്നറിയാൻ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.

രണ്ടാഴ്ച മുൻപാണു സംഭവങ്ങളുടെ തുടക്കം. രാജൻ, ഭാര്യ ശ്രീകല, മകൻ രോഹിത്ത്, ശ്രീകലയുടെ മാതാപിതാക്കളായ രാഘവൻ, അമ്മിണി, എന്നിവരാണ് കുടുംബത്തിലുള്ളത്. അർധരാത്രി കഴിയുന്നതോടെ വീടിനു മുകളിൽ നിന്നും പലവിധത്തിലുള്ള ശബ്ദം ഉണ്ടാകുന്നത് ശ്രദ്ധയിൽപെട്ടത്. ടെറസിലൂടെ ബൂട്ട് ഇട്ട് ശക്തിയായി ചവിട്ടി നടക്കുന്ന ശബ്ദമായിരുന്നു ആദ്യം ദിവസങ്ങളിൽ. പിന്നീട് ഷീറ്റിന്റെ മുകളിലൂടെ നടക്കുന്ന ശബ്ദം കേട്ടു. മരപ്പട്ടിയോ മറ്റോ ആണെന്നാണ് ആദ്യം കരുതിയത്.

തുടർന്നാണ് ടാങ്കിൽ വെള്ളം അജ്ഞാതൻ ഒഴുക്കി വിട്ടത്. പിറ്റേന്നു രാത്രിയിലും ടാങ്കിൽ നിന്നു വെള്ളം വീഴുന്നതു കണ്ട് കുടുംബം ഞെട്ടി. ടെറസിലെത്തി നോക്കുമ്പോഴാണ് ടാങ്കിലെ പൈപ്പ് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് നിലയിൽ കണ്ടെത്തിയത്. മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡും സമീപത്തു നിന്നു കണ്ടെത്തി. തുടർന്നു രാജനും കുടുംബവും അജ്ഞാതനെ കയ്യോടെ പിടികൂടാൻ രാത്രി ഉറക്കമിളച്ചു കാത്തിരുന്നു. അന്നു പതിവ് തെറ്റിക്കാതെ അജ്ഞാതനെത്തി. കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ടിൻ കൊണ്ട് രാജൻ അജ്ഞാതനെ അടിച്ചെങ്കിലും അയാൾ കടന്നുകളഞ്ഞു.

പിറ്റേന്ന് രാവിലെ മുയൽ കൂട്ടിൽ നോക്കുമ്പോഴാണ് ആകെയുള്ള 2 മുയലുകളിൽ ഒന്നിനെ തല്ലിക്കൊന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ സംഭവം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. പടിഞ്ഞാറേനട റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് വടക്കേടം, കമ്മിറ്റിയംഗവും അഭിഭാഷകനുമായ ഹരിപ്രസാദ്, അഭിഭാഷകനായ സാബു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ രാജൻ ഏറ്റുമാനൂർ പൊലീസ് പരാതി നൽകി.