Thursday 01 February 2024 12:28 PM IST : By സ്വന്തം ലേഖകൻ

‘സർക്കാർ വണ്ടിപ്പെരിയാറിലെ പെൺകുട്ടിക്കൊപ്പം!’: പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി

vandiperiyarcase4677

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ല. സർക്കാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കൂടെയാണ്. അന്വേഷണ സംഘത്തിനെതിരെ വകുപ്പുതല പരിശോധന നടക്കുന്നു. 

വിധിക്കെതിരെ സർക്കാർ മേൽകോടതിയിൽ അപ്പീൽ കൊടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് വിചാരണ കോടതിയുടെ പരാമർശങ്ങളെ ഗൗരവത്തോടെ കാണുന്നു. കേസ് അന്വേഷണത്തിലെ ക്രമക്കേടോ വീഴ്ചയോ പൊറുപ്പിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്ന് പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി. പ്രതിപക്ഷത്തുനിന്നു സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. 

കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് പറ‍ഞ്ഞു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. കോടതി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി സിപിഎമ്മുകാരനാണ്. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പുനരന്വേഷണം നടത്താതെ, കോടതി വിമർശിച്ച പഴയ രേഖകളുമായാണു സർക്കാർ അപ്പീൽ പോയിരിക്കുന്നത്. അങ്ങനെ പോയതുകൊണ്ടു ഗുണമുണ്ടാകില്ല. സംഭവം നടന്നതു മുതൽ പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടന്നു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. കേസ് തെളിയിക്കാനുള്ള എല്ലാ സാധ്യതകളെയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കി. പോസ്റ്റുമോർട്ടം ഒഴിവാക്കാൻ ശ്രമം നടന്നു. പ്രതിയാണ് കുട്ടിയുടെ ബോഡി ഏറ്റുവാങ്ങിയത്. കുട്ടിയെ പീഡിപ്പിച്ചശേഷം ജനൽ വഴി രക്ഷപ്പെട്ട പ്രതി, വീണ്ടും വീട്ടിലെത്തി ജനൽ കുറ്റിയിട്ടു. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ല. 

വിധി വന്നശേഷം, കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതിയുടെ ബന്ധു ഓടിക്കയറിയത് സിപിഎം പാർട്ടി ഓഫിസിലേക്കാണ്. പാർട്ടിക്കാർ എന്തു ഹീനകൃത്യം ചെയ്താലും പാർട്ടി സംരക്ഷിക്കും. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടിയുടെ വീട്ടിൽപോയത്. ഇങ്ങനെ അന്വേഷിച്ചാൽ എങ്ങനെ ജനങ്ങൾക്ക് നീതി ലഭിക്കുമെന്നും വി.ഡി.സതീശൻ ചോദിച്ചു.

Tags:
  • Spotlight