Monday 15 January 2024 01:54 PM IST : By സ്വന്തം ലേഖകൻ

അയല്‍വാസിയും ഭാര്യയും നിരന്തരം ഭീഷണിയും ശല്യവും; വീട്ടമ്മ ജീവനൊടുക്കിയ കേസില്‍ പ്രതിയുടെ ഭാര്യയേയും അറസ്റ്റ് ചെയ്യും!

vandiperiyar-sreedevi

ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവിലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയേയും ഉടന്‍ അറസ്റ്റു ചെയ്യാന്‍ പൊലീസ്. ശ്രീദേവി ആത്മഹത്യ ചെയ്ത് ആറു മാസത്തിന് ശേഷമാണ് പ്രധാനപ്രതിയും അയല്‍വാസിയുമായ പ്രമോദ് വര്‍ഗീസ് അറസ്റ്റിലായത്. പ്രമോദിന്റെ ഭാര്യ സ്മിത വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞവർഷം ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ശ്രീദേവിയുടെ ആത്മഹത്യക്കുറിപ്പ് ബാഗില്‍ നിന്നും കണ്ടെത്തിയിരുന്നു. സുഹൃത്തായ പ്രമോദും ഇയാളുടെ ഭാര്യ സ്മിതയുടേയും പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ശ്രീദേവി കുറിച്ചിരുന്നു. പ്രോമോദിന്‍റേയും ഭാര്യയുടേയും പീഡനം ശ്രീദേവിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് അമ്മ പറഞ്ഞു. എല്ലാക്കാര്യങ്ങളും ശ്രീദേവി അമ്മയോട് പറഞ്ഞിരുന്നു.

പ്രമോദിന്റെ പീഡനവും ശല്യവും സഹിക്കവയ്യാതെയാണ് ശ്രീദേവി മക്കള്‍ക്കൊപ്പം പാലയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് വിദേശത്താണ്. ജൂലൈ ഒന്നാം തിയതി മക്കളെ ഡാന്‍സ് ക്ലാസില്‍ ആക്കി ശ്രീദേവി വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. ശ്രീദേവിയുടെ അമ്മയുടെ മൊഴി ശേഖരിച്ച പൊലീസ് പ്രമോദിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. പക്ഷേ, അറസ്റ്റു ചെയ്തില്ല. 

പ്രമോദ് ഭീഷണിപ്പെടുത്തിയതാണ് ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രമോദിന്‍റെ ഭാര്യ സ്മിതയുടെ പീഡനമാണ് ശ്രീദേവിയെ മരണത്തിലേക്ക് നിര്‍ബന്ധിച്ചത്. സ്മിത വിദേശത്തായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ അറസ്റ്റു ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

Tags:
  • Spotlight