Tuesday 26 December 2023 03:43 PM IST : By ശ്യാമ

‘ചെറുതായി തട്ടിയാൽ തന്നെ രക്തം ചീറ്റിയൊഴുകും; അനിയന്ത്രിതമായാല്‍ മരണം വരെ സംഭവിക്കാം’: വെരിക്കോസ് ധമനി വീർത്തിരുന്നാല്‍!

varicose-vein445

അമ്മയുെട കാലില്‍ തടിച്ചു നീല നിറത്തിലുള്ള ഞരമ്പുകള്‍. അമ്മൂമ്മയുെട കാലിലും കണ്ടിട്ടുണ്ട്  ഇതുപോെല കറുപ്പിലും  നീലയിലും   പിണഞ്ഞ ഞരമ്പുകള്‍. മുതിര്‍ന്നു കഴിയുമ്പോള്‍ തങ്ങള്‍ക്കുമുണ്ടാകുമോ ഈ പ്രശ്നം എന്നു പല ടീനേജുകാരും ചിന്തിച്ചുകൂട്ടാറുണ്ട്.   വെരിക്കോസ് െവയ്ന്‍ എന്ന രോഗാവസ്ഥയാണിത്. കൂടുതൽ നേരം ശരീരം അനങ്ങാതെ നില്‍ക്കുന്നവരിലാണു സാധാരണ വെരിക്കോസ് വെയിൻ വരുന്നത്. ഒരേ നിൽപ്, നടപ്പ് തുടങ്ങി ശീലമായവരില്‍ രോഗം കൂടുതല്‍ കണ്ടുവരുന്നു.

അധ്യാപനം, െസയിൽസ് , ട്രാഫിക് പൊലീസ്, ഐടി, സെക്യൂരിറ്റി ജോലി, ആരോഗ്യരംഗം  തുടങ്ങിയ മേഖലകളിൽ  ജോലി ചെയ്യുന്നവരിൽ  േരാഗസാധ്യത കൂടുതലാണ്.  പ്രായവും ഘടകമാണ്. പ്രായം കൂടുന്തോറും രോഗസാധ്യതയും  ഏറുന്നു. ദുഷിച്ച രക്തം  കെട്ടിക്കിടക്കുന്ന അവസ്ഥ യാണു വെരിക്കോസ് വെയിന്‍. ഇതു കാലിൽ നിറവ്യത്യാസമുണ്ടാക്കും. മാസങ്ങളോ വർഷങ്ങളോ പഴക്കമുള്ള ര ക്തം കെട്ടിക്കിടക്കുന്നതു മൂലം ആ ഭാഗത്തെ തൊലി പൊട്ടി അൾസറുണ്ടാകാനും സാധ്യതയുണ്ട്. മുറിവു കരിയാനുള്ള കാലതാമസമാണു മറ്റൊരു കുഴപ്പം.  രക്തമൊലിപ്പിനും അണുബാധയ്ക്കും ഇതു കാരണമാകും.  

നമ്മുെട ശരീരത്തില്‍ സിരകളിലൂെട ശുദ്ധരക്തവും ധമനികളിലൂെട അശുദ്ധരക്തവുമാണു പ്രവഹിക്കുന്നത് എന്നറിയാമല്ലോ. ധമനികളില്‍ അനുഭവപ്പെടുന്ന മർദമാണു വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയ്ക്കു കാരണം. അശുദ്ധരക്തം ശുചീകരിക്കാൻ ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന ധമനികൾക്കൊക്കെ വാൽവുകളുണ്ട്. അവയൊക്കെ മുകളിലേക്കു മാത്രം തുറക്കുന്നവയുമാണ്. ഇങ്ങനെയുള്ള ഏകദിശാ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ മുകളിലോട്ടു പോകേണ്ട രക്തം അൽപ്പാൽപമായി താഴേക്കു വരാം. അതു കാലിൽ കെട്ടിക്കിടക്കും.

അശുദ്ധരക്തമായതു കൊണ്ടു തന്നെ കാർബൺ ഡൈഓക്സൈഡും മാലിന്യങ്ങളുമടക്കമുള്ള പല ദൂഷ്യങ്ങളും അതിലുണ്ടാകും. അതൊക്കെ ധമനികളിൽ അടിഞ്ഞു കൂടുന്നതുകൊണ്ടാണു പലപ്പോഴും ഇവ ചുരുണ്ട് പിണയുന്നതും തടിച്ചു വീർക്കുന്നതും.

ഹോർമോണ്‍ വ്യതിയാനം മൂലവും വെരിക്കോസ് വെയി ൻ വരാം. സ്ത്രീകളിലെ ഈസ്ട്രജൻ ധമനികളെ വികസിപ്പിക്കുന്ന ഹോർമാണാണ്.  

 ആർത്തവത്തിനു തൊട്ടു മുൻപ്, ഗർഭധാരണം അഞ്ച് മാസത്തിലൊക്കെ എത്തുമ്പോൾ, ഗർഭനിരോധന ഗുളികകൾ കഴിക്കുമ്പോള്‍, ആർത്തവവിരാമം തുടങ്ങിയ സാഹചര്യങ്ങളില്‍ ധമനികൾ വികസിക്കും. ഈ വികാസം വാൽവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. അതോടെ കാര്യക്ഷമമായി രക്തം  മുകളിലേക്കെത്തിക്കാൻ പറ്റാതെ വരികയും കാലിലും മറ്റുള്ളിടത്തും   കെട്ടിക്കിടന്നു ധമനി ചുരുണ്ടു പോകുകയും ചെയ്യും.

പുകവലിക്കുന്നവരിലും വല്ലാതെ അരഭാഗം മുറുകുന്ന വസ്ത്രമോ ബെൽറ്റോ സ്ഥിരമായി ധരിക്കുന്നവരിലും അ മിതവണ്ണമുള്ളവരിലും വെരിക്കോസ് വെയിൻ സാധ്യത കൂടുതലാണ്.

മുപ്പത് – നാൽപ്പത് വയസ്സാകുന്നതോടെ ധമനിയിലെ വാൽവുകൾക്കു ചെറിയ ചില തകരാറുകൾ വന്നു തുടങ്ങാം. അൻപത്– അറുപതിലെത്തുന്നതോടെ അവയുടെ പ്രവർത്തനം ക്ഷയിക്കാനും ആരംഭിക്കും.

പാരമ്പര്യവും വെരിക്കോസ് വെയിന് കാരണമാണ്. അ ച്ഛനും അമ്മയ്ക്കും വെരിക്കോസ് വെയിൻ ഉണ്ടെങ്കിൽ മക്കൾക്കു വരാനുള്ള സാധ്യത 2–3 ശതമാനം വരെ കൂടുതലാണ്. അതുപോലെ മൂത്ത സഹോദരങ്ങൾക്കുണ്ടെങ്കിൽ ഇളയവരിലും രോഗാവസ്ഥ കാണാറുണ്ട്.  

വെരിക്കോസ് വെയിൻ തിരിച്ചറിയാം

രോഗാവസ്ഥയില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍ ചുവടെ.

∙ അകാരണമായി കാലില്‍ നീര്.  മറ്റേ കാലില്‍ ഇല്ല.

∙ കാലിനു നിറവ്യത്യാസം. ധമനികൾക്ക് നീല നിറം വരിക.

∙ കാലില്‍ ചൊറിച്ചിൽ.

∙ ത്വക്കിന് കട്ടി കൂടുക.

∙ മുറിവുണ്ടായാൽ ഒഴുകുന്നതിനു പകരം രക്തം ചീറ്റുക.

∙ കാലില്‍ കരിയാത്ത മുറിവുകൾ.

ഡോപ്ലർ പരിശോധനയിലൂെട മാത്രമേ ഇന്റേണൽ വെരിക്കോസിറ്റി (ത്വക്കിന്റെ ഉള്ളിലുള്ള വെരിക്കോസ്) തിരിച്ചറിയാൻ സാധിക്കൂ. വീനസ് ഡോപ്ലർ എന്നാണ് പരിശോധനയുടെ പേര്. കാലിന്‍റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ സ്കാന്‍ ചെയ്യുമ്പോഴാണു പലരിലും വെരിക്കോസ് വെയി ൻ സാധ്യത കണ്ടെത്തുന്നത്.

∙ ഗർഭകാലത്തു ഗര്‍ഭപാത്രം വലുതാകുന്നതു വഴി കാലുകളില്‍ കൂടുതല്‍ സമ്മർദം അനുഭവപ്പെടും. അതിന്റെ ഫ ലമായി ആ സമയത്ത് വെരിക്കോസ് വെയിനു സാധ്യതയുണ്ട്. ചികിത്സയൊന്നും കൂടാതെ ഇതു തനിയെ മാറാറാണു പതിവ്.

∙ ഗർഭനിരോധന മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവരിലും അവിചാരിതമായി കാലില്‍ നീരും വേദനയും വ ന്നാൽ വെരിക്കോസ് വെയിൻ സാധ്യത പരിശോധിക്കണം.

∙അകാരണമായി കാലുകഴപ്പു വരുന്നവർക്കു (പ്രത്യേകിച്ചു പ്രമേഹമോ ഹൃദയസംബന്ധിയായ അസുഖങ്ങളോ ഇ ല്ലാത്തവരെങ്കില്‍) വെരിക്കോസ് വെയിൻ സാധ്യത പരിശോധിക്കണം.

പലപ്പോഴും കാലിലുണ്ടാകുന്ന അസുഖങ്ങളും ബുദ്ധിമുട്ടുകളും അവഗണിക്കുകയും കൃത്യമായി ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്.  

 വെരിക്കോസ് വെയിൻ ഒരിക്കലും ചികിത്സിക്കാതെ മാറില്ല എന്നറിയുക. മാത്രമല്ല, ഇതൊരു പ്രോഗ്രസീവ് ഡിസീസ് ആണ്. കൃത്യമായ ചികിത്സ േനടിയില്ലെങ്കില്‍ രോഗം തുടരുകയും പെട്ടെന്നു മൂര്‍ച്ഛിക്കുകയും ഗുരുതരമാകുകയും ചെയ്യും. പ്രായം കൂടുന്നതോെട ബുദ്ധിമുട്ടുകളും ഏറും. അതുകൊണ്ടു തന്നെ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടാൻ മടിക്കരുത്.

ചികിത്സയ്ക്കൊപ്പം ദിനവും െചയ്യാം

∙ ജോലിയുെട ഭാഗമായി വെറുതെ ഇരിക്കുകയോ ഒരേ നി ൽപ്പു നിൽക്കുകയോ ആണു ചെയ്യുന്നതെങ്കില്‍ ഇടയ്ക്കിടയ്ക്കു നടക്കുക. അരമണിക്കൂർ കൂടുമ്പോൾ അഞ്ചു മിനിറ്റെങ്കിലും നടക്കുക.

∙ കുറച്ചു നേരം  ടീപ്പോയ് പോലുള്ള ഇടങ്ങളിലേക്കു കാല്‍ പൊക്കി വച്ചു വിശ്രമിക്കുക.

∙ ഗർഭകാലത്ത് ഇടത്തോട്ടു തിരിഞ്ഞു കിടക്കുന്നതാണു നല്ലത്. ഗർഭപാത്രം വലതു വശത്തുള്ള ധമനികളിലാണു മർദം ചെലുത്തുന്നത്. അതുകൊണ്ട് ഇടത്തോട്ടു തിരിഞ്ഞ് കിടക്കുന്നതു ഗുണം ചെയ്യും.

∙ രാത്രി ഉറങ്ങുമ്പോള്‍ തലയിണയില്‍  കാൽ അതിൽ കയറ്റി വച്ചു കിടക്കുന്നതു രക്തയോട്ടം കൂട്ടാൻ സഹായിക്കും.

∙ തറയിൽ കൂടുതല്‍ സമയം ചമ്രം പടിഞ്ഞ് ഇരിക്കുന്നവര്‍ എപ്പോഴും കാൽ മടക്കി വയ്ക്കാതെ ഇടയ്ക്കു കാൽ നീട്ടി വച്ചിരിക്കുക. ദീർഘനേരം ചമ്രം പടിഞ്ഞിരിക്കുമ്പോൾ ധമനികൾ മടങ്ങാനും രക്തചംക്രമണം കുറയാനും സാധ്യതയുണ്ട്.

∙ വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ കഴിവതും സ്റ്റോക്കിങ്സ് ഇടുന്നതു നല്ലതാണ്. മുട്ടിനു മുകളിലെത്തുന്ന സ്റ്റോക്കിങ്സ് തന്നെ ഇടണം. എങ്കിലേ ഉദ്ദേശിക്കുന്ന ഗുണം കിട്ടൂ.

∙ വളരെ ഇറുകിയ പാന്റോ ബെൽറ്റോ സ്ഥിരമായി ഉപയോഗിക്കരുത്. വണ്ണം വച്ചാല്‍ പഴയ ഇറുകിയ വസ്ത്രങ്ങൾ ഇടുന്നത് ഒഴിവാക്കണം.

∙ പുകവലി പൂര്‍ണമായും ഒഴിവാക്കുക.

∙ സ്ഥിരമായി ഹൈഹീൽസ് ഇടുന്നതും നന്നല്ല. അതു കാലിന്റെ ചലനാത്മതയെ ബാധിക്കും. ഉപ്പൂറ്റി മുകളിലേക്ക് ഉയർന്നു നിൽക്കുമ്പോൾ ധമനികൾ ഇറുകും. ‌‌ഇത് വെരിക്കോസ് വെയിൻ സാധ്യത കൂട്ടും. എന്നു കരുതി ഹൈ ഹീൽഡ് ചെരിപ്പുകൾ പൂർണമായി ഒഴിവാക്കണമെന്നില്ല. പതിവാക്കരുതെന്നു മാത്രം.

കാല്‍ കഴപ്പ് സൂക്ഷിക്കണം

കാലിൽ കഴപ്പുണ്ടാകുന്നതാണു പ്രധാനരോഗലക്ഷണം. വെരിക്കോസ് വെയിൻ ഉള്ളൊരാള്‍ അരമണിക്കൂറൊക്കെ നിൽക്കേണ്ടി വന്നാൽ കാല്‍ കഴച്ച് ഒടിഞ്ഞു പോകുന്നതു പോലെ തോന്നാം. ചിലർക്കിതു പുകച്ചിലായും വരാം.

ചിലരില്‍ എവിടെയെങ്കിലും ചെറുതായി തട്ടിയാൽ തന്നെ രക്തം ചീറ്റിയൊഴുകും. ഇത് അനിയന്ത്രിതമായാല്‍ മരണം വരെ സംഭവിക്കാം. വെ രിക്കോസ് ധമനി വീർത്തിരിക്കുന്നതിനാല്‍ അ തിന്റെ ഭിത്തി വളരെ നേർത്തിരിക്കും.

രക്തസ്രാവം ഉണ്ടായാല്‍ പെട്ടെന്നു തോർത്തു കൊണ്ടോ മറ്റോ മുറിവു ശക്തിയില്‍ കെട്ടിവയ്ക്കണം. അണുബാധയുള്ളവരില്‍ ധമനിക്കു ചുവന്ന നിറം കാണപ്പെടും. കട്ടുകഴയ്ക്കുന്ന വേദന അനുഭവപ്പെടും

പുറമേയുള്ളതു സൂപ്പർഫീഷ്യൽ വെയിനും അകത്തുള്ളത് ഡീപ് വെയിനുമാണ്. ഇവ ത മ്മിൽ ബന്ധമുള്ളതു കൊണ്ടു പുറത്തുള്ള വെരിക്കോസ് ധമനി അകത്തുള്ളതില്‍ ബ്ലോക്ക് ഉണ്ടാക്കി അതു ഹൃദയത്തെ തന്നെ സാരമായി ബാധിക്കുന്ന തരത്തിലേക്കെത്തിക്കാം. പൾമനറി എംബോളിസം  എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. കാലില്‍ മാറാത്ത നീരും ഉണ്ടാകും.   

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഹരികൃഷ്ണൻ. ആർ, പ്രഫസർ, ഇന്റേണൽ മെഡിസിൻ ആൻഡ് ഹിമറ്റോളജി, ഗവ. മെഡിക്കൽ കോളജ്,  തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up