Friday 12 January 2024 11:54 AM IST : By ഐ. ദിവാകരൻ

‘കാട് ഭരിക്കുന്നവരാണ് അവര്‍, ഇണയുടെ ഗന്ധം തേടി കിലോമീറ്ററുകളോളം സഞ്ചരിക്കും’; കൊടുംകാടുകളിൽ താമസിച്ച് രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ

snake-ssttt56

കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭീതിയോടെ പേടിച്ചകലുന്ന പാമ്പുകളുടെ രാജാവായ രാജവെമ്പാലകളാണ് വിജയ് നീലകണ്ഠന്റെ പഠനവിഷയം. കാട്ടിലെ രാജാധിരാജനായ രാജവെമ്പാലകളെ തേടി അവരുടെ സൗഖ്യം അന്വേഷിച്ചു ദിവസങ്ങളോളമാണ് വിജയ് ഉൾവനങ്ങളിൽ സഞ്ചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠന്റെ വിശേഷങ്ങളറിയാം. 

രാജയുണ്ട്, ഈർപ്പമുള്ളിടങ്ങളിൽ

ഉൾക്കാട്ടിലും കാടിന്റെ അതിർത്തികളിലും മാത്രം കാണപ്പെടുന്ന രാജവെമ്പാലകൾ മനുഷ്യവാസകേന്ദ്രങ്ങളിൽ വരാറില്ലെന്ന് വിജയ് നീലകണ്ഠൻ പറയുന്നു. അവയെ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ കാണുന്നുണ്ടെങ്കിൽ ഇതിന് അവരുടെതായ കാരണങ്ങളും ഉണ്ട്. 

‘കാട് ഭരിക്കുന്നവരാണ് രാജവെമ്പാലകൾ. ഇവയെക്കുറിച്ചു പഠിക്കണമെങ്കിൽ അവ ജീവിക്കുന്ന കാടിനെക്കുറിച്ചും അവയുടെ ഭക്ഷണങ്ങളാകുന്നവയെക്കുറിച്ചും പഠിക്കണം. അതിനാലാണ് ദിവസങ്ങളോളം കൊടുംകാടുകളിൽ താമസിച്ച് ഇവയെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും. 

രാജവെമ്പാല പ്രധാനമായും വസിക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലുമാണ്. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവത പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. വനനശീകരണം നിമിത്തവും ഔഷധ ആവശ്യത്തിനെന്ന പേരിൽ വൻതോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും വംശനാശഭീഷണിയുടെ വക്കിലാണ് രാജവെമ്പാലകൾ.

തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. വയനാട്ടിലെ കാടുകളിലും കർണാടക അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്‌ലാൻഡ്‌, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുണ്ട്. 

വിട്ടയയ്ക്കേണ്ടത് അകലെയല്ല..

നവംബർ മുതൽ ജൂൺ വരെയാണ് രാജവെമ്പാലകളുടെ പ്രജനന കാലഘട്ടം. മേയ് മാസത്തിലാണ് മുട്ടകൾ ഇടുന്നത്. ഈ കാലത്ത് ആൺ രാജവെമ്പാലകൾ പെൺ പാമ്പുകളെ തേടിയിറങ്ങും. ഇവയുടെ നാവ് കൊണ്ട് ഇണയുടെ ഗന്ധം തേടി കിലോമീറ്ററുകളോളം സഞ്ചരിക്കും. 

എന്നാൽ, കാടുകളുടെ അതിർത്തി വിട്ട് ഇവ പോകാറില്ല. അതുകൊണ്ടുതന്നെ, കാടുകളോടു ചേർന്നു ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഈ കാലഘട്ടങ്ങളിൽ ഇവയെ കാണുന്നത്. കാടിറങ്ങുന്നത് ഒരിക്കൽ അത് അവരുടെ വാസസ്ഥലമായതുകൊണ്ടു കൂടിയാകണം. 

വനത്തിൽ തങ്ങളുടെ ഭക്ഷണമായ മറ്റു പാമ്പുകളെ ലഭിക്കാതെ വരുമ്പോഴും ഇവ ഇര തേടി വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നു. നഗരപ്രദേശങ്ങളിലേക്കു രാജവെമ്പാലകൾ കടന്നുചെല്ലാനുള്ള സാധ്യത വളരെ കുറവാണ്.

അതുകൊണ്ടുതന്നെ, ഇത്തരത്തിൽ ജനവാസമുള്ള സ്ഥലത്തു നിന്ന് ഇവയെ കണ്ടെത്തിയാൽ അതിനു സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്കു വിട്ടയക്കുകയാണ് വേണ്ടത്. ഇതിനുപകരം കിലോമീറ്ററുകൾ അകലെ അവയെ വിട്ടയയ്ക്കുന്നത് ഇണയുടെ ഗന്ധം ലഭിച്ച സ്ഥലത്തേക്ക് അവയെ വീണ്ടും എത്താൻ പ്രേരിപ്പിക്കും’- വിജയ് പറഞ്ഞു.

snake-stor78899

ഒരുക്കം ചെറുതല്ല

ഇണചേരലിനുശേഷം പെൺപാമ്പ് 50 മുതൽ 59 ദിവസത്തിനുശേഷം മുട്ടകൾ ഇടുന്നു. മാർച്ച് അവസാനം മുതൽ മേയ് അവസാനം വരെയുള്ള കാലഘട്ടങ്ങളിൽ ഉണങ്ങിയ ‌ഇല ഉപയോഗിച്ചു കൂടുണ്ടാക്കിയാണ് ഇവ മുട്ടകൾ ഇടുന്നത്. 

മിക്ക കൂടുകളും മരങ്ങളുടെ ചുവട്ടിലാണ് ഉണ്ടാക്കുക. 55 സെന്റിമീറ്റർ വരെ ഉയരത്തിലും 140 സെന്റിമീറ്റർ വീതിയിലും പല പാളികളായാണ് കൂട് നിർമിക്കുന്നത്. മിക്കവാറും ഒരു അറയുമുണ്ടാകും. അതിൽ പെൺ പാമ്പ് മുട്ടയിടുന്നു.

7 മുതൽ 43 വരെ മുട്ടകൾ ഉള്ളതിൽ 66 മുതൽ 105 ദിവസം വരെ കാലയളവിനുശേഷം 6 മുതൽ 38 വരെ മുട്ടകൾ വിരിയും. 77 ദിവസം വരെ പെൺപാമ്പ് കൂടിന് കാവലായി സമീപത്തു തന്നെ ഉണ്ടാവുകയും ചെയ്യും. വിരിയുന്ന കുഞ്ഞുങ്ങൾക്ക് 37.5 മുതൽ 58.5 സെന്റിമീറ്റർ വരെ നീളവും 9 മുതൽ 38 ഗ്രാം വരെ ഭാരവുമുണ്ടാകും.

കുഞ്ഞാണെങ്കിലും വിഷം മാരകം

വിരിഞ്ഞ കുഞ്ഞുങ്ങളുടെ വിഷം മുതിർന്ന പാമ്പുകളുടേതുപൊലെ ശക്തമാണ്. തിളങ്ങുന്ന അവയുടെ നിറങ്ങൾ പക്വത പ്രാപിക്കുമ്പോൾ പലപ്പോഴും മങ്ങുന്നു. അവർ ജാഗരൂകരാണ്, അസ്വസ്ഥരാകുന്നുവെങ്കിൽ വളരെ ആക്രമണകാരികളാണ്. ശരാശരി ആയുസ്സ് 20 വർഷമാണ്.

കൊട്ടിയൂരിൽ മുട്ടയിട്ട ശേഷം പെൺപാമ്പ് ഉപേക്ഷിച്ച കൂട് കണ്ടെത്തിയപ്പോൾ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ ഇവയിലെ മുട്ടകൾ വിരിയിച്ചെടുത്തിരുന്നു. രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണ്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു.

എന്നിരുന്നാലും ആഹാരത്തിനു ദൗർലഭ്യം നേരിടുമ്പോൾ പല്ലി, ഉടുമ്പ്, എലി മുതലായ ജീവികളെയും ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസം കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. 

സംസ്ഥാനത്ത് വനംവകുപ്പിന്റെ കീഴിൽ 1500 ഓളം വൊളന്റിയർമാർ വന്യജീവി സംരക്ഷകരായി (വൈൽഡ് ലൈഫ് റെസ്ക്യൂവേഴ്സ്) പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിൽ 10 ഓളം പേർ മാത്രമാണ് രാജവെമ്പാലയെ കൈകാര്യം ചെയ്യുന്നത്.

Tags:
  • Spotlight