Tuesday 20 February 2024 05:20 PM IST

‘മിണ്ടിപ്പറയാൻ ആരുമില്ലാതായിപ്പോയ കോവിഡ് കാലം, അന്ന് എന്നോടു സംസാരിച്ച മാൾട്ടി’: വി.കെ ശ്രീരാമൻ പറയുന്നു

Vijeesh Gopinath

Senior Sub Editor

vk-sreeraman-1

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മ’ യ്ക്ക് പണ്ട് ഒരാടു‌ണ്ടായിരുന്നു. ബഷീറിന്റെ ഘോരഘോരമായ പല ചിന്തകളും ആടു കടിച്ചു കീറി തിന്ന ചരിത്രം പാത്തുമ്മയുടെ ആടെന്ന നോവലിൽ വായിച്ച ഒാർമയിലാണു കുന്നംകുളത്തേക്കു വണ്ടി കയറിയത്.

ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ പക്ഷേ, ആടല്ല. മാൾട്ടിയാണ് ഉള്ളത്. ശ്രീരാമൻ ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളിലെ ‘നായിക’യാണു മൂന്നു വയസ്സുള്ള പട്ടിക്കുട്ടി. സിനിമയുടെ കൂട്ടിൽ കിടന്നിട്ടും മെരുങ്ങാത്ത ശ്രീരാമന്റെ ചങ്ങലയില്ലാത്ത ചിന്തകൾ മാൾട്ടിയിലൂടെ പുറത്തു വരുമ്പോൾ ആരാധകർ കയ്യടിക്കും. ‘ആകയാലും പ്രിയരെ സുപ്രഭാതം’ എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുക് ദിനക്കുറിപ്പുകളിൽ മാൾട്ടിയുടെ സാന്നിധ്യമില്ലെങ്കിൽ കമന്റ് ബോക്സിൽ ചോദ്യങ്ങൾ നിറയും, ‘എവിടെ ഞങ്ങടെ മാൾട്ടി?’

അതുകൊണ്ട് ഇതു ശ്രീരാമന്റെ മാത്രം അഭിമുഖമല്ല, കുരച്ചും മൂളിയും മുഖം തിരി ച്ചും വാലാട്ടിയും ആരാധകരുടെ മാൾട്ടിയും ഒപ്പമിരുന്നു ‘സംസാരിക്കുന്നു.’

മാൾട്ടിയെ കണ്ടുമുട്ടിയത് എങ്ങനെ ?

പെരുമ്പിലാവിലെ ആളൊഴിഞ്ഞൊരു തെങ്ങിൻപറമ്പിലെ പണിതീരാത്ത വീടിന്റെ കാർപോർച്ച്. അവിടെ കൂട്ടിയിട്ട കൽപ്പൊടിക്കൂനക്കു മേലെ ചുരുണ്ടു കിടന്നു തെല്ലമ്പരപ്പോടെ എന്നെ നോക്കുന്ന നിലയിലാണു മാൾട്ടിയെ ഞാനാദ്യം കാണുന്നത്.

കണ്ണുകളിലെ ആ തിളക്കം, ആ നിഷ്കളങ്കത എന്നോ എവിടെയോ വെച്ചു കണ്ട് ഒ ക്കത്തെടുത്തുവെച്ച് ഒാമനിച്ച ഒരു മനുഷ്യക്കുഞ്ഞിന്റെ മുഖം. കുറച്ചുനേരം ഞാനാ മുഖത്തേക്കു നോക്കി നിന്നു. ആ കണ്ണുകൾ ആശങ്കയോടെ എന്നെയും.

അടുത്തു ചെന്ന് എടുത്തുകൊണ്ടു പോ രണമെന്നു തോന്നിയതാണ്. എന്തോ, പിന്നാക്കം വെച്ചു. അതിന്റെ അമ്മയോ അ ച്ഛനോ പരിസരത്തെങ്ങാനും ഉണ്ടാകും. ഓടി വന്ന് ആക്രമിച്ചെന്നു വരാം. അതു കൊണ്ട് ആ മോഹം തൽക്കാലം ഉപേക്ഷിച്ചു. ഈ വിവരം ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. അങ്ങനെ ആരോ പറഞ്ഞു കേട്ടിട്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് കുട്ടൻ എന്നൊരാൾ മാൾട്ടിയേയും എടുത്തുകൊണ്ടു വീട്ടിൽ വരുന്നത്.

മാൾട്ടി: നമ്മൾക്കൊന്നും ചോദിക്കാനും പ റയാനും ആരുമില്ലല്ലോ. എന്റെ അച്ചനും അ മ്മേം എന്നെ കാണാഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടായിരിക്കും. നിങ്ങടെ വല്ലോരടേം കുഞ്ഞിനെ കാണാതായാൽ എന്തായിരിക്കും കോലാഹലം?

ശ്രീരാമൻ: എന്നിട്ട് നിനക്കു ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലല്ലോ? അവിടെ ആയിരുന്നെങ്കിൽ ആ വീട്ടുകാര് ഓടിച്ചു വിട്ടാൽ റോഡിലേക്കിറങ്ങാം. പിന്നെ, നിന്നെ വിളിക്യ എന്താന്നറിയുമോ? ഊരും പേരുമില്ലാത്ത തെരുവുനായ, തെരുവുപട്ടി എന്നൊക്കെ ആയിരിക്കും. ഇപ്പോ വീടായി, കുടുംബമായി, അഡ്രസ്സായി. അതിനാണോ നീ ചൂടാവണത്?

മാൾട്ടി: അതെന്ന്യാ സുഗം. ഇവിടെ എന്താ... രാവും പകലും കൂട്ടിൽ ഇട്ടു പൂട്ടുക. അല്ലെങ്കിൽ ചങ്ങലക്കിടുക.

മാൾട്ടി എന്ന ന്യൂ ജെൻ പേര് എങ്ങനെ കിട്ടി?

ശ്രീരാമൻ: എന്തു പറഞ്ഞാലും തർക്കിക്കുന്ന സ്വഭാവമാണ്. അതിനി മാറ്റാനൊന്നും പറ്റില്ല. അല്ലാ നമ്മൾ പറഞ്ഞു വന്നത് അവസാനിപ്പിച്ചില്ലല്ലോ. വീട്ടിൽ കൊണ്ടുവന്ന് ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളോടു വിവരങ്ങൾ പറഞ്ഞു. ഒരു പേര് നിർദ്ദേശിക്കാൻ പറഞ്ഞു. വിസ്ക്കി, ബ്രാണ്ടി മുതൽ റെഡ്ഡി, റോസി വരെ പല പല പേരുകളും വന്നു. ഒടുവിൽ തിരഞ്ഞെടുത്ത പേരാണ് മാൾട്ടി. മാലതിക്കുട്ടി തേഞ്ഞതാണത്രെ മാൾട്ടി.

മാൾട്ടി: എനിക്കീ പേര് തീരെ ഇഷ്ടല്ലാട്ടോ. ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വെന്റി, മീട്ടി എന്നതൊക്കെ പോലെ എത്രയെത്ര നല്ല പേരുകൾ ഉണ്ട്.

ശ്രീരാമൻ: ഈ പേരിനെന്താ കുഴപ്പം ? നീ വേണമെങ്കി പേര് മാറ്റിക്കോ. ആൾക്കാരൊക്കെ പക്ഷേ, മാൾട്ടീന്നേ വിളിക്കു.

മാൾട്ടി: പേര് വളരെ പ്രധാനമാണെന്നാ അമൽ കൃഷ്ണ പറയുന്നത്. ഫിദൽ കാസ്ട്രോ എന്നതിനു പകരം അങ്ങേരുടെ പേര് ചാക്കപ്പായി എന്നാണെങ്കിൽ വിപ്ലവം നടക്കില്ലായിരുന്നൂന്ന്...

ശ്രീരാമൻ: അമൽ കൃഷ്ണ എന്ന പയ്യനുണ്ട് അവനാ ഇവളെ ഓരോന്നു ഓതിക്കൊടുത്ത് വഴിതെറ്റിക്കുന്നത്.

‘മാൾട്ടിയുെട വർത്തമാനം’ എപ്പോഴാണ് തിരിച്ചറിഞ്ഞത്?

ശ്രീരാമൻ: ആ.. അതു പറഞ്ഞില്ല. ഇവളെ നോക്കാനേൽപ്പിച്ചത് അടുത്ത വീട്ടിലെ ബിന്ദൂന്റെ അടുത്താണ്. ബിന്ദുവിന്റെ ഭർത്താവ് സന്തോഷ് ഒരു കൂടുണ്ടാക്കി അതിനകത്താക്കി.അന്നു മുതൽ തുടങ്ങിയതാ വരുന്നോരേം പോണോരേം ചീത്ത വിളിക്കുന്ന സ്വഭാവം. പിന്നെ, അമൽ കൃഷ്ണയുമായി കൂട്ടായപ്പോൾ പ്രതിഷേധവും തർക്കവും തുടങ്ങി.

കോവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലം. മിണ്ടിപ്പറയാൻ ആരുമില്ലാതായിപ്പോയ കാലം. ഒറ്റപ്പെട്ടു പോയപ്പോൾ ആകാശത്തേക്കു നോക്കി മനുഷ്യൻ സ്വയം സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഒറ്റയ്ക്കിരുന്ന ഒരു ദിവസമാണ് മാൾട്ടി എന്നോടു സംസാരിക്കാൻ തുടങ്ങുന്നത്. മീഡിയം മലയാളം തന്നെ. അതുകൊണ്ടു കാര്യങ്ങൾ തമ്മിൽ പ റയുക എളുപ്പമായി.

സംസാരിക്കുന്നെന്ന തോന്നൽ എങ്ങനെയുണ്ടായി?

ശ്രീരാമൻ: പല ഭാഷക്കാരും തരക്കാരുമായ ആൾക്കാരോട് ചിലപ്പോളെങ്കിലും സംസാരിക്കേണ്ടി വരാത്തവർ ആരാണുള്ളത്.? ജോലിക്കാരില്ലാതായപ്പോൾ ഇവിടെ പറമ്പിലും പാടത്തും പണിക്കു വന്നിരുന്ന തമിഴരോടും ബംഗാളികളോടുമെല്ലാം എന്റെ അമ്മ വർത്തമാനം പറയുന്നത് അതിശയത്തോടെ കണ്ടിട്ടുണ്ട്. മറ്റു മാർഗങ്ങളില്ലായിരുന്നു അമ്മയ്ക്ക്; എനിക്കും മറ്റു മാർഗ്ഗങ്ങളൊന്നുമില്ലായിരുന്നു.

മനുഷ്യന്മാർ ധാരാളം സംസാരിക്കുന്ന കാലത്താണ് ഞാൻ ജനിച്ചു വളർന്നത്. വീട്ടിലും സ്കൂളിലും നാട്ടിലും എവിടെ നോക്കിയാലും തമ്മിൽ തമ്മിൽ വർത്തമാനം പറയുന്ന മനുഷ്യരുണ്ടായിരുന്നു. സ്നേഹിക്കലും കലഹിക്കലും പരാതിപ്പെടലും എന്തിന്, ദൈവങ്ങളോടു പോലും മ നുഷ്യർ സംസാരിച്ചിരുന്നു അന്ന്. ദൈവങ്ങൾ മനുഷ്യരോടും സംസാരിച്ചിരുന്നു. ഇപ്പോൾ‌ ഇല്ല എന്നല്ല കുറഞ്ഞു വന്നു എന്നാണ് ഞാൻ പറഞ്ഞത്. എല്ലായിടത്തും 'കീപ് സൈലൻസ് ' എന്നല്ലേ കൽപന എഴുതിവച്ചിരിക്കുന്നത്. ചെറിയ ക്ലാസുകളിൽ തൊട്ടു കുട്ടികളെ മിണ്ടാതിരിക്കാനാണ് ആദ്യം പഠിപ്പിപ്പിക്കുന്നത്.

പല നടന്മാരും താരാകാശത്തിലാണ്. നാനൂറോളം സിനിമയിൽ അഭിനയിച്ചിട്ടും മണ്ണിൽ നിൽക്കാൻ എങ്ങനെ കഴിയുന്നു?

ശ്രീരാമൻ: ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാത്ത കാലത്ത് അഭിനയിക്കാൻ പോയതാണ്. അതിനു ചിലരൊക്കെ നിർബന്ധിക്കുകയും സഹായിക്കുകയും ചെയ്തു. കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും ആ ലോകത്തു അധികം നിൽക്കാൻ തോന്നിയില്ല. ജീവിതം സുഖമായിരുന്നെന്നു പറയാം. പക്ഷേ, എന്തോ അതൃപ്തി പിടികൂടിയിരുന്നു. വിദേശത്തെല്ലാം ജോലി ചെയ്യുന്ന ചിലർക്കെങ്കിലും ഇതെന്റെ ലോകമല്ല എന്ന് തോന്നാറില്ലേ അതുപോലെ.

സ്കൂളിൽ പഠിക്കുമ്പോഴും ക്ലാസ്സിലിരുന്നു പുറത്തേക്ക് നോക്കി പുറം ലോകം കണ്ടിരിക്കാനായിരുന്നു ഇഷ്ടം. ഭാഗ്യത്തിന് ഞാൻ പഠിച്ച സ്കൂളിലൊക്കെ വലിയ ജനലുകളുണ്ടായിരുന്നു. ഇന്നും അങ്ങനെയാണ്. യാത്ര പോകാൻ തോന്നാറുണ്ടെങ്കിലും ചെന്നെത്തിയാൽ പിന്നെ അവിടുന്ന് മറ്റെങ്ങോട്ടെങ്കിലും പോകണമെന്നു തോന്നും. നാടൻ ഭാഷയിൽ പറഞ്ഞാൽ ‘തെണ്ടി നടക്കാനാ’ ഇഷ്ടം.

ഗൾഫിൽ ജോലിക്കു പോയപ്പോഴും അതു തന്നെയാണ് ഉണ്ടായത്. ഒരു വർഷം തികയും മുമ്പ് ജോലി രാജിവച്ചു തിരിച്ചു പോന്നു. മഴക്കാലമായിരുന്നു നാട്ടിലപ്പോൾ. മ സ്ക്കറ്റിൽ കൊടും ചൂടും. രാജിക്കത്തിൽ രാജിവയ്ക്കാനുള്ള കാരണം ഇങ്ങനെയാണെഴുതിയത്, ‘അസ് ഐ ആം സഫറിങ് ഫ്രം വിൻഡ് ആൻഡ് റെയിൻ...’ അങ്ങനെ ഈ മഴയിലേക്കും വെയിലത്തേക്കും തിരിച്ചെത്തി.

മാൾട്ടി: അതൊന്നല്ലാന്നാ ഞാൻ കേട്ടിരിക്കണത്. പണിയെടുക്കാൻ മടി. വെറുതെ ഇരുന്നു ഒരു പണിയും എടുക്കാതെ, അധ്വാനിക്കാതെ ഉണ്ടും ഉറങ്ങീം ഇങ്ങനെ സുഖായി ജീവിക്കണം. അതന്നെ വിൻഡ് ആൻഡ് റെയിൻ.

vk-sreeraman-3

ശ്രീരാമൻ: ഓ പിന്നെ, നീയിവിടെ പണിയെടുത്ത് മല മറിക്കുകയാണല്ലോ. ടൈഗർ ബിസ്ക്കറ്റു പറ്റില്ല ഇവൾക്ക്, ഓറിയോ വേണം അല്ലെങ്കിൽ ഗുഡ്ഡേ. അതൊന്നു തിന്ന് സുഖായിട്ട് കിടന്നുറങ്ങാ. പിന്നെ വഴീക്കൂടെ പോണോരെ കടിക്കാൻ ചെല്ല്വാ. അതൊക്കെ അല്ലേ അധ്വാനം?

പഴയകാല സിനിമകൾ കാണുമ്പോൾ ചിലതിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നാറില്ലേ?

ശ്രീരാമൻ: പഴയതും പുതിയതുമായ സിനിമകളൊന്നും കാണാറില്ല. ഉണ്ടെങ്കിൽ തന്നെ അപൂർവം. ഗീതയൊക്കെ പോകുമ്പോൾ ചിലപ്പോ കൂടെപ്പോകും. അങ്ങനെ കണ്ടതാണ് ‘നൻ പകൽനേരത്ത് മയക്കം.’

ആദ്യകാലത്തു ചില സിനിമകളിലൊക്കെ ചെന്നുപെട്ടത് തിരഞ്ഞെടുപ്പുകളിലെ ജാഗ്രതക്കുറവു കാരണമാണ്. അഭിനയിക്കാൻ ചെന്ന ശേഷമായിരിക്കും കഥയെന്ത് കഥാപാത്രമെന്താണ് എന്നെല്ലാം അറിയുന്നത്. ഒരുദാഹരണം പറയാം. പ്രശസ്ത സംവിധായകന്റെ സഹായി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. ദ്വീപിൽ വിമാനം തകർന്നു വീഴുന്നതാണ് കഥ. പ്രധാന വേഷം എനിക്കാണെന്നും പറഞ്ഞു. ഞാൻ സെറ്റിലെത്തി. ഒരു ദ്വീപാണ്. എനിക്കൊപ്പം കുറേ സ്ത്രീകളും ഉണ്ട്. പെട്ടെന്നാണ് ഡ്രസ് ചേഞ്ച് എന്ന് ഏതോ അസിസ്റ്റൻറ് അലറിയത്. അത് കേട്ടതും ഇട്ട വസ്ത്രങ്ങൾ ആ സ്ത്രീകൾ ഊരിയെറിഞ്ഞ് ക്യാമറക്ക് മുന്നിലേക്ക് വന്നു. അപ്പോഴാണ് എനിക്കു കാര്യം മനസിലായത്. ഇതൊക്കെ ഒരു തരം കുടുങ്ങലുകളാണ്.

ഇത്തരം കുറേ വേഷങ്ങളിൽ അഭിനയിച്ചതിനാൽ ചീത്തപ്പേരൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, കുറ്റബോധമൊന്നും തോന്നിയിട്ടില്ല. സിനിമാഭിനേതാക്കളിൽ നല്ല മനുഷ്യരുണ്ടെങ്കിലും നല്ല മനുഷ്യരാവാൻ വേണ്ടി ആരും സിനിമയിലഭിനയിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

മാൾട്ടി: ഇനിക്കും സിനിമേൽ അഭിനയിക്കണംന്നുണ്ട്. അ തിനെന്താ ചെയ്യാ?

ശ്രീരാമൻ: ഒന്നാമത് നിന്റെ വായിലെ നാവ് അടക്കി വയ്ക്കണം. മറ്റുള്ളവർ പ്രത്യേകിച്ച് യജമാനൻ പറയുന്നത് അനുസരിക്കാൻ പഠിക്കണം. നീ സംവിധായകൻ പറയുന്നത് അനുസരിക്കാതെ അയാളെ കടിക്കാനോ മാന്താനോ ചെല്ലും. അതാ സംഭവിക്കുക. അവിടെ ചെന്നാൽ യജമാനനും ഭൃത്യന്മാരുമുണ്ടാകും. അതൊക്കെ അനുസരിച്ച് നിൽക്കേണ്ടി വരും. നിനക്കതൊന്നും പറ്റില്ല. നീ ചോദ്യം ചെയ്യാനും തർക്കിക്കാനും തുടങ്ങും.

പഴയ ചട്ടമ്പിക്കാലത്ത് എന്തു ധൈര്യത്തിലാണു ജീവിതത്തിലേക്കു വന്നതെന്നു ഭാര്യയോടു ചോദിച്ചിട്ടുണ്ടോ?

ശ്രീരാമൻ: ഗീതയോടു പലപ്പോഴും അതു ചോദിച്ചിട്ടുണ്ട്. ആകെ പൊക്കത്തിന്റെ കാര്യത്തിൽ മാത്രമേ ഞങ്ങള്‍ ത മ്മിൽ സാമ്യം ഉള്ളൂ. അത്യാവശ്യം തല്ലുംപിടിയുമായി നടന്ന കാലത്താണു കല്യാണം. ആ കാലത്തിന്റെ ഒാർമയ്ക്കായി തലയിൽ 13 സ്റ്റിച്ച് ഇട്ട പാടും ഉണ്ട്. ഉത്സവപ്പറമ്പിൽ വച്ചു കുറച്ചാളുകളുമായി എങ്ങനെയോ അടിയുണ്ടായി. അവിടെയുള്ള ഒരു കുറ്റി പറിച്ചു ഞാൻ തിരിച്ചടിച്ചു. എന്റെ അടിയെല്ലാം അപ്രസക്തമായി. അവരുടെ അടിയൊക്കെ എനിക്കു കൃത്യമായി കിട്ടുകയും ചെയ്തു.

ഇപ്പോ ആലോചിക്കുമ്പോ തോന്നാറുണ്ട്, എന്റെ മകൾക്ക് എന്നെ പോലെ ഒരാളെ ഞാന്‍ വിവാഹം കഴിച്ചു കൊടുക്കില്ല. ജോലിയില്ല, സുരക്ഷിതത്വമില്ല, സൽസ്വഭാവമില്ല, ദുഃസ്വഭാവത്തിൽ പേരുകേട്ടവ ഉണ്ടായിരുന്നു താനും. നാട്ടുകാർക്ക് ഇതെല്ലാം അറിയാമായിരുന്നു. ആരോട് അന്വേഷിച്ചാലും നല്ല വാക്കു കേൾക്കാനാകാത്ത കാലം. എന്നിട്ടും ഗീതയെ ഞാൻ വിവാഹം കഴിച്ചു.

vk-sreeraman-2

ഇത്ര നന്നായി അനുഭവം എഴുതുന്ന ആൾ എന്തുകൊണ്ട് ഒരു തിരക്കഥ എഴുതിയില്ല?

ശ്രീരാമൻ: മമ്മൂട്ടിയാണ് എന്നോട് ആദ്യം തിരക്കഥ എഴുതാൻ പറഞ്ഞത്. പണ്ട് തിരൂരിൽ സംഭവിച്ച ഒരു കൊലപാതകം അടിസ്ഥാനമാക്കി ഒരു തിരക്കഥ എഴുതിത്തുടങ്ങി– കുഞ്ഞിക്കിളിയൻ കൊലക്കേസ്. ഒരു മന്ത്രവാദിയെ കൊല്ലുന്നതാണ് കഥ. പൊലീസ് സ്റ്റേഷനിലേക്ക് കുഞ്ഞിക്കിളിയൻ എന്ന മന്ത്രവാദിയുടെ തലയുമായി പ്രതി എത്തുന്നു. കുറച്ചു സീനുകൾ എഴുതി.

മറ്റൊരാൾക്കു വേണ്ടി എഴുതുന്നതല്ലേ തിരക്കഥ. പലപ്പോഴും ഞാൻ എഴുതുന്നതു സിനിമയ്ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളായിരുന്നു. പിന്നെ എവിടെയൊ വച്ച് നിന്നു. മമ്മൂട്ടിയും ഉദാസീനനായി. പിന്നീട് അത് മാട്ട് എന്ന കഥയായി പ്രസിദ്ധികരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആ കഥ പാഠ്യവിഷയമാക്കി.

സിനിമയിലെ ചില നഷ്ടങ്ങളൊക്കെ ഒാർമിക്കാറില്ലേ?

ശ്രീരാമൻ: പവിത്രനും അരവിന്ദനും ജോണും നെടുമുടിയും... അങ്ങനെ സിനിമയുടെ തുടക്കകാലത്തുണ്ടായിരുന്നവരെല്ലാം പോയി. ഭാരതപ്പുഴയുടെ തീരത്തു കൂടി പോകുമ്പോൾ അതൊക്കെ ഒാർമവരും

പഴയതൊന്നും തിരിഞ്ഞു നോക്കിയിട്ട് കാര്യമില്ല. ഉള്ള ആൾക്കാരുമായി വർത്തമാനം പറഞ്ഞിരിക്കുന്നതാണ് ന ല്ലത്. അതുകൊണ്ടു കൂടിയാണ് മാൾട്ടിയോടൊക്കെ സംസാരിക്കാൻ തുടങ്ങിയത്.

മാൾട്ടിയും ശ്രീരാമനും ക്യാമറയ്ക്ക് മുന്നിലേക്ക്. കൂട്ടിലിട്ടു മെരുക്കാനാവാത്ത രണ്ടുപേർ. ഞങ്ങൾക്ക് പോസ് ചെയ്യാനൊന്നും വയ്യ. കിട്ടുന്ന പടമെടുത്തോ എന്ന മട്ടിൽ മിണ്ടിമിണ്ടി ഇരുന്നു.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ