Thursday 29 February 2024 09:52 AM IST : By സ്വന്തം ലേഖകൻ

സിദ്ധാർഥനെ നഗ്നനാക്കി ക്രൂരമായി റാഗ് ചെയ്തു, സംഘത്തിൽ ആന്റി റാഗിങ് സെൽ അംഗവും: അധികൃതരും അറിഞ്ഞു കൊല്ലാക്കൊല

ddg65679900 സിദ്ധാർഥ്

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേതാക്കളടക്കം പ്രതികളായതോടെ പ്രതിരോധത്തിലായ എസ്എഫ്ഐ, യൂണിറ്റ് കമ്മിറ്റിക്കെതിരെ കൂട്ടനടപടിയെടുത്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ അടക്കം 4 പേരെ പുറത്താക്കിയതായാണ് സംസ്ഥാന പ്രസിഡന്റ് പി.എം. ആർഷോ അറിയിച്ചത്. മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ല. വിദ്യാർഥിയെ കൊലപ്പെടുത്തിയത് എസ്എഫ്ഐ ആണെന്ന ഭാഷ്യം ചമയ്ക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ആർഷോ ആരോപിച്ചു.

ജില്ലയിൽ എസ്എഫ്ഐയ്ക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ക്യാംപസുകളിലൊന്നാണ് പൂക്കോട് സർവകലാശാല. ക്യാംപസിലെ ഏക വിദ്യാർഥിസംഘടനയും എസ്എഫ്ഐ തന്നെ. ഇതു കൊണ്ടു തന്നെ പൂക്കോട് സഖാക്കൾക്കെതിരെ ധൃതി പിടിച്ചു നടപടിയെടുത്താൽ ശക്തികേന്ദ്രം കൈവിട്ടു പോയേക്കുമെന്ന വിലയിരുത്തലാണു നേതൃത്വത്തിനു തുടക്കത്തിലുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെയുണ്ടാകുന്ന കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു വസ്തുതാപരമായ അന്വേഷണം നടത്തണമെന്നാണു നേതാക്കൾ പറഞ്ഞിരുന്നത്. കോളജ് അധികൃതർ നടപടിയെടുത്തതിന്റെ പിറ്റേദിവസമായ 23ന് എസ്എഫ്ഐ നടപടി എടുത്തെന്ന് ആർഷോ പറയുന്നുണ്ടെങ്കിലും ഇത് പുറത്തറിയിച്ചത് ഇന്നലെയാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരാണ് പ്രതിപ്പട്ടികയിലെ പ്രധാന നേതാക്കൾ.

കൊല്ലാക്കൊല ആന്റി റാഗിങ് സെൽ അംഗത്തിന്റെ നേതൃത്വത്തിൽ

പൂക്കോട് വെറ്ററിനറി കോളജിൽ ജെ.എസ്. സിദ്ധാർഥനെ നഗ്നനാക്കി അതിക്രൂരമായി റാഗ് ചെയ്തത് ആന്റി റാഗിങ് സെൽ അംഗത്തിന്റെ നേതൃത്വത്തിൽ. പ്രധാന പ്രതികളിലൊരാളും കോളജ് യൂണിയൻ പ്രസിഡന്റുമായ കെ. അരുൺ ആണ് ഈ റാഗിങ് വിരുദ്ധ സമിതിയംഗം. ക്യാംപസിൽ റാഗിങ്ങിനെതിരായ ബോധവൽക്കരണവും പ്രതിരോധവും നടത്തേണ്ടയാൾ. എന്നാൽ, അരുൺ നേതൃത്വം നൽകിയ സംഘമാണ് ക്യാംപസിനുള്ളിൽ വിദ്യാർഥിയെ 3 ദിവസം തുടർച്ചയായി മർദിച്ചത്. ക്യാംപസിലെ സ്വാതന്ത്ര്യം വിദ്യാർഥിനേതാക്കൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടെന്ന് ഒരുവിഭാഗം അധ്യാപകർ പറയുന്നു.

എസ്എഫ്ഐ വെറ്ററിനറി സബ് കമ്മിറ്റി നൽകിയ നിവേദനത്തെത്തുടർന്നാണ് സർവകലാശാലയിലെ ഹോസ്റ്റൽ സമയത്തിലുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞത്. 24 മണിക്കൂറും വരികയും പോവുകയും ചെയ്യാവുന്ന തരത്തിൽ ഹോസ്റ്റൽ പ്രവർത്തനം മാറ്റുകയെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും ഇതു ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം. റാഗിങ് ഭയന്ന് അധികൃതർ ഒന്നാം വർഷ വിദ്യാർഥികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാറില്ല. ആദ്യവർഷം പുറത്തെ ഹോസ്റ്റലിലാണ് അവർ താമസിക്കേണ്ടത്. 110 ഏക്കറോളം പരന്നുകിടക്കുന്ന ക്യാംപസിൽ അഞ്ഞൂറോളം വിദ്യാർഥികളെ നിയന്ത്രിക്കാൻ അധികൃതരും പരാജയപ്പെടുന്നു.

അധികൃതരും അറിഞ്ഞ പീഡന പരമ്പര

ജെ.എസ്. സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും നേരിട്ട സംഭവത്തിൽ കോളജ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായതു ഗുരുതര വീഴ്ച. 3 ദിവസം തുടർച്ചയായി ക്യാംപസിലും ഹോസ്റ്റലിനുള്ളിലും വിദ്യാർഥി ക്രൂരപീഡനത്തിനിരയായതു തടയാനോ നടപടിയെടുക്കാനോ അധികൃതർക്കായില്ല. മർദനമുണ്ടായത് അറിഞ്ഞില്ലെന്നും പരാതി ലഭിച്ചയുടൻ അന്വഷണം നടത്തി സസ്പെൻഷൻ ഉത്തരവിറക്കിയെന്നും അധികൃതർ പറയുന്നു. എന്നാൽ, സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 4 ദിവസത്തിനു ശേഷം പൊലീസ് അറിയിച്ചപ്പോൾ മാത്രമാണ് കോളജിൽ ആന്റി റാഗിങ് കമ്മിറ്റി യോഗം അധികൃതർ വിളിച്ചു ചേർത്തത്. പിന്നീട് 12 പേരെ സസ്പെൻഡ് ചെയ്തു. അന്നുവരെ മിക്ക പ്രതികളും ക്യാംപസിലുണ്ടായിരുന്നു.