Wednesday 28 February 2024 02:24 PM IST : By സ്വന്തം ലേഖകൻ

വെറ്ററിനറി കോളജിലെ റാഗിങ്:‌ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല! ഇരുട്ടില്‍ തപ്പി പൊലീസ്

ddg65679900

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കായി ഇരുട്ടില്‍ തപ്പി പൊലീസ്. റാഗിങ്‌ നിരോധന നിയമപ്രകാരം കോളജിലെ 12 വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. 

വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെ 12 പേരാണ് പ്രതികൾ. ഇവർക്ക് ഒളിവിൽ പോകാൻ പൊലീസും കോളജ് അധികൃതരും സാവകാശം നൽകിയെന്നാണ് ആരോപണം. സംഭവം നടന്ന 10 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധത്തിലാണ് വിദ്യാർഥി സംഘടനകൾ. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ്എഫ്ഐ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സിദ്ധാർഥിന്റെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റിട്ടുണ്ടെന്ന് തെളിഞ്ഞതോടെ റാഗിങ്‌ നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇരുപത്തിനാലാം തീയതി വരെ പ്രതികൾ കോളേജിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് താൽപ്പര്യം കാണിച്ചില്ലെന്നാണ് ആരോപണം. അന്വേഷണം പുരോഗമിക്കുന്നു എന്നാണ് പൊലീസ് വാദം.

Tags:
  • Spotlight