Tuesday 02 April 2024 12:05 PM IST : By സ്വന്തം ലേഖകൻ

‘ഞാനല്ലേ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി തരുന്നത്’: ജോലിയില്ലാത്ത ഭാര്യയോടു ഇത്തരം സംസാരങ്ങൾ അരുത്

marriage-and-family

ഏതു പേരിട്ടു വിളിച്ചാലും നദി പോലെയാണ് അവൾ. ബാല്യത്തിൽ കുഞ്ഞിളം കല്ലിൽ തട്ടിക്കളിച്ച് ഒഴുകിത്തുടങ്ങിയതാണ്.

വളർ‌ന്നൊരു നദിയായപ്പോൾ ഹൃദയം തുരന്നു മണ്ണെടുത്തു കടത്തിക്കൊണ്ടുപോയവരുണ്ട്. സ്നേഹംകൊണ്ടെന്നു പ റഞ്ഞ് അണകെട്ടി നിർത്തി ഒഴുക്കു തടഞ്ഞവരുണ്ട്. കനലുപോലെ പൊള്ളിച്ച വേനലനുഭവങ്ങളിലൂടെ വറ്റിച്ചു കളയാൻ നോക്കിയവരുണ്ട്. എന്നിട്ടും അവൾ ഒഴുകുകയാണ്.

സ്ത്രീ മനസ്സ് വായിക്കാൻ പ്രയാസമാണെന്നു പറ‍ഞ്ഞു കൈകഴുകിയവര്‍ അറിയാൻ – അതു മനസ്സിലാക്കാൻ ഒറ്റ വഴിയേയുള്ളൂ. ഒഴുകാൻ അനുവദിക്കുക. സ്വാതന്ത്യ്രത്തോടെ അവൾ ഒഴുകി പടരട്ടെ.തുല്യതയോടെ, എന്നാൽ പ്രായോഗിക ബുദ്ധിയോടെ ജീവിതം കൊണ്ടുപോകാനുള്ള അറിവോടെ വിവാഹത്തിലേക്കു കടക്കാം.

ഒന്നിച്ചു പറക്കാനുള്ള ആകാശം

ബെറ്റർ ഹാഫ്(മികച്ച മറുപാതി) എന്നാണ് ഭാര്യയെ വിശേഷിപ്പിക്കാറുള്ളത്. പുരുഷന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മറുപാതിയാണ് ഭാര്യ എന്ന ചിന്ത പങ്കാളിക്കു വേണം. അതുകൊണ്ടു തന്നെ പുരുഷന് വിധേയപ്പെട്ടു ജീവിക്കേണ്ടവളാണെന്ന പഴഞ്ചൻ ചിന്ത പാടുകൾ പോലുമില്ലാതെ മായ്ച്ചു കളയുക.

∙ തുല്യതയ്ക്കാണ് വിവാഹജീവിതത്തിൽ പ്രാധാന്യം ന ൽകേണ്ടത്. അതിനു വിഘാതമുണ്ടാക്കുന്ന എന്തും ആ ബന്ധത്തിന്റെ ഊഷ്മളതയ്ക്കു തടസ്സമുണ്ടാക്കും. വിവാഹ ആലോചനകൾ ഉണ്ടാകുമ്പോൾ തന്നെ ‘വരച്ച വരയിൽ നിർത്തുന്ന’ പങ്കാളിയാണെന്ന തോന്നലുണ്ടായാൽ ആ ബന്ധം വേണ്ട എന്നു വയ്ക്കാനുള്ള തന്റേടം ഉണ്ടാകണം. ലൈംഗികതയിൽ പോലും സമ്മതം വേണം എന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്.

∙ ഗാർഹിക കാര്യങ്ങൾ തുല്യമായി പങ്കിടുന്ന രീതിയിലേക്ക് ഭാര്യയും ഭർത്താവും എത്തണം. പങ്കാളിയോടു തുറന്നു സംസാരിച്ചു തീരുമാനങ്ങൾ എടുക്കണം. തൊഴിൽ ചെയ്യുന്നില്ലെങ്കിൽ പോലും വീട്ടുജോലികളിൽ സഹായിക്കുന്നതു പരസ്പരമുള്ള ഇഴയടുപ്പം കൂട്ടും.

∙ ജോലിക്കു പോകാത്ത സാഹചര്യത്തിൽ ‘നിനക്കു കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ പോരേ? ശമ്പളം കൊണ്ടവരുന്നതു ഞാനല്ലേ എന്ന മട്ടിലുള്ള കുറ്റപ്പെടുത്തലുകൾക്കു കൃത്യമായ മറുപടി പെൺകുട്ടികൾ നൽകണം.

∙ വിവാഹം കഴിഞ്ഞതോെട വീടുവിട്ടിറങ്ങി എന്ന തോന്നല്‍ പാടില്ല. വിവാഹ ജീവിതത്തിൽ പ്രശ്നം വന്നാൽ ഒപ്പം നിൽക്കാൻ ആരുമില്ലെന്ന തോന്നൽ പാടില്ല. വിവാഹം കഴിഞ്ഞാലും മകൾ എന്ന വാക്കിന്റെ അർഥം മാറുന്നില്ലല്ലോ...

∙ വിവാഹത്തിൽ അപ്രിയ സാഹചര്യം ഉണ്ടാകുമ്പോൾ കൈകാര്യം ചെയ്യാനുള്ള നിയമങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടാകണം. ഗാർ‌ഹിക പീഡനങ്ങൾ ഉണ്ടായാൽ സഹിച്ചിരിക്കേണ്ട കാര്യമില്ല.

‘നോ’ എന്നുതന്നെ പറയണം

∙ സ്ത്രീധനം ചോദിക്കുന്ന പുരുഷന്മാരെ വേണ്ടെന്നു വയ്ക്കാനുള്ള ധൈര്യം ഉണ്ടാവണം. എത്ര വലിയ കുടുംബമാണെങ്കിലും ഈ കാര്യത്തിൽ ‘നോ’ എന്നു തന്നെ പറയുന്നതാകും നല്ലത്. വിവാഹത്തിലേക്കു കലാശിക്കുന്ന പ്രണയബന്ധങ്ങളിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

∙ വിവാഹ േശഷവും പഠിക്കാനും ജോലി ചെയ്യാനും ഒക്കെ ആഗ്രഹങ്ങളുണ്ടാകാം. വ്യക്തിപരമായ ഇത്തരം ലക്ഷ്യങ്ങളെ പൂർണമായി ബലികൊടുക്കണം എന്ന നിർബന്ധം വിവാഹജീവിതത്തിൽ വരാൻ പാടില്ല. ആശയവിനിമയത്തിലൂടെ പരിഹരിച്ചു മുന്നോട്ടു പോകണം.

∙ വിവാഹ ബന്ധത്തിനു പ്രതിസന്ധി ഉണ്ടാക്കാത്ത രീതിയിൽ വ്യക്തിപരമായ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും സമയം നൽകാം. ഉദാ: സോഷ്യൽമീഡിയയുടെ ഉപയോഗം, റീൽസ്... എന്നാൽ ഇതുകാരണം കുടുംബത്തിനു നൽകേണ്ട സ മയം നഷ്ടമാകാനും പാടില്ല.

∙ വിവാഹം കഴിഞ്ഞ ഉടൻ പരസ്പരം മനസ്സിലാക്കുന്ന കാര്യത്തിൽ മുൻവിധി പാടില്ല. എല്ലാം തികഞ്ഞ, മനസിലുള്ളതു പോലെയുള്ള ഒരു പങ്കാളിയാകണം ഭർത്താവ് എന്ന നിർബന്ധം വേണ്ട. നന്മ കാണാനുള്ള കണ്ണ് എപ്പോഴും തുറന്നു തന്നെ ഇരിക്കണം.

∙ വിവാഹബന്ധത്തിന്റെ അടിത്തറ പ രസ്പര വിശ്വാസമാണ്. സംശയങ്ങൾ കൊണ്ട് എടുത്തു ചാടി പ്രതികരിക്കാതിരിക്കുക. ക്ഷമയോടെ ആലോചിച്ചു ശരിതെറ്റുകൾ കണ്ടെത്തി ബുദ്ധിപരമായി ചർച്ചയിലൂടെ മാറ്റം വരുത്താം.

∙ തമ്മിൽ സംസാരിച്ചു പരിഹരിക്കാനാകാത്ത കാര്യങ്ങൾ പ്രഫഷനൽ മാനസികാരോഗ്യ വിദഗ്ധനു മുന്നില്‍ അവ തരിപ്പിക്കാം. കരടുകൾ പെറുക്കിയെടുത്തില്ലെങ്കിൽ ദാമ്പത്യത്തിൽ അകലം കൂടാനുള്ള സാധ്യതകളുണ്ട്.

∙ അടുപ്പമുള്ള സൗഹൃദങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധങ്ങളും എല്ലാം സമൂഹത്തിന്റെ ഭാഗമായി മാറിയ കാലഘട്ടത്തിൽ പരസ്പര വിശ്വാസത്തെക്കുറിച്ചുള്ള തർക്കങ്ങളുണ്ടാകാനിടയുണ്ട്. അതിനെ കൂടുതൽ മോശമാക്കാതെ അതിസമർഥമായി കൈകാര്യം ചെയ്യാനുള്ള വിവേകവും അതിലേക്കു പങ്കാളിയെ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിയും വേണം.

∙പങ്കാളികളുടെ ലൈംഗിക താൽപര്യത്തിന് വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ക്ഷീണവും മൂഡ് സ്വിങ്സും ഒാഫിസ് ടെൻഷനുമെല്ലാം താൽപര്യം കുറച്ചേക്കാം. അതു പങ്കാളി തിരിച്ചറിയണം.

∙ സ്ത്രീ ആയതുകൊണ്ടു ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞാൽ മോശമാകും എന്ന ചിന്തവേണ്ട. ഇഷ്ടങ്ങൾ തുറന്നു പറയേണ്ടതാണെന്നും അതു കിടപ്പറയെ കൂടുതൽ സുന്ദരമാക്കുമെന്ന തിരിച്ചറിവു പങ്കാളിയിലുണ്ടാക്കുക.

∙ഇങ്ങനെ തുറന്നു പറഞ്ഞാൽ മുൻകാല പരിചയമുണ്ടെന്നു തോന്നിയാലോ എന്ന ഭയം മാറ്റണം. ലൈംഗികത ആസ്വദിക്കാനുള്ളതാണ്. ഭയത്തിനു കീഴ്പ്പെട്ടു പറയാതിരിക്കുന്നതിനേക്കാൾ പറയേണ്ട സന്ദർഭത്തിൽ പറയുക. ഒരിക്കലും പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയിലാകരുതു തുറന്നു പറച്ചിൽ.

∙ ലൈംഗികതയുടെ വ്യതിയാനങ്ങൾ സ്വാഭാവികമാണ്. വൈകാരിക ബന്ധം വളർന്നതിനു ശേഷം മാത്രം സെക്സിലേക്കു കടക്കുന്നതാകും പലർക്കും താൽപര്യം. ഇത്തരം ഇഷ്ടങ്ങൾ തുറന്നു പറയാനുള്ള സ്പേസ് ഉണ്ടാകുമ്പോഴാണു ലൈംഗികത ആസ്വാദ്യമാകുന്നത്.

∙ മനസ്സുകൊണ്ട് ലൈംഗിക ബന്ധത്തിനു തയാറല്ലാത്ത സമയത്ത് ആ തരത്തിലുള്ള പെരുമാറ്റം മാനസികമായി അകലം ഉണ്ടാക്കും എന്നു ചില പുരുഷന്മാരോടെങ്കിലും സ്നേഹത്തോടെ തുറന്നു പറഞ്ഞു കൊടുക്കേണ്ടിവരും.

അവളെ ശരിയായി അറിയൂ

∙ വിവാഹം കഴിഞ്ഞാൽ പുരുഷനു വിധേയപ്പെട്ടു ജീവിക്കേണ്ടതാണെന്ന ചിന്ത വളർത്തരുത്. തുല്യതയോടെയും പ്രായോഗിക ബുദ്ധിയോടെയും ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള ബോധമാണ് വിവാഹിതയാകുന്ന മകൾക്കു നൽകേണ്ടത്.

∙ ജോലിയില്ലാത്ത ഭാര്യയോടു ഞാനല്ലേ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി തരുന്നത് എന്ന കാഴ്ചപ്പാടോടെ സംസാരിക്കാൻ പാടില്ല. സ്ത്രീകളുടെ ആത്മാഭിമാനം ഇല്ലാതാക്കുന്ന ഇത്തരം താഴ്ത്തി പറയലുകൾ നിങ്ങളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കും.

ഭാര്യ എന്ന റോളിൽ സ്ത്രീ ചെയ്യുന്ന ജോലിക്ക് പണം നിശ്ചയിച്ചു കഴിഞ്ഞാൽ പല ഭർത്താക്കന്മാരുടെയും ശമ്പളം തികയാതെ വരും. അമ്മയാകുക എന്നതിന് എത്ര ശമ്പളം കൊടുത്താലും തികയില്ല.

∙ ദമ്പതിമാരുടെ ജീവിതത്തിലേക്കു രണ്ടുപേരുടെയും മാതാപിതാക്കൾ ഇടിച്ചു കയറരുത്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പങ്കാളികൾ തന്നെ പരിഹരിക്കട്ടെ. അവർക്കതിനു കഴിയുന്നില്ലെങ്കിൽ ‘ഞങ്ങൾ സംസാരിച്ചാൽ ചിലപ്പോൾ പക്ഷം പിടിക്കും. അതുകൊണ്ടു പ്രഫഷനൽ സഹായം തേടാം’ എന്ന് അവരോടു പറയാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി.ജെ. ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി