Friday 19 April 2024 06:34 PM IST

റെഡ്മീറ്റ്, വറുത്തഭക്ഷണങ്ങൾ, മദ്യം... പ്രായമേറും മുൻപേ കരളിനെ നശിപ്പിക്കും ഈ ശീലങ്ങൾ: ‘കരളിനെ കാത്തുസൂക്ഷിക്കൂ...’

Dr. B. Mohammed Noufal, Lead Interventional Gastroenterologist, Apollo Adlux Hospital

liver-day

ലോക കരൾ ദിനം: 500 ഓർമ്മകളുടെ കാവലാളായ കരളിനെ അറിയാം

ഏപ്രില്‍ 19 , ലോക കരള്‍ ദിനം. കരളിന്റെ പങ്കിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കരളുമായി ബന്ധപ്പെട്ട രോഗങ്ങളെയും അവസ്ഥകളെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക കരള്‍ ദിനമായി ആചരിക്കുന്നത്. നമ്മുടെ ശരീരം നിരവധി അത്ഭുതകരമായ അവയവങ്ങൾക്ക് താവളമാണ്, പക്ഷേ കരൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അവയവം കൂടിയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദഹനപ്രക്രിയയിൽ സഹായിക്കുന്ന പല അവയവങ്ങളിൽ ഒന്നു മാത്രമാണ് കരൾ, ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ആയ കരൾ ദഹനപ്രക്രിയയെ മാത്രമല്ല സഹായിക്കുന്നത്. നമ്മുടെ ജീവൻ നിലനിർത്തുന്നതിന് 500 ൽ കൂടുതൽ അത്യാവശ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരവയവം കൂടിയാണ് കരൾ. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയെ സഹായിക്കുന്നതും ശരീരത്തിലെ വിവിധ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരളിന്റെ പങ്കും വളരെ വലുതാണ്.

ഇന്ത്യയിൽ ഓരോ വർഷവും 2,00,000 പേർ എങ്കിലും കരൾരോഗം മൂലം മരിക്കുന്നു 10 ലക്ഷത്തിലധികം പേർക്ക് കരൾ സിറോസിസ് പുതിയതായി കണ്ടെത്തുന്നു. കേരളത്തിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ, സ്ഥിതിവിവര കണക്കുകൾ ഇതിലും ഭീകരമാകാനാണ് സാധ്യത. എല്ലാവർഷവും 300 ൽ അധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മലയാളികൾക്ക് ചെയ്യേണ്ടിവരുന്നു.

സാധാരണയായി, ഹെപ്പറ്റൈറ്റിസ് ബി, സി, മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ കരളിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. കരളാണ് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നത്. വിറ്റാമിനുകളും മിനറലുകളും സംഭരിക്കുക, ദഹനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുക തുടങ്ങി ശരീരത്തിലെ മറ്റ് 500 പ്രധാന പ്രവര്‍ത്തനങ്ങളില്‍ കരളിന് വളരെ വലിയ പങ്കുണ്ട്. അതിനാല്‍ കരളിനെ പരിപാലിക്കേണ്ടത് ജീവന്റെ വിലയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ 5-ല്‍ ഒരാള്‍ക്ക് കരള്‍ രോഗം ബാധിച്ചേക്കാം. ഇന്ത്യയിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങളില്‍ പത്താമത്തേത് കരള്‍ രോഗമാണ്.

കരളിനെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍:

- ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കുക. ഈ പച്ചക്കറികള്‍ ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.

- നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയ വാള്‍നട്ട്, അവോക്കാഡോ, ഒലിവ് ഓയില്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

- കരളിനെ ആരോഗ്യകരമായി സംരക്ഷിക്കണമെങ്കില്‍ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളം ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരളിനെ സഹായിക്കും.

- ഭക്ഷണത്തില്‍ പഴങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.

- പതിവായി വ്യായാമം ചെയ്യുക.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍:

- പ്രോസെസ്സഡ് ഭക്ഷണങ്ങള്‍ക്ക് കരളിലെ കൊഴുപ്പിന് കാരണമാകുന്ന ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൂടാതെ ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനും സാധ്യത ഏറെയാണ് .

- വറുത്ത ഭക്ഷണങ്ങളും സാറ്റുറേറ്റഡ് കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും ഒഴിവാക്കുക.

- മദ്യപാനം ഒഴിവാക്കുക. മദ്യം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ കരളിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.

- റെഡ് മീറ്റിന്റെ അമിത ഉപയോഗം ഒഴിവാക്കുക, ഇത് കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.

- ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ചോക്ലേറ്റുകള്‍, മിഠായികള്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

liver-day-2

കരൾ സ്ക്രീനിങ് പരിശോധനകൾ എപ്പോൾ ആരംഭിക്കണം?

രണ്ടു പതിറ്റാണ്ട് മുമ്പ് 50, 60 വയസ്സിനു മുകളിൽ കണ്ടുവന്നിരുന്ന കരൾ രോഗം ഇന്ന് 40 കളിലെത്തുന്ന ആളുകൾക്കും വരുന്നതായി കാണുന്നു. 40 വയസ്സിനു ശേഷം കരൾ രോഗ സ്ക്രീനിങ് ആരംഭിക്കുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് കരൾരോഗ സാധ്യത കൂടിയ ആളുകൾ- സ്ഥിരമായ മദ്യപാനം, പ്രമേഹം, അധികരിച്ച കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കുടുംബപരമായി കരൾ രോഗങ്ങൾ ഉള്ള ആളുകൾ.

ഫൈബ്രോ സ്കാൻ ഉപയോഗിച്ചുള്ള ഒരു വാർഷിക പരിശോധന ആണ് ചെയ്യേണ്ടത്. ഓരോ വർഷവും ചെയ്യുന്ന ചികിത്സയുടെ ഫലവും ഈ വാർഷിക പരിശോധനയിൽ തെളിയും. സംഭവിച്ചിരിക്കുന്ന കരൾ രോഗം സിറോസിസിന്റെ പാതയിലേക്ക് ആണോ പോകുന്നത് അതോ തിരിച്ചു നോർമൽ അവസ്ഥയിലേക്ക് മടങ്ങി വരികയാണോ എന്ന് ഈ വാർഷിക ഫൈബ്രോ സ്കാൻ പരിശോധനയിലൂടെ മനസ്സിലാക്കാം.

Dr B Mohammed Noufal

വിവരങ്ങൾക്ക് കടപ്പാട്:

Dr. B. Mohammed Noufal
Lead Interventional Gastroenterologist