Saturday 30 September 2023 04:08 PM IST : By ബിമൽകുമാർ രാമങ്കരി

മാംസാഹാരം അഭികാമ്യമല്ല; പ്രാതൽ പാലും പഴങ്ങളും ചേർന്നതു നന്ന്: ഗാന്ധിജിയുടെ ഭക്ഷണവീക്ഷണം അറിയാം

gandh32432 ഇൻസെറ്റിൽ ബിമൽ കുമാർ രാമങ്കരി

ഭക്ഷണത്തെക്കുറിച്ച് മഹാത്മജിക്ക് വ്യക്തവും ശാസ്ത്രീയവുമായ വീക്ഷണങ്ങളുണ്ടായിരുന്നു. സസ്യ–മാംസ ഭക്ഷണങ്ങളെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങൾ വിശദീകരിക്കുന്ന ‘ആരോഗ്യത്തിന്റെ താക്കോൽ’ ‘സസ്യഭക്ഷണത്തിന്റെ ധാർമികത’ എന്നീ ദീർഘലേഖനങ്ങളെ അടിസ്ഥാനമാക്കിയാണീ ലേഖനം.

ഭക്ഷണവും മനുഷ്യനും

മനുഷ്യന് ഭക്ഷണമില്ലാതെ ജീവിക്കാനാവില്ല. ശരീരത്തെ പോഷിപ്പിക്കാവുന്നത് ആഹാരമാണ്. അതുകൊണ്ട് ഭക്ഷണമാണ് ജീവൻ എന്നു പറയുന്നത്.

ഭക്ഷണത്തെ പ്രധാനമായും സസ്യാഹാരം, മാംസാഹാരം, സസ്യ–മാംസ മിശ്രിതാഹാരം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

സസ്യാഹാരം

‘മനുഷ്യൻ കഴിക്കുന്നതെന്തോ അതായിത്തീരുന്നു അവൻ’ എന്ന പഴ മൊഴിയിൽ സത്യമുണ്ട്. സഹജീവികളെ കൊന്നു തിന്നുക എന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ല. അവനു വേണ്ട സ്വാഭാവികാഹാരം പ്രകൃതിയിലുണ്ട്.

മാംസാഹാരികള്‍ നിറഞ്ഞ പാശ്ചാത്യ രാജ്യങ്ങളിൽത്തന്നെ സസ്യാഹാരത്തിന്റെ മേന്മ വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ സസ്യാഹാരശീലം അഭികാമ്യവും ബഹുമാനാർഹവുമായി കരുതപ്പെട്ടു പോന്നു.

ഗാന്ധിജി എന്നും പൂർണമായും സസ്യാഹാരത്തിന്റെ പക്ഷത്തായിരുന്നു. എന്നാൽ സസ്യഭക്ഷണത്തിൽ പാലും പാലുല്പന്നമായ തൈരും നെയ്യുമൊക്കെ ഉൾപ്പെടുത്തേണ്ടതാണെന്ന് അനുഭവം ഗാന്ധിജിയെ പഠിപ്പിച്ചു. ഒരിക്കൽ അതിസാരം ബാധിച്ച് ഗാന്ധിജി അവശനിലയിലായി. ഡോക്ടറും ഭാര്യയും നിർബന്ധിച്ചതനുസരിച്ച് ആട്ടിൻ പാൽ ഉപയോഗിച്ച് ക്ഷീണം മാറ്റി സാധാരണ നിലയിലേക്കു വരികയും ചെയ്തു. അങ്ങനെയാണ് മികച്ച ഭക്ഷണം എന്ന നിലയിൽ പാലിനു പ്രസക്തിയുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായത്.

മാംസാഹാരം

മൃഗജന്യ ഭക്ഷണമായ മാംസാഹാരം അഭികാമ്യമല്ല എന്നാണ് ഗാന്ധിജി പറയുന്നത്. ഒരു ജീവിയും പാലോ മാംസമോ വെറുതേ തരുന്നില്ല. മാംസം ലഭിക്കണമെങ്കിൽ ആ ജീവി കൊല്ലപ്പെടണം. അത് ധാർമികമല്ല. ഇനി പാലിന്റെ കാര്യം. ശൈശവത്തിൽ നമുക്ക് അമ്മയുടെ പാൽ കുടിക്കാം. അല്ലാതെയുള്ള പാലിന് യഥാർത്ഥത്തിൽ നമുക്ക് അർഹതയില്ല.

ശാസ്ത്രീയമായി ചിന്തിച്ചാലും മാംസാഹാരം അഭികാമ്യമല്ല. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും ധാരാളം രോഗങ്ങളുണ്ട്. ഇന്ത്യയിലെ വീട്ടുമൃഗങ്ങൾ പൊതുവേ (അന്ന്) ആരോഗ്യം കുറഞ്ഞവയാണ്. അവയുടെ പാലിലും മാംസത്തിൽ നിന്നുമുള്ള രോഗാണുക്കളിൽ നിന്ന് മാംസാഹാരികൾ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.

സമ്മിശ്രാഹാരം

ശരീരകോശ നിർമ്മിതി, ശരീരനവീകരണം, ഊർജ്ജസ്വീകരണം ഇവയ്ക്കൊക്കെ വേണ്ട ഘടകങ്ങൾ ഭക്ഷണത്തിലുണ്ടാവണം. പാൽ, മുട്ട, പയർ വർഗങ്ങൾ, പരിപ്പു വർഗങ്ങൾ ഇവയൊക്കെ ശരീര പോഷണത്തിനാശ്യമാണ്. എന്തായാലും മാംസത്തെക്കാൾ മെച്ചം പാലാണ്. അതു വേഗം ദഹിക്കും. പാലില്ലെങ്കിൽ പാൽപ്പൊടിയുമാവാം. കാര്യമായ പോഷക നഷ്ടമില്ലാതെയാണ് പാൽപ്പൊടി നിർമിക്കപ്പെടുന്നത്.

ശാരീരികാരോഗ്യവും ധാന്യങ്ങളും

ഗോതമ്പ്, റാഗി, ബജ്റ തുടങ്ങിയ ധാന്യങ്ങൾ ശരീരപോഷണത്തിന് അത്യാവശ്യമാണെന്നു നമുക്കറിയാം. ഇവയിലെ സ്റ്റാർച്ച് ഊർജ്ജദായകമാണ്. ധാന്യങ്ങൾ വൃത്തിയാക്കി വേണ്ടരീതിയിൽ പൊടിച്ചെടുക്കണം. ഇത് ആരോഗ്യ രക്ഷയ്ക്കാവശ്യമാണ്.

പയർ വർഗങ്ങൾ

പയർ വർഗങ്ങളെല്ലാം ശരീരത്തെ പോഷിപ്പിക്കുന്നു. എന്നാലിവ ദഹിക്കാൻ താമസമാണ്. അതിനാൽ ധാന്യങ്ങളോളം കഴിക്കരുത്. കായികാധ്വാനം ചെയ്യുന്നവർ പാൽ കുടിക്കുന്നില്ലെങ്കിൽ തീർച്ചയായും പയർവർഗങ്ങൾ ഉപയോഗിക്കണം. എന്നാൽ, കായികാധ്വാനം കുറഞ്ഞ ക്ലാർക്കുമാർ ബിസിനസുകാർ, നിയമജ്ഞർ, ഡോക്ടർമാർ, അധ്യാപകർ ഇവർ പയർ വർഗങ്ങൾ അധികം കഴിക്കേണ്ടതില്ല.

പച്ചക്കറികൾ

പല ഗ്രാമങ്ങളിലും വേണ്ടത്ര പച്ചക്കറികള്‍ ലഭ്യമല്ല. വെള്ളരി, തക്കാളി, ഇലവർഗങ്ങൾ ഇവ പാചകം ചെയ്യാതെ കഴിക്കാം. നന്നായി കഴുകി ചെറിയ അളവിൽ ഉപയോഗിക്കണം.

പഴങ്ങൾ

മാമ്പഴം, പേരയ്ക്ക, പപ്പരക്ക, മുന്തിരി, നാരങ്ങ, ഓറഞ്ച്, മുസംബി ഇവയൊക്കെ ആരോഗ്യത്തിനു നന്ന്. ഇവ പ്രഭാതഭക്ഷണത്തിലുൾപ്പെടുത്താം. പാലും പഴങ്ങളും ചേർന്ന പ്രഭാത ഭക്ഷണം നന്നാണ്.

നെയ്യും എണ്ണകളും

ആരോഗ്യം നിലനിർത്താൻ നിശ്ചിത അളവിൽ കൊഴുപ്പ് ഉപയോഗിക്കണം. ഇതിന് നെയ്യും എണ്ണയും വേണം. നെയ്പോലെ എളുപ്പം ദഹിക്കുന്നതല്ല എണ്ണ. അതുകൊണ്ട് എണ്ണ മിതമായി ഉപയോഗിക്കണം. അധ്വാനശീലർക്ക് പ്രതിദിനം ഒന്നര ഔൺസ് നെയ് വരെ ആവാം.

അമിതാഹാരം ആപത്ത്

അധികമായ ആഹാരം വിഷമാണെന്ന് ഗാന്ധിജി വിശ്വസിച്ചു. പഞ്ചസാര, ശർക്കര ഇവയുടെ ഉപയോഗം പരിമിതമായിരിക്കണം എന്നും നിർദേശിച്ചു. കഴിച്ച ഭക്ഷണം ദഹിക്കണം അതിനുശേഷമേ അടുത്തതു കഴിക്കാവൂ.

ഭക്ഷണം എത്ര തവണ?

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഇങ്ങനെ മൂന്നു നേരമാണ് നമ്മുടെ ഭക്ഷണം. ഇതിലധികം ഒന്നും നമുക്കാശ്യമില്ല. നഗരവാസികളിൽ ഇടയ്ക്കിടെ പല ഭക്ഷണം കഴിക്കുന്നവർ ധാരാളം. ഈ ശീലം അപകടകരമമാണ്. എന്തെന്നാൽ ദഹന സംവിധാനങ്ങൾക്ക് വിശ്രമം ആവശ്യമാണ്.

1928–ൽ ‘യംഗ് ഇന്ത്യ’യിൽ ഗാന്ധിജി ഇങ്ങനെ എഴുതി. മനസ്സിനെയും ആത്മാവിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനാവശ്യമായ ഭക്ഷണം ഏതെന്ന് അറിയേണ്ടത് സസ്യാന്വേഷി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതി.

ആ ആന്വേഷണങ്ങളിൽ നിന്നും ലഭിച്ച വിലപ്പെട്ട അറിവുകൾ അദ്ദേഹം നിരവധി ലേഖനങ്ങളിലൂടെ ലോകത്തിനു പകർന്നു. ഇംഗ്ലിഷ് എഴുത്തുകാരൻ ഹെൻറി സ്റ്റീഫൻസ് സാൾട്ട് സസ്യാഹാര ശീലത്തെക്കുറിച്ചെഴുതിയ ‘A Plea for Vegetarianism’ എന്ന ഗ്രന്ഥവും ഗാന്ധിജിയെ വളരെ ആകർഷിച്ചു. ഭക്ഷണവിഷയങ്ങളിൽ ഒരു ഭക്ഷ്യശാസ്ത്രജ്ഞനോളം അറിവും ഗാന്ധിജിക്കുണ്ടായിരുന്നു.

Tags:
  • Daily Life
  • Manorama Arogyam