Tuesday 26 March 2024 03:36 PM IST

കടുത്ത തണുപ്പും ചൂടും നല്ലതല്ല: പുകവലി അപകടം: ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

Sruthy Sreekumar

Sub Editor, Manorama Arogyam

lungd466

നമ്മുടെ ശ്വാസകോശത്തെ സംരക്ഷിച്ച് ആരോഗ്യകരമായി നിലനിർത്താൻ മരുന്നുകൾ മാത്രമല്ല, ജീവിതത്തിൽ പാലിക്കാവുന്ന മാർഗങ്ങളും അറിയാം.

ശ്വാസത്തിലാണ് എല്ലാ ജിവജാലങ്ങളുടെയും നിലനിൽപ്പ്. ശ്വാസം നിലച്ചാൽ ജീവൻ നിലച്ചു എന്നർഥം. ഇത്ര പ്രധാനപ്പെട്ട ശ്വസനപ്രക്രിയ കൈകാര്യം ചെയ്യുന്നത് നമ്മുടെയുള്ളിലെ ശ്വാസകോശമെന്ന അവയവമാണ്. ഗർഭകാലത്തെ ഭക്ഷണം മുതൽ വായു മലിനീകരണവും കാലാവസ്ഥയുമൊക്കെ ശ്വാസകോശത്തെ ഗൗരവമായി ബാധിക്കാം. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനു പിന്തുടരാവുന്ന 10 ലളിതമായ മാർഗങ്ങൾ:

പുകവലി ഉപേക്ഷിക്കുക

പുകവലിയാണ് ശ്വാസകോശത്തിന്റെ ആയുസ്സിന് ഏറ്റവും വലിയ ഭീഷണി, ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക്, ബ്രോങ്കൈറ്റിസ്, ശ്വാസകോശകാൻസർ, ആസ്മ തുടങ്ങിയ പ്രശ്നങ്ങൾ നിക്കോട്ടിൻ ഉപയോഗം കൊണ്ട് ഉണ്ടാവാം. പുകവലിക്കാർക്കു മാത്രമല്ല, പുക ശ്വസിക്കുന്ന നിഷ്ക്രിയ പുകവലിക്കാരുടെ ശ്വാസകോശം കൂടി ബലഹീനമാകുമെന്ന് അറിയുക.

തീവ്ര കാലാവസ്ഥ ഒഴിവാക്കാം

കടുത്ത തണുപ്പ്, കനത്ത ചൂട് തുടങ്ങിയ തീവ്രമായ കാലാവസ്ഥകളിൽ നിന്ന് കഴിവതും ഒഴിഞ്ഞു നിൽക്കുക. കാരണം ഇവ ശ്വാസകോശപ്രശ്നങ്ങളായ ആസ്മ, അലർജി തുടങ്ങിയവ ഉണ്ടാക്കാം. ഈ കാലാവസ്ഥകളിലേക്ക് പോകുന്നവർ മുൻകരുതലുകൾ എടുക്കണം.

മലിനീകരണം ആപത്ത്

മലിനമായ വായു ശ്വാസകോശത്തിന്റെ ആയുസ്സും ആരോഗ്യവും കുറയ്ക്കും. ഫാക്ടറിയിൽ നിന്നും മറ്റും വമിക്കുന്ന വിഷപ്പുക ഒഴിവാക്കണം. പെയ്ന്റിങ് നടക്കുന്ന ഇടങ്ങൾ, തിരക്കേറിയ റോഡുകൾ എന്നിവിടങ്ങളിൽ നിന്നും ഒഴിവാകുക. ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കുന്നത് നല്ലതാണ്.

നല്ല വായു ശ്വസിക്കണം

ഓക്സിജൻ കൂടുതലുള്ള പ്രദേശങ്ങളിൽ സമയം ചെലവഴിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും. മരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ പകൽ സമയം നടക്കാൻ പോകാം. ഇതു നല്ല വായു ഉള്ളിൽ കടക്കാൻ സഹായിക്കും. പാർക്കിൽ കളിക്കുന്നതും നടക്കുന്നതും നല്ലതാണ്.

മുഖം പൊത്തി ചുമയ്ക്കുക

മിക്ക ശ്വാസകോശരോഗങ്ങളും പകരുന്നത് വായുവിൽ കൂടിയാണ്. അതുകൊണ്ട് പൊതുവായ സ്ഥലത്ത് ഒരിക്കലും തുപ്പരുത്. കൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് പൊത്തിപ്പിടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

മാസ്ക് ധരിക്കുകസ്കൂട്ടറിലും മറ്റും യാത്ര ചെയ്യുന്നവർ മൂക്ക് മൂടുന്ന തരത്തിലുള്ള മാസ്ക് ധരിക്കുക. മറ്റ് വാഹനങ്ങളിൽ നിന്നു വരുന്ന പുക ഏൽക്കാതിരിക്കാനാണിത്. ഇതുവഴി വിഷപ്പുകയിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാം. കൂടാതെ കീടനാശിനികൾ തളിക്കുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.

വ്യായാമം നിർബന്ധം

ശരീരാരോഗ്യത്തിന് വ്യായാമം നിർബന്ധമെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. ഓട്ടം, നടത്തം, നീന്തൽ സൈക്കിളിങ്, ശ്വസനക്രിയകൾ എന്നിവ നല്ലതാണ്. യോഗ, ധ്യാനം എന്നിവയും ശ്വാസകോശത്തിന്റെ ക്ഷമത കൂട്ടും.

പ്രതിരോധം സ്വീകരിക്കാം

ശ്വാസകോശരോഗങ്ങൾ ഒഴിവാക്കി അവയവത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ പ്രതിരോധ കുത്തിവയ്പ്പുകൾ സഹായിക്കും. ശ്വാസകോശത്തെ ബാധിക്കുന്ന വില്ലൻ ചുമ, അഞ്ചാംപനി എന്നിവയ്ക്കെതിരെയുള്ള കുത്തിവയ്പ്പും ബിസിജിയും കുട്ടിക്കാലത്ത് എടുക്കണം. പ്രായമായവർക്ക് ന്യൂമോണിയ, ഇൻഫ്ളുവൻസാ എന്നിവയ്ക്കെതിരെയുള്ള കുത്തിവയ്പ്പുകൾ എടുക്കണം. നിർത്താതെയുള്ള ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്കും ടിബി തുടങ്ങിയ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ തേടണം.

പഴങ്ങളും പച്ചക്കറികളും

ശ്വാസകോശത്തെ സംരക്ഷിക്കാൻ ഭക്ഷണത്തിനു കഴിയും. വിറ്റമിൻ എ, സി,ഡി എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശ്വാസകോശത്തിനു നല്ലതാണ്. കൂടാതെ ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണവും നിർബന്ധമായും കഴിക്കണം.

അമ്മയുടെ ആരോഗ്യം

ഗർഭസ്ഥശിശുവിന്റെ ആരോഗ്യം അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുകയാണല്ലോ. കുഞ്ഞിന്റെ തൂക്കക്കുറവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാം. ഗർഭിണികള്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. നന്നായി മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് ശ്വാസകോശപ്രശ്നങ്ങളായ ആസ്മ, അലർജി എന്നിവയുടെ സാധ്യത കുറയും.