Friday 17 November 2023 04:31 PM IST : By സ്വന്തം ലേഖകൻ

മരുന്നു കഴിച്ചു ന ിമിഷങ്ങള്‍ക്കുള്ളില്‍ ചൊറിച്ചില്‍ , ചര്‍മത്തില്‍ തടിപ്പ്, നീര് : മരുന്നലര്‍ജി തിരിച്ചറിയുന്നതിങ്ങനെ...

drugall3242

മനുഷ്യർക്കു എന്തിനോടും അ ലർജി ഉണ്ടാകും. ഒരു വസ്തുവിനോെടങ്കിലും അലർജി ഇ ല്ലാത്തവർ ചുരുക്കമാണ്. 99 ശതമാനം പേർക്കും അലർജി ഇല്ലാത്ത വസ്തുവിനോടു പോലും അപൂർവം ചിലർക്ക് അലർജി ഉണ്ടാക്കാം. നമ്മൾ അലർജിയോ രോഗങ്ങളോ വന്നാൽ ചികിത്സിക്കുന്നതു മരുന്നു നൽകിയാണ്. ഈ മ രുന്നിനോടു തന്നെ അലർജി രൂപപ്പെട്ടാലോ? കുഴഞ്ഞുപോകും അല്ലേ? ഏറ്റവും അപകടകരമായ അലർജികളിൽ ഒന്നായിട്ടാണ് മരുന്ന് അലർജിയെ വിശേഷിപ്പിക്കുന്നത്.

ശരീരത്തിന്റെ പ്രതിരോധ ശേഷി യുെട പ്രതികരണത്തിന്റെ ഫലമാണ് അലർജി. ഒരു മരുന്നിനോടുള്ള ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തെയാണ് മരുന്ന് അലർജി എന്നു വിശേഷിപ്പിക്കുന്നത്. ഏതു മരുന്നിനോടും അലർജി ഉണ്ടാകാം. ഹെർബൽ‌ മരുന്നുകളോടും അലർജി വരാം. ഏതു മരുന്നും അലർജി സൃഷ്ടിക്കാം എന്നു സൂചിപ്പിച്ചുവല്ലോ.. എന്നിരുന്നാലും ചില മരുന്നുകൾ അലർജി വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അവ ഇതാണ് :

∙ പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ

∙ ആസ്പിരിൻ, ഇബുപ്രൂഫിൻ പോലുള്ള വേദനസംഹാരികൾ

∙ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില കീമോതെറപ്പി മരുന്നുകൾ

∙ റുമറ്റോയിഡ് ആർത്രൈറ്റിസ് പോലുള്ള ഒാട്ടോ ഇമ്യൂൺ രോഗങ്ങൾ ചികിത്സിക്കുന്ന മരുന്നുകൾ

∙ ത്വക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ഉപയോഗിക്കുന്ന ചില മരുന്നുകൾ

∙ നോൺസ്റ്റിറോയ്ഡൽ ആന്റിഇൻഫ്ലമേറ്ററി ഡ്രഗ്സ്- ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മരുന്നുകൾ.

ആദ്യം ഉപയോഗിക്കുമ്പോൾ അലർജി വരാത്ത മരുന്നു ചിലപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ ഉപയോഗത്തിൽ അലർജി വരുത്താം. നമ്മുെട പ്രതിരോധവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.

ചിലപ്പോൾ ഒരു മരുന്നിനോടുള്ള പ്രതികരണം (Reaction to drug) മരുന്ന് അലർജിയോടു സമാനമായ ലക്ഷണങ്ങൾ ഉ ണ്ടാക്കാം. ഈ അവസ്ഥയെ നോൺ അലർജിക് ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്‌ഷൻ അല്ലെങ്കിൽ സ്യൂഡോ അലർജിക് ഡ്രഗ് റിയാക്‌ഷൻ എന്നു പറയുന്നു. ആസ്പിരിൻ, സ്കാനിങ്ങിനും മറ്റും ഉപയോഗിക്കുന്ന ഡൈകൾ, വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒപിയേറ്റുകൾ, ലോക്കൽ അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ ഈ അവസ്ഥ വരുത്താം.

മരുന്നിലെ ഘടകങ്ങൾ

മരുന്നു നിർമിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങളാണു പലപ്പോഴും അലർജിക്കു കാരണം. മരുന്നിലെ രാസപദാർഥങ്ങൾ, രുചി ഉണ്ടാകാൻ ഉപയോഗിക്കുന്ന ഫ്ലേവറുകൾ, സ്വീറ്റനിങ് ഏജന്റുകൾ, അഡിറ്റീവുകൾ എന്നിവ കാരണം അലർജി ഉണ്ടാകാം. ചിലർക്കു ചില ബ്രാൻഡുകളുെട മരുന്നിനോട് മാത്രമായിരിക്കും അലർജി. ഉദാ: പാരസെറ്റമോൾ പല ബ്രാൻഡുകളിൽ ലഭ്യമാണ്. ഒരു ബ്രാൻഡിനോട് അലർജിയുള്ളവർക്കു മറ്റു ബ്രാൻഡുകളോട് അലർജി ഉണ്ടാകണമെന്നില്ല. എന്നാൽ പാരസെറ്റമോൾ എന്ന മരുന്നിനോട് അലർജി ഉള്ളവർക്ക് ഏതു ബ്രാൻഡ് ഉപയോഗിച്ചാലും പ്രശ്നം വരാം.

പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ മരുന്ന് അലർജി കൂടുതൽ കാണാൻ സാധ്യത ഉണ്ട്. കാരണം ഇന്ന് പ്യുവർ (Pure) ആയിട്ടുള്ള രാസപദാർഥങ്ങളാണ് മരുന്നു നിർമിക്കാൻ ഉപയോഗിക്കുന്നത്. പണ്ട് കൂടുതലും നാച്വറൽ (പ്രകൃതിദത്തം) ചേരുവകൾ ആയിരുന്നു മരുന്നിൽ ചേർത്തിരുന്നത്. പ്യുവറും നാച്വറലും തമ്മിൽ വ്യത്യാസമുണ്ട്. നാച്വറൽ എന്നു പറഞ്ഞാൽ പ്രകൃതിയിൽ നിന്ന് നേരിട്ട് ഉപയോഗിക്കുന്നത്. പ്യുവർ എന്നു പറയുമ്പോൾ കൃത്രിമമായി പരീക്ഷണശാലകളിൽ ഉണ്ടാക്കിയെടുക്കുന്നത് എന്നർഥം. പ്യുവർ ഘടകങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾക്കു തീവ്രത (പൊട്ടൻസി) കൂടുതലാണ്. ഇവ പെട്ടെന്നു ഫലം നൽകും. അതുപോലെ ത ന്നെ പ്രതിപ്രവർത്തനങ്ങളും കൂടുതലായിരിക്കും. അതിനാൽ അലർജി പെട്ടെന്നു പ്രത്യക്ഷപ്പെടും. നാച്വറൽ ഘടകങ്ങളിൽ അലർജി വളരെ പതിയെ മാത്രമെ പ്രത്യക്ഷപ്പെടൂ. എത്ര സുരക്ഷിതമായ മരുന്നായാലും അലർജി വരാൻ െചറിയ ശതമാനം സാധ്യത നിലനിൽക്കും.

ലക്ഷണങ്ങൾ ശ്രദ്ധിക്കുക

അലർജിയുെട ലക്ഷണങ്ങൾ എല്ലാം ഒരുപോലെയാണ്. മൃദുവായ ശരീരഭാഗങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെടുക. പലപ്പോഴും അത് അവഗണിക്കാറാണ് പതിവ്. എന്നാൽ അലർജിയുെട ലക്ഷണങ്ങളാണ് എന്നു രോഗിക്കു തിരിച്ചറിയാൻ സാധിക്കുന്നുവെങ്കിൽ ചികിത്സ എളുപ്പമാണ്. പലപ്പോഴും ഭക്ഷണ അലർജി പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കും. കാരണം പുതിയതായി എന്തെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അതു ഒാർത്തുവയ്ക്കാറുണ്ട്. എന്നാൽ മരുന്നിന്റെ കാര്യത്തിൽ രോഗി അത് ഒാർത്തെടുത്ത് ഡോക്ടറോടു പറഞ്ഞാൽ മാത്രമെ മരുന്ന് അലർജി സാധ്യത പരിശോധിക്കുകയുള്ളൂ.

മരുന്നു കഴിച്ചു നിമിഷങ്ങൾക്കുള്ളി ൽ തന്നെ അലർജി പ്രതികരണം ആരംഭിക്കുന്നു. ഗുളിക രൂപത്തിലുള്ള മരുന്നുകളാണെങ്കിൽ അരമണിക്കൂർ മുത ൽ മൂന്നു മണിക്കൂറിനുള്ളിൽ അലർജി ലക്ഷണങ്ങൾ പ്രകടമാകും. കുത്തിവയ്പുകൾ പെട്ടെന്നു തന്നെ ശരീരത്തിനുള്ളിലേക്കു കടക്കുന്നതു കാരണം നിമിഷങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. രോഗലക്ഷണങ്ങളും അവയുെട തീവ്രതയും വ്യക്തികൾക്കനുസരിച്ചു വ്യത്യാസപ്പെടാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങൾ ഇവയാണ്: ചൊറിച്ചിൽ, കണ്ണിൽ നിന്നു വെള്ളം വരുക, ചർമത്തിൽ തടിപ്പ്, ചൊറിച്ചിലോടു കൂടിയ തടിപ്പ്, മൂക്കൊലിപ്പ്, നീര്, അസിഡിറ്റി.

മരണം സംഭവിക്കാം

തീവ്രതയേറിയ മരുന്ന് അലർജി ലക്ഷണങ്ങളിൽ അനാഫിലാക്സിസ് ഉൾപ്പെടും. കൃത്യ സമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ അനാഫിലാക്സിസ് മരണകാരണമാകാം. വിഴുങ്ങാൻ പ്രയാസം, ശ്വാസംമുട്ട്, തലക്കറക്കം, രക്തസമ്മർദം താഴ്ന്നു പോവുക, ഹൃദയമിടിപ്പ് നിരക്ക് കൂടുക, മയങ്ങിവീഴുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

അപൂർവമായി, അലർജിയുെട ലക്ഷണങ്ങൾ മരുന്ന് ഉപയോഗിച്ചു ദിവസങ്ങൾക്കോ ആഴ്ചകൾക്കുശേഷമോ പ്രത്യക്ഷപ്പെടാം. ഗുളിക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി കുത്തിവയ്പ്പായി എടുക്കുമ്പോൾ വരണമെന്നില്ല. ഇതിനു കാരണം ഗുളിക പൊടിഞ്ഞുപോകാതിരിക്കാൻ അതിൽ ഉപയോഗിക്കുന്ന ബൈൻഡിങ് ഏജന്റാണ്. ബൈൻഡിങ് ഏജന്റ് ആണ് അലർജിക്കു കാരണമെങ്കിൽ ഗുളിക ഉപയോഗിക്കുമ്പോൾ മാത്രമെ അലർജി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയൂള്ളൂ. ഒായിന്റ്മെന്റ് രൂപത്തിലുള്ള മരുന്നിനും ഇതേ വിഷയം സംഭവിക്കാം.

എങ്ങനെ തിരിച്ചറിയാം?

പരിചയസമ്പത്തുള്ള അലർജി സ്െപഷലിസ്റ്റിന്റെ സഹായത്തോടെയാണ് മരുന്ന് അലർജികൾ നിർണയിക്കാറുള്ളത്. പരിശോധനയ്ക്കു മുൻപു രോഗചരിത്രം വ്യക്തിമായി മനസ്സിലാക്കുന്നത് ഏതെല്ലാം പരിശോധനകളാണു വേണ്ടത് എന്നു തീരുമാനിക്കാൻ സഹായിക്കും. ഇസ്നോഫിൽ കൗണ്ട്, സെറം ഇമ്യൂണോഗ്ലോബുലിൻ ഇ, ട്രിപ്റ്റേസ് ലെവലുകൾ എന്നിവ പോലുള്ള ലാബ് പരിശോധനകൾ മരുന്നു അലർജി സ്ഥിരീകരിക്കാനുള്ള സപ്പോർട്ടീവ് മാർഗങ്ങളായി മാത്രം പരിഗണിക്കുന്നു. മരുന്നു അലർജി ആന്തരികാവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനായി മറ്റു പരിശോധനകൾ (ഉദാഹരണത്തിന്, ക രൾ എൻസൈമുകൾ, വൃക്കസംബന്ധമായ പ്രവർത്തന പരിശോധന, പൂർണ്ണമായ രക്തകോശങ്ങളുടെ എണ്ണം) നടത്താറുണ്ട്. പ്രത്യേകിച്ചു കഠിനമായ മരുന്ന് അലർജി പ്രതിപ്രവർത്തനങ്ങൾ സംഭവിച്ചാൽ. രോഗനിർണയം പ്രധാനമായും രോഗചരിത്രത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം മരുന്ന് അലർജി സ്ഥിരീകരിക്കാൻ ചുരുക്കം പരിശോധനകളെ നിലവിലുള്ളൂ.

ത്വക്കിലെ പരിശോധന

ത്വക്കിൽ നടത്തുന്ന സ്കിൻ പ്രിക് ടെസ്റ്റും ഇൻട്രാഡെർമൽ പരിശോധനയുമാണ് മരുന്നു അലർജി കണ്ടെത്താനായി ഉപയോഗിച്ചു വരുന്നത്. പല ശസ്ത്രക്രിയകൾക്കു മുൻപും രോഗികൾക്കു മരുന്ന് അലർജി ഉണ്ടോ എന്നു പരിശോധിക്കാറുണ്ട്. ശസ്ത്രക്രിയയെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികൾക്കു നൽകുന്ന ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അലർജി വരുത്തുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇത്. ശസ്ത്രക്രിയയ്ക്കു തൊട്ടു മുൻപുള്ള ദിവസമാണ് ഈ പ രിശോധനകൾ സാധാരണ നടത്താറുള്ളത്. ആദ്യം സൂചിപ്പിച്ച പരിശോധനകൾ തന്നെയാണ് ഈ സാഹചര്യത്തിലും ചെയ്യാറ്. അലർജി സംശയിക്കുന്ന മരുന്നു കലർന്ന ടെസ്റ്റ് ദ്രാവകം (Test S olution) ചെറിയ സൂചി (Lancet) കൊണ്ട് കുത്തിയോ സ്ക്രാച്ച് ഉണ്ടാക്കിയോ, ത്വക്കിന്റെ ഉള്ളിലേക്ക് ഇറക്കുന്ന രീതിയാണ് സ്കിൻ പ്രിക് പരിശോധന. അലർജി ഉണ്ടെങ്കിൽ 15-30 മിനിറ്റുകൾക്കുള്ളിൽ അറിയാൻ സാധിക്കും. ഇൻട്രാ ഡെർമൽ പരിശോധനയിൽ അലർജൻ സത്ത് ചെറിയ സൂചി ഉപയോഗിച്ചു തൊലിക്കുള്ളിലേക്കു കുത്തിവയ്ക്കും. അലർജി ഉണ്ടെങ്കിൽ തൊലിപ്പുറത്ത് ചുവന്ന, ചൊറിച്ചിലോടു കൂടിയ കുരുക്കളോ തിണർപ്പോ പ്രത്യക്ഷപ്പെടും.

അലർജിയുെട തീവ്രത അനുസരിച്ച് തിണർപ്പിന്റെ വലുപ്പം വ്യത്യാസപ്പെടും. പരിശോധനാ ഫലം പൊസിറ്റീവ് ആണെങ്കിൽ മരുന്ന് അലർജി ഉണ്ടെന്ന ർഥം. ഫലം നെഗറ്റീവ് ആണെങ്കിലും ഭാവിയിൽ മരുന്ന് അലർജിയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വൈകി ലക്ഷണങ്ങൾ പ്രകടമാകുന്ന മരുന്ന് അലർജി സ്ഥിരീകരിക്കാൻ പാച്ച് െടസ്റ്റ് ഉപയോഗിക്കുന്നു. മരുന്ന് അടങ്ങിയ പാച്ച് ത്വക്കിൽ ഒട്ടിച്ചുവയ്ക്കും, 48-72 മണിക്കൂറിനുശേഷം പാച്ച് നീക്കം െചയ്യുകയും ത്വക്കിൽ അലർജിയുെട ലക്ഷണങ്ങൾ ഉണ്ടോ എന്നു നിരീക്ഷിക്കുകയും െചയ്യും.

ത്വക്ക് പരിശോധനാ ഫലങ്ങൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മരുന്ന് ഉള്ളിലേക്കു നൽകി കൊണ്ടുള്ള പരിശോധനയും നടത്താറുണ്ട്. പ്രത്യേകിച്ച് ആസ്പിരിൻ, നോൺസ്റ്റിറോയിഡൽ ആന്റിഇൻഫ്ലമേറ്ററി ഡ്രഗ് എന്നിവയു
െട അലർജി, ആസ്മ, നേസൽ പോളിപ്പുകൾ ഉള്ള രോഗികളിൽ ശ്വാസകോശ പ്രശ്നങ്ങൾ വഷളാക്കുകയാണെങ്കിൽ. ഈ പരിശോധനയിൽ നിശ്ചിത അളവിൽ മരുന്നു കഴിക്കുകയാണ് െചയ്യുക.

മരുന്ന് അലർജി വീട്ടിൽ വച്ചു പരിശോധിച്ചറിയുക അത്ര പ്രായോഗികമല്ല. മരുന്നിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങൾ തന്നെ അതിനു കാരണം. ഒാരോ ഘടകവും വേർതിരിച്ചെടുത്ത് അലർജി പരിശോധിക്കുക ലാബുകളിലോ ആശുപത്രികളിലോ മാത്രമാണ് സാധ്യമാവുക.

അലർജി വന്നാൽ

അലർജി സംശയിക്കുന്നുണ്ടെങ്കിൽ ആ മരുന്നിന്റെ ഉപയോഗം ഉടനടി നിർത്തുക. ലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ. പനിയുണ്ടെങ്കിൽ പാരസെറ്റമോൾ നൽകും. ത്വക്കിൽ തിണർപ്പുകൾ (റാഷസ്) ഉണ്ടാവുകയാണെങ്കിൽ ആന്റിഹിസ്റ്റമിൻ നിർദേശിക്കും. തൊണ്ടവേദന പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ആന്റിബയോട്ടിക്കുകളും നൽകാറുണ്ട്. ഗുരുതരമായ അനാഫിലാക്സിസ് റിയാക്‌ഷനിൽ എത്രയും പെട്ടെന്നു ആശുപത്രിയിൽ എത്തിക്കുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അസീസ് കെ. എസ്.
സീനിയർ കൺസൽറ്റന്റ്, പൾമണോളജി
അപ്പോളോ ആഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

ഡോ. കെ. ജി. രവികുമാർ

മുൻ ഹെഡ്, ക്ലിനിക്കൽ ഫാർമസി വിഭാഗം,
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips