Saturday 30 December 2023 11:45 AM IST : By ഡോ. റിനൂപ് രാമചന്ദ്രന്‍

ആഘോഷങ്ങളുടെ പുതുവത്സരരാവ്, ആളുകൾ ഒത്തുകൂടുമ്പോൾ അത്യാഹിതങ്ങൾക്ക് വഴിമാറാറുണ്ട്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

new-year56767

ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതുവത്സരരാവ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ്. എന്നാൽ ഞങ്ങൾ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് എമർജൻസി മെഡിസിനിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റു സ്റ്റാഫുകൾക്കും ന്യൂ ഇയർ, ആഘോഷത്തിന്റെ മാത്രമല്ല ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ പ്രവചനാതീതമായ ഒരു യാത്ര കൂടിയാണ്. 

ഒരു വശത്തു കൃത്യം 12 മണിക്ക് കേക്ക് മുറിച്ച് പുതുവർഷത്തെ വരവേൽക്കാൻ തയാറായി നിൽക്കുമ്പോൾ, മറുവശത്തു അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ കൂടിയാണ്. പുതുവർഷത്തിന്റെ വരവും കാത്ത് ആളുകൾ ഒത്തുകൂടുമ്പോൾ ചിലപ്പോഴെങ്കിലും ആഘോഷങ്ങൾ വളരെ പെട്ടെന്ന് അത്യാഹിതങ്ങൾക്ക് വഴിമാറാറുണ്ട്. അങ്ങനെ പ്രതീക്ഷകളും ആശങ്കകളും ഉത്കണ്ഠകളും നിറഞ്ഞ സാഹചര്യങ്ങളുടെ ഒത്ത നടുവിലാണ് ഞങ്ങളുടെ ന്യൂ ഇയർ. ന്യൂ ഇയർ ഡ്യൂട്ടികൾ എന്നും തിരക്കേറിയവയാണ്. വെടിക്കെട്ട് അപകടങ്ങൾ മുതൽ മദ്യപാനവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളുമായി രോഗികളുടെ ഒഴുക്കാണ്. ആഘോഷവേളകൾ രക്തപങ്കിലമാക്കുന്നതിൽ മദ്യത്തിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കുമുള്ള പങ്ക് ചില്ലറയല്ല. 

അമിതമായ മദ്യപാനവും ലഹരി ഉപയോഗവും മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ, അതിനു പുറമെ മദ്യപിച്ച് വാഹനമോടിച്ച് തനിക്കും മറ്റുള്ളവർക്കും ഉണ്ടാക്കുന്ന പരുക്കുകൾ, മദ്യപാനത്തിനു ശേഷമുള്ള വാക്ക് തർക്കങ്ങൾ കയ്യാങ്കളികളായി മാറുമ്പോൾ ഏൽക്കുന്ന പരുക്കുകൾ, ഇനി ഇവർ ആശുപത്രിയിൽ എത്തിക്കഴിഞ്ഞാൽ മദ്യലഹരിയിൽ ഡോക്ടർമാർക്കും മറ്റു രോഗികൾക്കും ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ, ഇവയെല്ലാം വിരൽ ചൂണ്ടുന്നത് ഒരു സമൂഹം എന്ന നിലയിൽ നാം ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നാണ്. ഉത്തരവാദിത്വ മദ്യപാനം, മദ്യപിച്ചു കഴിഞ്ഞാൽ വാഹനം ഓടിക്കാതിരിക്കൽ തുടങ്ങിയ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

വർധിച്ച ട്രാഫിക്, മദ്യലഹരിയിൽ വാഹനമോടിക്കൽ, ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിനോ ആഘോഷങ്ങൾ കഴിഞ്ഞു വീടുകളിലേക്ക് മടങ്ങിപ്പോകുന്നതോ ആയ ആളുകളുടെ ഒഴുക്ക് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് പുതുവത്സരരാവിൽ റോഡപകടങ്ങൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചെറിയ മുറിവുകൾ മുതൽ ജീവന് അപകടമുണ്ടാക്കുന്ന ഗുരുതരമായ പരുക്കുകൾ വരെ ചികിത്സിക്കുന്ന കേന്ദ്രങ്ങളായി ആണ് ദിവസം എമർജൻസി റൂം മാറുന്നു. തീർച്ചയായും ആഘോഷങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ് പടക്കങ്ങൾ. മദ്യലഹരിയിലോ അല്ലാതെയോ തെറ്റായ രീതിയിൽ പടക്കങ്ങൾ കൈകാര്യം ചെയ്യുന്നത് പൊള്ളൽ, കൈകൾക്കും കണ്ണുകൾക്കുമുണ്ടാകുന്ന ഗുരുതരമായ പരുക്കുകൾ എന്നിവയ്ക്ക് കാരണമാകാം.

ഇങ്ങനെ അപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ എത്തുന്നവരെക്കൊണ്ട് എമർജൻസി റൂം നിറയുന്നത് കാരണം ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ എത്തുന്നവർക്ക് ചിലപ്പോഴെങ്കിലും ചികിത്സ വൈകുന്ന സ്ഥിതിവിശേഷവും ഉണ്ടാവാറുണ്ട് (collateral damage).

പ്രവാചനാതീതമായ ഇത്തരം നിമിഷങ്ങളിലൂടെ കടന്നുപോകുന്നത് കൊണ്ടാവണം അപ്രതീക്ഷിതമായ പ്രത്യാഖാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളും അവരുടെ സ്വന്തക്കാരുമെല്ലാം നിറഞ്ഞ അങ്ങേയറ്റം വൈകാരികവും സംഘർഷഭരിതവുമായ സാഹചര്യങ്ങളിൽ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ടുപോകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നത്. ഞങ്ങൾ എന്നു പറയുമ്പോൾ ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽസ്, തുടങ്ങി ക്ളീനിംഗ് സ്റ്റാഫ് വരെയുള്ള ഒരു വലിയ ടീം തന്നെയാണ് എമർജൻസി ടീം.

ലോകം പുതുവർഷത്തിന്റെ പ്രഭാതം ആഘോഷിക്കുമ്പോൾ അത്യാഹിതങ്ങൾ ഉണ്ടാവാതിരിക്കട്ടെ, അപ്രതീക്ഷിതമായി ഉണ്ടാവുന്ന ആപത്ഘട്ടങ്ങൾ തരണം ചെയ്യാൻ, സമയബന്ധിതമായി വൈദ്യസഹായം ഉറപ്പുവരുത്താൻ, അതുവഴി ജീവൻ രക്ഷിക്കാനും, രോഗികളുടെ കഷ്ടപ്പാടുകൾ ലഘുവാക്കുന്നതിനും, സമൂഹം ആരോഗ്യത്തോടെ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നുവെന്ന്  ഉറപ്പാക്കുന്നതിനും ഞങ്ങൾ എമർജൻസി മെഡിസിൻ ടീം സദാ സന്നദ്ധരാണ്.

Happy New Year. Enjoy Responsibly.

കടപ്പാട്: ഡോ. റിനൂപ് രാമചന്ദ്രന്‍, ഡെപ്യൂട്ടി ചീഫ് ആന്‍ഡ് കൺസൾട്ടന്റ്, എമർജൻസി ഡിപ്പാർട്മെന്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam