Saturday 29 April 2023 02:58 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മിന്നലുള്ളപ്പോൾ കുളിക്കാമോ? മൊബൈൽ കാണാമോ? ഇടിയിലും മഴയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

thunder-5336

മഴക്കാലമല്ലെങ്കിലും ഇടിയോടു കൂടിയ മഴയാണ് ദിവസവും പെയ്യുന്നത്. കൂടെ മിന്നലും. ഈ സമയത്ത് മിന്നലേറ്റുള്ള അപകടങ്ങൾക്ക് സാധ്യതയേറെയാണ്. ഇടിമിന്നലേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

വീട്ടിനുള്ളിൽ

∙ ടിവി, ലാൻഡ്ഫോൺ, കംപ്യൂട്ടർ, മിക്സി പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്. മിന്നലുള്ളപ്പോൾ ഇവയ്ക്ക് വൈദ്യുതി ലൈനുമായുള്ള ബന്ധം വിച്ഛേദിക്കാനായി പ്ലഗ് ഊരിയിടാം.

∙ ജനലിന്റെയും കതകിന്റെയും അടുത്തിരിക്കരുത്. മുറിയുടെ മധ്യത്തിലായി ഇരിക്കുന്നതാണ് നല്ലത്. ബാൽക്കണിയോ സിറ്റ് ഔട്ടോ പോലെ തുറസ്സായ സ്ഥലത്തുമിരിക്കരുത്. കോൺക്രീറ്റ് ഭിത്തിയിൽ ചാരിയിരിക്കരുത്.

∙ നല്ല ഇടിയും മിന്നലുമുള്ളപ്പോൾ ഗ്യാസ് സ്റ്റൗ, അടുപ്പ് എന്നിവ ഉപയോഗിക്കരുത്.

∙ മിന്നലുള്ളപ്പോൾ പുഴയിലോ തോട്ടിലോ നിൽക്കരുത്. കുളിക്കരുത്. മിന്നൽ പൈപ്പുകൾ വഴി സഞ്ചരിച്ചെത്താം. പ്ലാസ്റ്റിക് പൈപ്പുകളാണെങ്കിൽ അത്ര പ്രശ്നമില്ല. എങ്കിലും മിന്നലുള്ള സമയത്ത് കുളി മാത്രമല്ല പാത്രം കഴുകുന്നതും കൈ കഴുകുന്നതും പോലും ഒഴിവാക്കുക.

∙ സ്വർണാഭരണങ്ങൾ ഊരിവയ്ക്കുക. കുട്ടികളെ ഒാടിക്കളിക്കാൻ അനുവദിക്കരുത്.

∙ തറയിൽ നേരിട്ടു ചവിട്ടാതെ ചെരിപ്പു ധരിക്കുക.

∙ തുറസ്സായ സ്ഥലങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും ജോലി ചെയ്യരുത്.

∙ മരത്തിന് അടിയിലോ ലോഹത്തൂണുകളുടെ അടിയിലോ വൈദ്യുതി പോസ്റ്റിന് അടിയിലോ ഫോൺ ടവറുകളുടെ അടിയിലോ നിൽക്കരുത്.

∙ യാത്രയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ ഇരിക്കുക. ഈ സമയത്തു വാഹനത്തിനുള്ളിലുള്ള റേഡിയോയും മറ്റും ഉപയോഗിക്കാത്തതാണ് സുരക്ഷിതം. വാഹനം മരച്ചുവട്ടിൽ പാർക്ക് ചെയ്യാതിരിക്കുക.

∙ മിന്നലുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ, ഫോൺ കുത്തിയിട്ട് ഉപയോഗിക്കരുത്. കോഡ് ഉള്ളതരം ഫോണുകൾ ഉപയോഗിക്കരുത്.

മിന്നലിനെ പ്രതിരോധിക്കാൻ

∙ ഇടിയും മിന്നലുമുള്ളപ്പോൾ ഉയർന്ന സ്ഥലത്താണുള്ളതെങ്കിൽ കഴിയുന്നത്ര താഴ്ന്നിരിക്കുക. തുറസ്സായ സ്ഥലത്താണെങ്കിൽ കൈകൾ കാൽമുട്ടിനോടു ചേർത്തുപിടിച്ചു തലകുനിച്ചുപിടിച്ചുപ ചെവി മൂടി കുത്തിയിരിക്കുക. ഒരു കാരണവശാലും നിലത്തു കിടക്കരുത്. മരച്ചുവട്ടിലോ മരത്തിനടുത്തോ ഇരിക്കരുത്. ഏറ്റവും സുരക്ഷിതം കയറിയിരിക്കാൻ ഒരു അടഞ്ഞ സ്ഥലം കണ്ടെത്തുകയാണ്.

∙ ഉയരമുള്ള കെട്ടിടങ്ങൾക്ക് മിന്നൽ രക്ഷാചാലകം ഘടിപ്പിച്ചാൽ ഒരുപരിധി വരെ മിന്നലിനെ പ്രതിരോധിക്കാം.

മിന്നലേറ്റാൽ

∙ ശരീരം മരവിച്ച പോലെയോ കാലിൽ ചുറ്റിക വച്ച് അടിച്ചതുപോലെയോ തോന്നുക, തെറിച്ചു വീഴുക, പൊള്ളലേൽക്കുക, ഷോക്കടിച്ചതുപോലെ തോന്നുക എന്നിവയൊക്കെ ഇടിമിന്നലേറ്റതിന്റെ ലക്ഷണങ്ങളാണ്.

∙ ഇടിമിന്നലേറ്റ വ്യക്തികളിൽ ഇലക്ട്രിക് ചാർജ് അവശേഷിക്കില്ല. അതുകൊണ്ട് അവരെ തൊടുന്നതിൽ പേടിക്കേണ്ടതില്ല.

∙ മിന്നൽ മൂലം ഹൃദയാഘാതം വരാം. അതുകൊണ്ട് മിന്നലേറ്റയാൾ ശ്വാസമെടുക്കുന്നുണ്ടോ ആൾക്ക് നെഞ്ചിടിപ്പുണ്ടോ എന്നൊക്കെ നോക്കുക. ശ്വാസം എടുക്കുന്നുണ്ടെങ്കിൽ പൊള്ളലോ മുറിവുകളോ ഉണ്ടോയെന്നു നോക്കുക. ശരീരതാപം വല്ലാതെ കുറഞ്ഞുപോയി അപകടങ്ങൾ ഒഴിവാക്കാൻ പുതപ്പോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ടോ മൂടുക.

∙ ശ്വാസമെടുക്കുന്നില്ലെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. നാഡിമിടിപ്പ് ഇല്ലെങ്കിൽ സിപിആർ നൽകാം.

∙ കഴിയുന്നത്ര വേഗം വൈദ്യസഹായം തേടുക.

വിവരങ്ങൾക്ക് കടപ്പാട്

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam