Wednesday 15 November 2023 11:36 AM IST : By സ്വന്തം ലേഖകൻ

നിറങ്ങളോടും വെടിക്കെട്ടുകളോടും കൂടിയ ആഘോഷങ്ങൾ! ഓർക്കുക, ചെന്നെത്തുന്നത് ശ്വാസനാളം അടഞ്ഞു പോകുന്ന സിഒപിഡിയിൽ

lungs23e32 ഡോ. സോഫിയ സലിം മാലിക് സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്റ്റ്, അലർജി, ഇമ്യൂണോളജി ആൻഡ് സ്ലീപ് കൺസൽറ്റന്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം

ഉത്സവകാലത്താണ് നാം, ദീപാവലി ആഘോഷമാക്കി കഴിഞ്ഞും, ക്രിസ്മസും, ഈദും ആഘോഷിക്കാന്‍ എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു.  നിറങ്ങളോടും വെടിക്കെട്ടുകളോടും കൂടിയുള്ള സന്തോഷകരമായ ആഘോഷങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, എന്നാല്‍ അവ ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. അമിതമായ പുകയും മലിനീകരണവും, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD) പോലുള്ള ശ്വാസകോശ രോഗങ്ങളുള്ള ആളുകളിൽ രോഗം തീവ്രമാകും.

സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ നാലാം സ്ഥാനത്താണ് ഈ രോഗം. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ക്രോണിക് ഒബ്സ്ട്രക്ടീവ് ലങ് ഡിസീസ് (GOLD) എന്ന സംഘടനയും ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംയുക്തമായി ലോകമെമ്പാടും സിഒപിഡി എന്ന രോഗത്തെപ്പറ്റി അവബോധമുണ്ടാക്കാനും നൂതന ആശയങ്ങള്‍ പങ്കുവെക്കാനും, ഈ രോഗഭാരം കുറയ്ക്കുവാനും വേണ്ടി നവംബര്‍ 15 സിഒപിഡി ദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ സി ഒ പി ഡി ദിന വിഷയം “Breathing is Life - Act Earlier” എന്നാണ്. ആദ്യമായി സി ഒ പി ഡി ദിനം ആചരിച്ചത് 2002-ലാണ്.

എന്താണ് സിഒപിഡി?

സിഒപിഡി എന്നത് വര്‍ദ്ധിച്ചു വരുന്ന ഒരു ശ്വാസകോശ രോഗമാണ്. പ്രധാന രോഗലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസ്സവുമാണ്. കൂടാതെ ദീര്‍ഘനാള്‍ നില്‍ക്കുന്ന കഫത്തോടുകൂടിയും അല്ലാതെയുമുള്ള ചുമ അമിത ക്ഷീണം എന്നിവയാണ്. രോഗം തീവ്രമാകുമ്പോള്‍, പതിവായി ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടാം. 40 വയസ്സു കഴിഞ്ഞ വ്യക്തികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ആസ്മ കൃത്യമായി ചികിത്സിക്കാത്ത വ്യക്തികളിലും അത് മൂര്‍ച്ഛിച്ച് സി ഒ പി ഡി യിലേക്ക് വഴിമാറാം. സ്‌പൈറോമെട്രി, ചെസ്റ്റ് എക്‌സ്‌റേ എന്നീ പരിശോധനകളിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. ചില അവസരങ്ങളില്‍ സി ടി സ്‌കാനും ആവശ്യമായി വരാറുണ്ട്.

പ്രതിരോധിക്കാം

ചൂടും തണുപ്പും അല്ലെങ്കില്‍ വരണ്ട വായുവും ഈര്‍പ്പവും ഉള്ള അത്യുഷ്ടമായ താപനില, എന്നിവയാണു രോഗത്തിനു കാരണമാകുന്ന ചില ഘടകങ്ങൾ.

കാലവസ്ഥയും ആഘോഷങ്ങളും ആസ്വദിക്കുമ്പോള്‍, ഈ പ്രേരക ഘടകങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടത് അനിവാര്യമാണ്  ∙ കടുത്ത കാലാവസ്ഥയില്‍ പുറത്തിറങ്ങരുത്. ∙ ഉത്സവ സീസണില്‍, അമിതമായ പുകയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, ∙ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ മൂക്കും വായും മറയുന്ന തരത്തില്‍ മാസ്‌ക് വയ്ക്കുക.

സി ഒ പി ഡി യുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി, മറ്റുകാരണങ്ങള്‍ അന്തരീക്ഷ മലിനീകരണവും വിറകടുപ്പില്‍ നിന്നുണ്ടാകുന്ന പുക ശ്വസിക്കുന്നതുമാണ്. ശ്വാസന പ്രക്രിയ സുഗമമാക്കാന്‍, ശ്വാസനാള ങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍, പുകവലിയില്‍ നിന്നും വിട്ടുനില്‍ക്കുക. ശുദ്ധവായു ശ്വസിക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പൊടിപടലങ്ങളും പുകയും ഉണ്ടാകുന്ന ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുക. വ്യായാമം ശീലമാക്കുന്നതും നല്ലത്.

ശസ്ത്രക്രിയകളും മരുന്നും

സിഒപിഡിയുടെ ശ്വാസനാളികളിലേയ്ക്ക് നേരിട്ട് നല്‍കുന്ന ബ്രോങ്കോ ഡൈലേറ്റർ വിഭാഗത്തില്‍പെടുന്ന മരുന്നുകളാണ്. സിഒപിഡി ശ്വാസനേന്ദ്രിയങ്ങളെക്കൂടാതെ ഹൃദയം, വൃക്ക, പേശികള്‍ എന്നിവയെയും ബാധിക്കാം. അതുകൊണ്ട് രോഗികളെ ചികിത്സിക്കുമ്പോള്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കണം.

രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥയിലേയ്ക്കും വരാം. ഈ സ്ഥിതിയിലുള്ള രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ നല്‍കേണ്ടിവരും. പുനരധിവാസ പ്രവര്‍ത്തനങ്ങളും ഈ ഒരവസ്ഥയില്‍ വളരെ പ്രധാനമാണ്.

Lung Volume Reduction ശസ്ത്രക്രിയകളും പ്രത്യേക അവസരങ്ങളില്‍ ചെയ്തുവരുന്നു.

ഇന്‍ഹലേഷന്‍ തെറപ്പി ഒരു പ്രധാന ചികിത്സയാണ്. പ്രായമായവരില്‍, മറ്റു രോഗങ്ങളുള്ളവരിലോ, ദുര്‍ബലമായ പേശികളോ, കൃത്യമായ കൈ-കണ്ണുകളുടെ ഏകോപനമോ ഇല്ലാത്ത രോഗികളില്‍, ഹാന്‍ഡ്-ഹെല്‍ഡ് ഇന്‍ഹേലറുകള്‍ ഉപയോഗിക്കാന്‍ പ്രയാസമാണ്, അതിനാല്‍, നെബുലൈസറുകള്‍ ഉപയോഗിക്കുന്നതാകും ഉത്തമം. ഹാന്‍ഡ്-ഹെല്‍ഡ് ഇന്‍ഹേലറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നെബുലൈസറുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്, കാരണം അവയ്ക്ക് കുറഞ്ഞ പരിശീലനത്തിന്റെ ആവശ്യമായി വരികയുള്ളു, കൂടാതെ ഹോം കെയറിന് ഉപയോഗപ്രദവുമാണ്, മാത്രമല്ല രോഗം മൂര്‍ച്ഛിച്ച രോഗികളില്‍ മെയിന്റനന്‍സ് തെറപ്പിയായി ഇവ ഉപയോഗിക്കുന്നു. ഇന്ത്യയിലെ സിഒപിഡി രോഗികളില്‍ നടത്തിയ ഒരു സര്‍വേയില്‍, 72% രോഗികളും മുമ്പ് ഉപയോഗിച്ച ഇന്‍ഹേലറുകളെക്കാളും നെബുലൈസറുകള്‍ ദീര്‍ഘകാല ആശ്വാസം നല്‍കുകയും 65% രോഗികള്‍ക്ക് ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ പെട്ടെന്നുള്ള ആശ്വാസം ലഭിക്കുകയും ചെയ്തു. നെബുലൈസറുകള്‍ വേഗത്തിലുള്ളതും ഫലപ്രദവുമായ രോഗലക്ഷണ ആശ്വാസം വാഗ്ദാനം ചെയ്യുന്നു അതുവഴി നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tags:
  • Daily Life
  • Manorama Arogyam