Wednesday 27 September 2023 05:36 PM IST : By സ്വന്തം ലേഖകൻ

യാത്രയ്ക്കിടെ കുട്ടിക്കു പനിയും വയറിളക്കവും ഛർദിയും വന്നാൽ: മറക്കാതെ കരുതണം ഈ മരുന്നുകൾ

kidstra56565

യാത്രയ്ക്കിടയിൽ കുട്ടികളിൽ സാധാരണയായി വരുന്ന ആ രോഗ്യ പ്രശ്നങ്ങളുണ്ട്. അതു കൊണ്ടു തന്നെ യാത്രയിൽ വാഹനത്തിൽ കരുതേണ്ട പ്രധാനപ്പെട്ട ചില മരുന്നുകളുമുണ്ട്. അവ ഒരു ബാഗിൽ എടുത്തുവയ്ക്കാം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ പനി – യാത്രാ വേളയിൽ പനി ഉണ്ടായാൽ 6 മണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ നൽകാം. ഇളംചൂടുവെള്ളത്തിൽ ചൂട് കുറയുന്നതു വരെ ദേഹം തുടച്ച് എടുക്കാം. ഫിറ്റ്സ് ഉള്ള കുട്ടികളാണെങ്കിൽ അതിനുള്ള ഗുളികയും ഡോക്ടറുടെ നിർദേശപ്രകാരം നൽകണം. ചെറിയ കുട്ടികൾക്ക് പാരസെറ്റമോൾ സിറപ്പും വലിയ കുട്ടികൾക്ക് ഗുളികയും നൽകാം.

∙ ഛർദി – ഛർദി ഉണ്ടാകുന്ന കുട്ടികൾക്ക് ഛർദിയുടെ സിറപ്പ് നൽകാം. ഛർദി കുറയ്ക്കുന്നതിനു നാക്കിൽ ഒട്ടിക്കാവുന്ന സ്ട്രിപ്പുകളും ഡോക്ടറുടെ നിർദേശപ്രകാരം നൽകാം.

∙ വയറിളക്കം– വയറിളക്കം ഉണ്ടാകുന്ന കുട്ടികൾക്കു മരുന്നുകളും  പ്രോബയോട്ടിക്കുകളും നൽകാം. അതിനൊപ്പം നിർജലീകരണം തടയാൻ ഒ ആർ എസ് ലായനിയും നൽകാം. കഞ്ഞിവെള്ളം, തിളപ്പിച്ച് ആറിയ വെള്ളം എന്നിവയും നല്ലതാണ്.

∙ ജലദോഷം– ജലദോഷത്തിനു മൂക്കിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളും സിറപ്പുകളും ഡോക്ടറുടെ നിർദേശപ്രകാരം നൽകാം.∙ ചുമ ഉണ്ടായാൽ കഫ് സിറപ്പുകൾ. നൽകാം. ശ്വാസംമുട്ടൽ ഉണ്ടാകുന്ന കുട്ടികൾക്ക് സാൽബ്യുട്ടമോൾ ഇൻഹേലർ പ്രയോജനപ്പെടും .

∙ഗ്യാസ് കെട്ടുക– ഗ്യാസിനുള്ള കാർമിനേറ്റീവ് മിക്സ്ചർ ഡോക്ടറുടെ നിർദേശ പ്രകാരം നൽകാം. ഗ്യാസ് പ്രശ്നത്തിനു ചെറിയ കുട്ടികൾക്കു സിറപ്പുണ്ട്. മുതിർന്ന കുട്ടികൾക്ക് ഗ്യാസിനുള്ള ഗുളിക നൽകാം.

∙ ഫിറ്റ്സ് – ചില കുട്ടികൾക്ക് പനി കൂടി ഫിറ്റ്സ് വരാനിടയുണ്ട്. പനിയുടെ മരുന്ന് കൃത്യമായ ഇടവേളകളിൽ നൽകുക. ഫിറ്റ്സ് ഉണ്ടായാൽ ഒരു വശത്തേക്ക് കുട്ടിയെ ചെരിച്ചു കിടത്തി ശരീരം തുടച്ചു കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.

∙ തലചുറ്റൽ – തലചുറ്റൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് നിലത്തു കിടത്തി കാലുകൾ ഉയർത്തി വയ്ക്കുക .മുഖത്തു വെള്ളം തളിക്കുക. ധാരാളമായി വെള്ളം കുടിപ്പിക്കുക. ഇതുകൂടാതെ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൂടെ കരുതാം. ആസ്മ ഉള്ള കുട്ടികൾ ഒരു കാരണവശാലും ഇൻഹേലർ മുടക്കാൻ പാടില്ല. ജലദോഷത്തിനു മരുന്നുകളും മൂക്കടപ്പിന് മൂക്കിൽ ഒഴിക്കാനുള്ള തുള്ളിമരുന്നുകളും കരുതാം.

മുറിവുണ്ടായാൽ പുരട്ടാൻ ബീറ്റാഡിൻ ഒായിൻമെന്റ് സൂക്ഷിക്കാം. മരുന്നുകൾക്കൊപ്പം അത്യാവശ്യമായി വേണ്ട ചിലതു കൂടിയുണ്ട്. ബാൻഡേജുകൾ, ഒട്ടിക്കുന്ന ടേപ്പ് , കൈയുറകൾ, തെർമോമീറ്റർ , പൾസ് ഓക്സിമീറ്റർ, കത്രിക, പനി വന്നാൽ തുടയ്ക്കാനുള്ള തുണി എന്നിവയാണവ. കലാമിൻ ലോഷൻ , കൊതുകു റിപ്പല്ലന്റുകൾ എന്നിവയും കരുതണം.

ഡോ. ജിസ് തോമസ്

സീനിയർ കൺസൽറ്റന്റ്
പീഡിയാട്രീഷൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ

jiss1001980@gmail.com

Tags:
  • Manorama Arogyam
  • Kids Health Tips