Saturday 03 February 2024 12:22 PM IST

ശബ്ദം, ആംഗ്യങ്ങൾ, തപ്പുകൊട്ടൽ... കുഞ്ഞുങ്ങൾ ഓരോ മാസത്തിലും നൽകുന്ന സൂചനകൾ: വളർച്ച നാഴികക്കല്ലുകൾ

Reshmi Mohan A., Child Development Therapist, SUT Hospital, Pattom

kidse23

കുട്ടികളുടെ വളര്‍ച്ചയെ പ്രധാനമായും നാലായി തരം തിരിക്കാം - സ്തൂലപേശി വികാസം (Gross Motor), സൂക്ഷ്മ പേശി വികാസം (Fine motor), ഭാഷാ വികാസം (Language), സാമൂഹിക വികാസം (Social) എന്നിങ്ങനെ.

0 - 1 മാസം

കുഞ്ഞിക്കണ്ണ് ചിമ്മി തുറക്കുമ്പോള്‍ എപ്പോഴും കാണുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം കുഞ്ഞോമനകള്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്‍കുന്നു.

· കറുപ്പും വെളുപ്പും ഇടകലര്‍ന്ന (Zebra lines) നിറത്തിലുള്ള മാതൃകകള്‍ ഉണ്ടാക്കി 8 ഇഞ്ച് അകലത്തില്‍ കുഞ്ഞിനെ കാണിക്കുക.

· കുഞ്ഞിന്റെ മുഖത്തോട് മുഖം നോക്കി അമ്മ സംസാരിക്കുകയോ പാടുകയോ ചെയ്യുക (താരാട്ട് പോലെയുള്ള ഇമ്പമുള്ള ശബ്ദങ്ങള്‍ കുഞ്ഞിന് ഇഷ്ടമാകും).

2 മാസം

· കുഞ്ഞ് ചിരിക്കാന്‍ ആരംഭിക്കുന്നു.

· അമ്മയുടെ മുഖം തിരിച്ചറിയാന്‍ തുടങ്ങുന്നു. കുഞ്ഞിനെ അമ്മയുടെ മുഖത്തിനഭിമുഖമായി പിടിച്ചശേഷം കളിപ്പിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുക.

· ആകര്‍ഷകമായ ചിത്രങ്ങള്‍ ഭിത്തിയില്‍ പതിപ്പിക്കുക.

· നിറമുള്ള തുണിയോ കളിപ്പാട്ടങ്ങളോ 8 ഇഞ്ച് അകലത്തില്‍ കാണിക്കുക.

3 മാസം

· കുഞ്ഞ് കിടക്കുമ്പോള്‍ അല്പം മുകളിലായി കളിപ്പാട്ടങ്ങള്‍ കാണിച്ചുകൊടുക്കുകയും കണ്‍മുന്നിലൂടെ അവ ഒരു വശത്തു നിന്നും മറുവശത്തേക്ക് മാറ്റുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞ് അത് പിന്തുടരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

· ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് നോക്കുക.

· സ്വന്തം കൈകള്‍ മാറിമാറി നോക്കുക.

· കമഴ്ത്തി കിടത്തുമ്പോള്‍ തലയും നെഞ്ചും ഉയര്‍ത്താന്‍ കുഞ്ഞ് ശ്രമിക്കുന്നു.

· പലതരത്തിലുള്ള ശബ്ദങ്ങള്‍ കുഞ്ഞിന്റെ ഇരുവശത്ത് നിന്നും കേള്‍പ്പിക്കുക.

4 മാസം

· കഴുത്ത് ഉറച്ചിരിക്കും.

· കയ്യില്‍ കളിപ്പാട്ടങ്ങള്‍ കൂടുതല്‍ സമയം പിടിച്ചു കളിക്കും.

· ഉച്ചത്തില്‍ ചിരിക്കാനുള്ള കഴിവുണ്ടാകും.

· രണ്ട് കൈകളും ശരീരത്തിന്റെ മധ്യഭാഗത്ത് ചേര്‍ത്തുപിടിച്ച് കളിക്കും.

· ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ കാണിച്ചുകൊടുക്കുക (വാഹനങ്ങള്‍ പോകുന്നത്, കാറ്റില്‍ ആടുന്ന ഇലകള്‍).

5 മാസം

· ഒളിച്ചേ കണ്ടേ കളിക്കുക.

· കൈ നീട്ടി സാധനങ്ങള്‍ വാങ്ങുന്നു.

· ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

· നിര്‍ത്തുമ്പോള്‍ കാലുകള്‍ നിലത്ത് ഉറയ്ക്കുന്നു.

· കാലില്‍ പിടിച്ച് കളിക്കുന്നു.

· കണ്ണാടി നോക്കി രസിക്കുന്നു.

· മുന്നില്‍ പന്തോ, കളിപ്പാട്ടമോ ഉരുണ്ട് നീങ്ങുമ്പോള്‍ കണ്ണുകള്‍ കൊണ്ട് പിന്തുടരുന്നു.

6 മാസം

· ചെറിയ വസ്തുക്കള്‍ നോക്കാന്‍ പ്രേരിപ്പിക്കുക.

· നിറമുള്ള ചിത്രങ്ങള്‍, ബുക്കുകള്‍ എന്നിവ കാണിച്ചു കൊടുക്കുക.

· ഭാവഭേദങ്ങള്‍ വരുത്തി കുഞ്ഞിനോട് സംസാരിക്കുക.

· മറ്റുള്ളവരെ അനുകരിച്ച് ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

· പരസഹായത്തോടുകൂടി അല്‍പനേരം ഇരിക്കുന്നു.

· അപരിചിതരെ ഭയക്കുന്നു.

· ഇഷ്ടവും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്നു.

· ഒരു കൈയില്‍ നിന്നും മറു കൈയ്യിലേക്ക് സാധനങ്ങള്‍ മാറ്റിപ്പിടിക്കാന്‍ തുടങ്ങുന്നു.

7 മാസം

· പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.

· ഒരു കൈകൊണ്ട് സാധനങ്ങള്‍ എത്തിപ്പിടിക്കുന്നു.

· പരസഹായം ഇല്ലാതെ കുഞ്ഞിനു ഇരിക്കാന്‍ സാധിക്കുന്നു.

· പരിചയമുള്ള മുഖങ്ങള്‍ തിരിച്ചറിയുന്നു.

8 മാസം

· നിലത്ത് ഇഴയാന്‍ താല്പര്യം കാണിക്കുന്നു.

· കുഞ്ഞിന്റെ പേര് വിളിച്ചാല്‍ പ്രതികരിക്കുന്നു.

· വെള്ളത്തില്‍ കളിക്കാന്‍ താല്പര്യം കാണിക്കുന്നു.

· മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി പലതരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.

· സാധനങ്ങള്‍ / കളിപ്പാട്ടങ്ങള്‍ കൈ എത്തിപ്പിടിക്കുന്നു.

· തിരിയാനും മറിയാനും താല്പര്യം കാണിക്കുന്നു.

· തനിയെ എഴുന്നേറ്റ് ഇരിക്കും.

9 മാസം

· പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു.

· പിടിച്ചു നടക്കാന്‍ താല്പര്യം കാണിക്കുന്നു.

· തപ്പുകൊട്ടി കളിക്കുന്നു.

· മമ്മ, ഡാഡാ എന്ന് പറയാന്‍ ശ്രമിക്കുന്നു.

· ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നു.

· ഓരോ കൈയിലും ഓരോ സാധനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നു.

10 മാസം

· അനുകരിക്കാന്‍ ശ്രമിക്കുന്നു.

· ചുറ്റുപാടുകളില്‍ താല്‍പര്യം കാണിക്കുന്നു.

· -സ്വന്തമായി ചുവടുകള്‍ വച്ച് നടക്കാന്‍ ആരംഭിക്കുന്നു.

· കാര്യങ്ങളോട് പ്രതികരിച്ചു തുടങ്ങുന്നു.

· 'No' എന്ന വാക്ക് പറഞ്ഞു തുടങ്ങും.

· ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കും.

· വ്യത്യസ്തമായ മുഖഭാവങ്ങള്‍ തിരിച്ചറിയും.

11 മാസം

· ബൈ-ബൈ-ടാറ്റ കാണിക്കാന്‍ തുടങ്ങുന്നു.

· കപ്പില്‍ നിന്നും സ്വന്തമായി വെള്ളം കുടിക്കാന്‍ ആരംഭിക്കുന്നു.

· ഭയം, മുന്‍കരുതല്‍ എന്നീ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു.

· സ്വന്തം ആവശ്യങ്ങള്‍ മനസ്സിലാക്കുന്നു.

· ഉച്ചത്തിലുള്ള ശബ്ദങ്ങളോട് പ്രതികരിക്കുന്നു.

· മറ്റൊന്നിന്റെയും സഹായമില്ലാതെ നില്‍ക്കുന്നു.

12 മാസം

· സാധനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

· കസേരകളിലും മറ്റും പിടിച്ച് നടന്നു തുടങ്ങുന്നു.

· ഒളിപ്പിച്ചു വച്ച സാധനങ്ങള്‍ അനായാസം കണ്ടുപിടിക്കുന്നു.

· ചിത്രങ്ങളുടെ പേരോ സൂചനയോ പറയുമ്പോള്‍ അതിലേക്ക് നോക്കും.

· മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ശബ്ദം, ആംഗ്യങ്ങള്‍, പ്രവര്‍ത്തികള്‍ എന്നിവ അനുകരിക്കും.

· കുഞ്ഞിന്റെ അച്ഛനോ അമ്മയോ സമീപത്ത് നിന്നും മാറുമ്പോള്‍ കരയുന്നു.

· ശരീരത്തിന്റെ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങും.

· കഥ കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കും.

Tags:
  • Manorama Arogyam