Wednesday 21 December 2022 12:48 PM IST : By സ്വന്തം ലേഖകൻ

കാൽവണ്ണയുടെ വേദനയും വലിച്ചിലും കുറയ്ക്കാം; വീട്ടിൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ അറിയാം

calfpaibr4r

കാൽമുട്ടിന് താഴെ പിൻഭാഗത്ത് ഉള്ള പേശികളുടെ ചലനവള്ളികളാണ് കുതിഞരമ്പ് എന്നു വിളിക്കപ്പെടുക്കുന്നത്. നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ ഇവ ശരീരഭാരം താങ്ങുകയും ഉയർത്തുകയും ചെയ്യുന്നതോടൊപ്പം കുതിപ്പിക്കുക കൂടി ചെയ്യാൻ തക്ക വണ്ണം ശക്തി ഉള്ളവയുമാണ്. അത് കൊണ്ട് തന്നെ ഈ പേശികൾക്ക് തകരാറു വരുന്നത് സ്വാഭാവികം. ഓടുന്നവരിലും ചാടുന്നവരിലുമൊക്കെ പരുക്ക് പെട്ടെന്നുണ്ടാകുന്നവയാണ്. അവ കായികക്ഷതങ്ങൾക്കുള്ള തെറപ്പിയിൽ പെടുത്താം.

ഒരുപാട് സമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നവരിൽ കാണുന്ന തകരാർ വ്യത്യസ്തമാണ്. ഒരേ നിലയിൽ തുടരുന്നതിനാലും തക്കതായ വ്യായാമം ലഭിക്കാത്തതിനാലും പേശിക്ക് മുറുക്കം ഉണ്ടാകുന്നു. ഇവ ആവർത്തന ആയാസ ക്ഷതങ്ങളുടെ (Repetitive strain injuries) ഗണത്തിലാണ് വരിക. കാഫ് പേശികളുടെ തൊട്ടുമുകളിൽ വച്ചാണ് സയാറ്റിക് നാഡി രണ്ടായി പിരിയുന്നത്. കാഫ് പേശികൾക്കുണ്ടാകുന്ന ഇറുക്കം തൊട്ടടുത്തു കൂടി സഞ്ചരിക്കുന്ന സയാറ്റിക് നാഡിയുടെ മേൽ സമ്മർദം ഏറാനും സയാറ്റിക്കയുടെ ലക്ഷണങ്ങൾ കാണാനും ഇടയാക്കാം. ഇത് പലപ്പോഴും. ചികിത്സകരെ വഴിതെറ്റിക്കും. സയാറ്റിക്ക മൂലവും ഇറുക്കം വരാമെന്നിരിക്കെ ഇവ തമ്മിൽ തിരിച്ചറിയുക പ്രയാസമാണ്. ഇതോടൊപ്പം
മുട്ടിനു വരുന്ന ജീർണതകളും വെരിക്കോസ് വെയിൻ പോലെ രക്ത
ഒാട്ടത്തിലുണ്ടാകുന്ന തകരാറുകളും കാഫ് പേശികൾക്ക് ക്ഷതമേൽപിക്കാറുണ്ട്. ഇവയുടെ ലക്ഷണങ്ങൾ രാത്രി വർധിക്കുന്നതായി കാണുന്നു.

പഴയകാലത്ത് കുത്തിയിരുന്നുള്ള ടോയ്‌ലറ്റ് ഉപയോഗം ഈ പേശിക്ക് ആവശ്യത്തിനു വലിവ് നൽകിയിരുന്നു. എന്നാൽ യൂറോപ്യൻ ക്ലോസറ്റ് കാഫ് പേശികൾക്ക് വലിവു നൽകുന്നില്ല. ഏറെ സമയം ഇരിക്കുകയും കാഫ് പേശികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഡ്രൈവിങ്, തൊഴിലിന്റെ ഭാഗമായി പടികൾ കയറിയിറങ്ങേണ്ടി വരുന്നവർ  (ഉദാ–നഴ്സുമാർ) , ടീച്ചർമാർ, എന്നിവരിലൊക്കെ കാഫ് പേശികൾക്കു വേദന വരാൻ സാധ്യത കൂടുതലാണ്. തണുപ്പുമായും ഈ അസുഖത്തിന് ബന്ധമുണ്ട്.

തിരിച്ചറിയാൻ ടെസ്റ്റുകൾ

കാഫ് പേശിയിൽ അമർത്തുമ്പോൾ ഉള്ള വേദനയാണ് പ്രധാന ലക്ഷണം. അമർത്തിക്കൊണ്ടിരുന്നാൽ സയാറ്റിക്കയുടെ ലക്ഷണങ്ങൾ കാണിക്കും. പാദം മുകളിലേക്ക് ഉയർത്താൻ പണിപ്പെടേണ്ടിവരും.

മലർന്നു കിടന്ന് കാൽ മുട്ടു മടക്കാതെ പാദം മുകളിലേക്ക് ഉയർത്തുക. ഇതേ സ്ഥിതിയിൽ കാൽ മൊത്തമായി പതിയെ ഉയർത്തുക. എവിടെയൊക്കെ വലിച്ചിൽ അനുഭവപ്പെടുന്നോ അവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും. നടുവിന് പ്രശ്നങ്ങൾ ഉള്ളവർ കാൽ നീട്ടിയിരുന്നു കൈ കൊണ്ട് കാൽവിരലുകളിൽ തൊടാൻ നോക്കുമ്പോൾ പിൻകാലിൽ വലിച്ചിൽ ഉണ്ടാകുന്നോ എന്നു നോക്കുക. തുടയ്ക്ക് പിന്നിലാണെങ്കിൽ ഹാംസ്ട്രിങ്. മുട്ടിനു പിന്നിലെങ്കിൽ ഹാംസ്ട്രിങ്ങും കാഫും.

വ്യായാമങ്ങൾ

1.  ഭിത്തിയെ അഭിമുഖീകരിച്ചു, വേദനയുള്ള കാൽ പിന്നിലാക്കി, നടക്കുമ്പോൾ എന്ന പോലെ നിൽക്കുക. ഇനി വലിവ് വേണ്ട കാൽ മുട്ടുമടക്കാതെ മറുകാൽ മുട്ടു മടക്കി ഭിത്തിയിൽ തള്ളാൻ ശ്രമിക്കാം. തള്ളുന്നതിന് അധികം ബലം വേണമെന്നില്ല.

2. രണ്ടു കാലും നീട്ടി ഇരുന്ന് രണ്ട് കൈകളും നീട്ടി കാൽ വിരലുകളിൽ തൊടുക. ഇതിൽ കാഫിനോടൊപ്പം ഹാംസ്ട്രിങ്ങിനും വലിവ് കിട്ടും.

3.   വേദന ഉള്ള കാൽ ഒരു പടിയുടെ പകുതി കയറ്റി വച്ച് മുട്ടു മടക്കാതെ ശരീരഭാരം മുഴുവൻ അതിലേക്ക് ചെലുത്തുക. മറ്റേ കാൽ വെറുതെ തൂങ്ങിക്കിടക്കട്ടെ. ഇനി ഉപ്പൂറ്റി താഴേക്ക് അയച്ചു വിടുക.

4.  കാഫ് സ്ട്രെച്- തറയിൽ പാദങ്ങൾ പതിപ്പിച്ചുവച്ച് കുത്തിയിരിക്കുക. ഉപ്പൂറ്റി തറയിൽ നിന്ന് ഉയരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കാഫ് പേശികൾക്ക് സ്ട്രെച്ച് നൽകും.

5.  ഒരുപാട് സമയം ഇരുന്നു ജോലി ചെയ്യുന്നവർ മുട്ട് മടക്കി പാദം കസേരയുടെ അടിയിലേക്ക് വയ്ക്കുക. ഇനി ഉപ്പൂറ്റി തറയിൽ അമർത്തുക. ഇത് കാഫ് പേശിക്ക് അയവു നൽകും.

പാദം ഉയർത്തിവയ്ക്കാം

∙ ഒരുപാട് സമയം ഇരുന്നു ജോലി ചെയ്യുന്നവർ പാദം ഒരു ഫൂട്ട് റെസ്റ്റിലോ കംപ്യൂട്ടർ ടേബിളിനടിയിലുള്ള പടിയിലോ ഉയർത്തിവയ്ക്കുക. കാൽ നീട്ടി ഇരിക്കരുത്.

∙ ഇടയ്ക്കിടെ പടി കയറേണ്ടിവരുന്നവർ സ്പീഡ് കുറച്ച് പടി കയറാൻ ശ്രദ്ധിക്കുക.  അതുപോലെ ഉപ്പൂറ്റിഭാഗം പതിച്ചുവച്ച് ഇറങ്ങാനും കയറാനും ശ്രദ്ധിക്കുക. മുൻവിരലുകളിൽ മാത്രം അമിതഭാരം നൽകി പടി കയറരുത്.

∙ ഡ്രൈവിങ് ജോലിയിലുള്ളവർ ക്ലച്ചും ആക്സിലേറ്ററും അധികം മുറുക്കം വരാതെ സെറ്റ് ചെയ്യുക. കാഫ് പേശികൾക്കുള്ള ആയാസം കുറയും.  ഡ്രൈവ് ചെയ്യാത്ത സമയത്ത്  സ്ട്രെച്ചിങ് ചെയ്യുക. സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന ബാൻഡുകൾ പ്രത്യേകം വിപണിയിൽ ലഭിക്കും.

സുമേഷ് കുമാർ

സീനിയർ ഫിസിയോ തെറപ്പിസ്റ്റ്,

റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ

Tags:
  • Fitness Tips
  • Manorama Arogyam