Thursday 07 December 2023 01:42 PM IST

മൂന്നു വയസ്സിനു മുന്‍പ് കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി നടത്താം, ഒപ്പം സംസാരപരിശീലനവും വേണം

Dr Anoop Chandran

implante234

ശ്രവണ സഹായികള്‍ കൊണ്ടു പരിഹരിക്കാനാകാത്ത ബധിരതയുടെ കാര്യത്തില്‍ വലിയൊരു ആശ്വാസമാണ് കോക്ലിയര്‍ ഇംപ്ലാന്റ്. ആന്തരകര്‍ണത്തിലെ ശ്രവണകോശങ്ങളുടെ നാശം മൂലം തീരെ ശ്രവണശേഷി ഇല്ലാതെ വിഷമം അനുഭവിക്കുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്പെടും. സര്‍ജറി ചെയ്യുന്ന വിധവും സർജറിക്കു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.

സർജറിക്കു മുൻപായി കുട്ടിക്ക് എത്രത്തോളം കേൾവിക്കുറവുണ്ട്?, ഈ ഇംപ്ലാന്റ് ചെയ്തതുകൊണ്ട് ഗുണമെന്തെങ്കിലും ഉണ്ടാകുമോ എന്നൊക്കെ അറിയാൻ എയ്ഡഡ് ഒാഡിയോഗ്രാം പോലെ ചില പരിശോധനകൾ നടത്തണം. ഇതൊക്കെ ചെയ്യുന്നത് ഒാഡിയോളജിസ്റ്റാണ്.

ആന്തരകർണത്തിലെ കോക്ലിയ എന്ന ഭാഗത്തെ ഹെയർ സെല്ലുകളുടെ നാശമാണ് കേൾവിനഷ്ടത്തിന്റെ ഒരു കാരണം. സർജറിയിൽ, ഈ കോക്ലിയയിലേക്ക് ഫിലമെന്റ് പോലുള്ള ഇലക്ട്രോഡ് കോക്ലിയയിലേക്കു ഫിക്സ് ചെയ്യുന്നു. ഇഎൻടി സർജനാണ് സർജറി ചെയ്യുന്നത്. ഇംപ്ലാന്റ് കൃത്യമായാണോ വച്ചിരിക്കുന്നത്, സിഗ്നൽ കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കിയ ശേഷം തുന്നലിടാം. മൂന്നാഴ്ച എടുക്കും മുറിവു സുഖമാകാൻ. അതിനു ശേഷമേ തലയോട്ടിയിൽ ഉറപ്പിച്ചിരിക്കുന്ന ഇംപ്ലാന്റ് ഒാൺ ചെയ്യൂ.

ഇംപ്ലാന്റിന് പ്രോസസർ, റിസീവർ എന്നിങ്ങനെ ഭാഗങ്ങളുണ്ട്. ചെവിക്കുപിന്നിലായി വച്ചിരിക്കുന്ന സംസ്കരണി ശബ്ദതരംഗങ്ങളെ പിടിച്ചെടുത്ത് ചെവിയുടെ പിന്നിലെ ചര്‍മത്തിനടിയിലായി വച്ചിരിക്കുന്ന സ്വീകരിണിയിലേക്ക് അയയ്ക്കുന്നു. ഈ സ്വീകരിണി ശബ്ദസിഗ്നലുകളെ കോക്ലിയയ്ക്കുള്ളില്‍ വച്ചിരിക്കുന്ന ഇലക്ട്രോഡിലേക്ക് എത്തിക്കുന്നു. തുടര്‍ന്ന് ഈ സിഗനലുകള്‍ നാഡിവഴി തലച്ചോറിലേക്ക് എത്തുകയും തലച്ചോറ് ഇതിനെ സംസ്കരിച്ച് ശബ്ദമായി ഗ്രഹിക്കുന്നു. ഇങ്ങനെ പൂർണമായും ചെവി കേൾക്കാൻ വയ്യാത്ത ആൾക്ക് പൂർണമായ കേൾവി നൽകാൻ സാധിക്കും.

ചെലവ് എത്ര?

ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നം സർജറിക്കു വേണ്ടുന്ന ചെലവാണ്. കോക്ലിയർ ഇംപ്ലാന്റിന് ഉപയോഗിക്കുന്ന ഇംപ്ലാന്റ് പലതരമുണ്ട്. ഏറ്റവും അടിസ്ഥാനപരമായ നിരക്കു നോക്കിയാൽ പോലും ഇംപ്ലാന്റിനു മാത്രം ഏകദേശം ഏഴു ലക്ഷം രൂപ വരും.

കേരളത്തിൽ പക്ഷേ, മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി മൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി സൗജന്യമായി നടത്തുന്ന ശ്രുതിതരംഗം എന്നൊരു പദ്ധതി നിലവിലുണ്ട്.

സർജറിക്കു ശേഷം വേണം തെറപ്പിയും മാപ്പിങ്ങും

സർജറി ചെയ്തതുകൊണ്ടുമാത്രം കുട്ടിയുടെ കേൾവി ശരിയാകില്ല. കുട്ടിക്ക് ശബ്ദം കേൾക്കാൻ പറ്റും, പക്ഷേ, ഭാഷ ഗ്രഹിക്കാൻ പറ്റില്ല. അതിന് ഒാഡിറ്ററി വെർബൽ തെറപ്പി കൂടി ചെയ്യണം. ഇംപ്ലാന്റ് ഒാണായശേഷം മാതാപിതാക്കളും ഒാഡിറ്ററി വെർബൽ തെറപ്പിസ്റ്റും കുട്ടിയുടെ കൂടെത്തന്നെയിരുന്ന് കേൾക്കുന്ന ശബ്ദങ്ങളെ ഗ്രഹിച്ചെടുക്കാൻ പരിശീലിപ്പിക്കണം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കൂടെയിരുന്ന് ഒാരോ അക്ഷരവും അതിന്റെ ഉച്ചാരണവും എല്ലാം പരിശീലിപ്പിക്കണം. മൂന്നു മുതല്‍ 6 മാസത്തിനുള്ളില്‍ സംസാരം മനസ്സിലാക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരും.

സർജറിയുടെ പങ്ക് 25 ശതമാനം മാത്രമാണ്. 75 ശതമാനം വരും തെറപ്പിയുടെ പങ്ക്. സർജറി ചെയ്തിട്ട് തെറപ്പി കൂടി നൽകിയില്ലെങ്കിൽ കുട്ടിക്ക് ഒരു മെച്ചവും ഉണ്ടാകില്ല.

സർജറി കഴിഞ്ഞ ശേഷം മാപ്പിങ് എന്നൊരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. ഇത് ഒാഡിയോളജിസ്റ്റും ഒാഡിയോ വെർബൽ തെറപ്പിസ്റ്റും ചേർന്നാണു ചെയ്യുന്നത്. മാസത്തിലൊരിക്കലോ മൂന്നുമാസം കൂടുമ്പോഴോ ഇംപ്ലാന്റ് ചെയ്ത ഇലക്ട്രോഡിനു കൃത്യമായി സിഗ്നൽ കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കുന്നു.

സാധാരണയായി, ഇംപ്ലാന്റ് വച്ചു കഴിഞ്ഞാൽ 15 വർഷത്തോളം സജീവമായി നിൽക്കും.

ഏതു പ്രായത്തിൽ നടത്തണം?

സർജറി നടത്തേണ്ടുന്ന പ്രായവും പ്രധാനമാണ്. സാങഅകേതികമായി പറഞ്ഞാൽ, 10 മാസത്തിനു മുകളിലുള്ള കുട്ടികളിൽ തുടങ്ങി മൂന്നു വയസ്സു വരെ കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്യാൻ സാധിക്കും. നമ്മുടെ തലച്ചോറിൽ ഒാരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത ഭാഗങ്ങളുണ്ട്. കേൾവിക്കുള്ള ഭാഗമാണ് ഒാഡിറ്ററി കോർട്ടക്സ്. കേൾവി ഇല്ലാത്തവരിൽ ഈ ഭാഗം പൂർണമായും പ്രവർത്തനം നിലച്ചുപോയാൽ മറ്റു ചില പ്രവർത്തനങ്ങൾക്കുള്ള ഭാഗമായി മാറാം. (ഉദാ: കാഴ്ച സംബന്ധമായ സിഗ്നലുകൾക്കുള്ള ഭാഗമാകാം.) അതുകൊണ്ട് എത്രയും പെട്ടെന്നു തന്നെ സർജറി ചെയ്യുന്നതാണു നല്ലത്.

ഡോ. അനൂപ് ചന്ദ്രന്‍

സീനിയര്‍ കണ്‍സല്‍റ്റന്റ് ഇഎൻടി സർജൻ

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam