Thursday 01 June 2023 03:39 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കാത്സ്യം കുറവും കടുത്ത ക്ഷീണവും തരിപ്പും മരപ്പും: പാരാതൈറോയ്‌ഡ് ഹോർമോൺ അളവു കുറഞ്ഞാൽ...

parathyroid45556

ജൂൺ 1 ലോക ഹൈപ്പോപാരാതൈറോയ്ഡിസം ദിനമായി ആചരിക്കപ്പെടുകയാണ്. 

കഴുത്തിനു താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിനു പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് പാരാതൈറോയ്ഡ് ഗ്രന്ഥി. പയർമണിയുടെ വലുപ്പമുള്ള നാലു പാരാതൈറോയ്ഡ് ഗ്രന്ഥികളുണ്ട് നമുക്ക്.

നമ്മുടെ ശരീരത്തിലെ പാരാതൈറോയ്ഡ് ഗ്രന്ഥികൾ പാരാതൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്നതു നിർത്തുകയോ കുറച്ചളവിൽ മാത്രം ഉൽപാദിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം. ശരീരത്തിലെ കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കളുടെ അളവു നിയന്ത്രിക്കുന്നത് ഈ ഹോർമോണാണ്. അതുകൊണ്ട് പാരാതൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും നിരക്കു സാധാരണ വേണ്ടതിലും കുറഞ്ഞുപോകാം. ഫോസ്ഫറസ് നിരക്കു കൂടുതലുമാകാം.

കാരണങ്ങൾ

പാരാതൈറോയ്ഡ് ഹോർമോൺ കുറയാൻ പല കാരണങ്ങളുണ്ട്.

∙ പാരാതൈറോയ്ഡ് ഗ്രന്ഥിക്കു സംഭവിക്കുന്ന പരുക്കുകൾ

∙ പാരാതൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക

∙ ജന്മനാ തന്നെ ഗ്രന്ഥി ില്ലാതെ വരിക

∙ സ്വന്തം ശരീരം തന്നെ ശരീരകലകളെ ആക്രമിക്കുന്ന ഒാട്ടോഇമ്യൂൺ രോഗാവസ്ഥ

∙ തൊണ്ടയിലെ അർബുദത്തിനുള്ള റേഡിയോതെറപ്പി ചികിത്സയുടെ ഫലമായി

∙ അമിതമദ്യപാനം പോലുള്ള കാരണങ്ങളാൽ ശരീരത്തിലെ മഗ്നീഷ്യം നിരക്കു കുറയുക.

ലക്ഷണങ്ങളറിയാം

∙ രക്തത്തിലെ കാത്സ്യം നിരക്കു കുറയുകയും ഫോസ്ഫറസ് നിരക്കു കൂടുകയും ചെയ്യുന്നതിനാൽ ശാരാരീരികമായും വൈകാരികമായും ഏറെ ബുദ്ധിമുട്ടുകളെ ആ വ്യക്തിക്കു നേരിടേണ്ടിവരുന്നു.

കാത്സ്യം കുറയുന്നതോടെ നാഡീവ്യൂഹത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകളുടെ കൈമാറ്റത്തിൽ തകരാർ വരാം.

∙ കൈവിരലുകളിലും കാൽപാദങ്ങളിലും ചുണ്ടിനും വായുടെ ചുറ്റും തരിപ്പും മരപ്പും

∙ കയ്യിലും കാലിലും ശരീരത്തിലെ വലിയ പേശികളിലും വേദന, കോച്ചിപിടുത്തം, മുറുക്കം അനുഭവപ്പെടുക.

∙ മുഖപേശികൾക്ക് കോടൽ (Twitching Spasm) , കൈകളിലും തൊണ്ടയിലും അനുഭവപ്പെടാം.

∙ അതീവക്ഷീണം

∙ ചർമം വരണ്ടുപോവുക

∙ മുടി വരണ്ടതും എളുപ്പം പൊട്ടിപ്പോവുന്നതുമാവുക.

∙ നഖം എളുപ്പം പൊട്ടിപ്പോവുക

∙ ടെറ്റനി അഥവാ പേശികൾ മുറുകിപ്പോവുക

∙ പെട്ടെന്ന് അസ്വസ്ഥതപ്പെടുക, സങ്കടം, ആശങ്ക, വിഷാദം, ശൂന്യതാബോധം എന്നിങ്ങനെ വൈകാരികമായ മാറ്റങ്ങൾ അനുഭവപ്പെടുക.

∙ ഒാർമ, ഏകാഗ്രത എന്നിവ കുറയുക, ഒന്നിലും ശ്രദ്ധയൂന്നാൻ കഴിയാതിരിക്കുക.

ഹൈപ്പോപാരാതൈറോയ്ഡിസം നീണ്ടുനിന്നാൽ പല്ലിനും മുടിക്കും നഖത്തിനും ചർമത്തിനുമൊക്കെ പ്രശ്നങ്ങൾ വരാം. വൃക്കയിൽ കല്ലുകളുണ്ടാകാം.

തിരിച്ചറിയാം

രക്തത്തിലെ കാത്സ്യം നിരക്ക് കുറഞ്ഞിരിക്കുക, പാരാതൈറോയ്ഡ് ഹോർമോൺ നിരക്കു കുറയുക, ഫോസ്ഫറസ് നിരക്കു വളരെ കൂടുതലാവുക എന്നിവ രോഗത്തിന്റെ സൂചനയാണ്. മൂത്രത്തിലൂടെ കാത്സ്യം ധാരാളമായി പുറത്തുപോകുന്നുണ്ടോ എന്നുള്ള യൂറിൻ പരിശോധനയും സഹായകരമാണ്.

ചികിത്സ എങ്ങനെ?

∙ ലക്ഷണങ്ങളെ നിയന്ത്രിക്കാനുള്ള ചികിത്സയാണ് നൽകുക. അതിനായി കാത്സ്യം നിരക്കുകൾ വർധിപ്പിക്കാനുള്ള മരുന്നുകൾ നൽകുന്നു.

∙ വൈറ്റമിൻ ഡി– ശരീരത്തിലേക്കുള്ള കാത്സ്യം ആഗിരണം നന്നായി നടക്കാനും ഫോസ്ഫറസിനെ നീക്കം ചെയ്യാനും വൈറ്റമിൻ ഡി സഹായിക്കുന്നു. ഉയർന്ന അളവ് വൈറ്റമിൻ ഡി വേണ്ടിവരും, ഡോക്ടറുടെ നിർദേശമനുസരിച്ച് കഴിക്കുക.

∙ മഗ്നീഷ്യം അളവു കുറവാണെങ്കിൽ അതു പരിഹരിക്കാനുള്ള സപ്ലിമെന്റുകൾ കഴിക്കണം.

∙ കൂടുതൽ കാത്സ്യം ലഭിക്കുന്ന രീതിയിലേക്ക് ഭക്ഷണം പ്രത്യേകമായി ചിട്ടപ്പെടുത്തുന്നു. പാൽ, പാലുൽപന്നങ്ങൾ, ബ്രോക്ക്‌ലി, വെണ്ടയ്ക്ക, സോയ ഉൽപന്നങ്ങൾ, കാത്സ്യം ഫോർട്ടിഫൈഡ് ഉൽപന്നങ്ങൾ, ചെറുമത്സ്യങ്ങൾ എന്നിവ ശരീരത്തിന് ആവശ്യമായ കാത്സ്യം നൽകും. ഒപ്പം, ഫോസ്ഫറസ് കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും വേണം. ചുവന്ന മാംസം, കോഴിയിറച്ചി, മുട്ട, അരി, ഒാട്സ്, ചിലതരം മീനുകൾ എന്നിവയിൽ ഫോസ്ഫറസ് കൂടുതലുണ്ട്. അവ നിയന്ത്രിച്ചുപയോഗിക്കുക.

ഭക്ഷണനിയന്ത്രണവും ഔഷധചികിത്സയുമെല്ലാം ജീവിതകാലം മുഴുവൻ തുടരേണ്ടിവരും. ഒപ്പം നിശ്ചിത ഇടവേളകളിൽ രക്തത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും നിരക്കു പരിശോധിച്ചുകൊണ്ടിരിക്കണം.

വിവരങ്ങൾക്ക് കടപ്പാട്

മയോ ക്ലിനിക്

ജോൺസ് ഹോപ്കിൻസ് മെഡിസിൻ

Tags:
  • Daily Life
  • Manorama Arogyam