Tuesday 07 May 2024 10:44 AM IST

രക്തസ്രാവം വലിയ റിസ്ക്: ശ്രദ്ധിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിനു വരെ കാരണമാകാം: അറിയാം പ്ലസന്റ പ്രീവിയ

Dr Azra Nazar, Senior Consultant Gynaecologist, Star care Hospital, Calicut

placenta323

ഗര്‍ഭകാലത്തും പ്രസവസമയത്തും സ്ത്രീകള്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവം സ്ത്രീകള്‍ക്ക് വലിയ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ സംഭവിക്കുന്ന രക്തസ്രാവത്തിന്റെ കാരണം നോക്കിയാല്‍ പലപ്പോഴും മറുപിള്ളയുടെ സ്ഥാനചലനം മൂലം സംഭവിക്കുന്ന പ്ലസന്റ പ്രീവിയ എന്ന അവസ്ഥയാണ് കാരണമെന്ന് കാണാം.

ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന് വേണ്ടതെല്ലാം, ഓക്‌സിജനും പോഷകങ്ങളുമെല്ലാം പ്ലസന്റ വഴിയാണ് കുഞ്ഞിലേക്കെത്തുന്നത്. ഗര്‍ഭാശയത്തിനകത്ത് കുഞ്ഞിനോടൊപ്പം തന്നെയുള്ള പ്ലാസന്റ് അഥവാ മറുപിള്ളയാണ് കുഞ്ഞിന്റെ ഒട്ടുമിക്ക അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ശ്വാസകോശം, വൃക്കകള്‍, പോഷകങ്ങള്‍ എത്തിക്കുന്നത്, തുടങ്ങിയവയുടെ ജോലികളെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ശരീരത്തിനാവശ്യമായ പല ഹോര്‍മോണുകളും പ്ലസന്റ നിര്‍മ്മിക്കുന്നു.

സാധാരണ ഗതിയില്‍ ഗര്‍ഭാശയത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യാറുള്ള മറുപിള്ള താഴേക്ക് ഇറങ്ങി വരികയും ഗര്‍ഭാശയമുഖം ഭാഗികമായോ പൂര്‍ണ്ണമായോ മറയ്ക്കുന്ന രൂപത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന അവസ്ഥയാണ് പ്ലസന്റ പ്രീവിയ. ഇത് റിസ്‌ക് കൂടുതലുള്ള ഒരു അവസ്ഥയാണ്.

രക്തസ്രാവം ശ്രദ്ധിക്കുക

പ്ലസന്റ പ്രീവിയയുടെ പ്രധാന റിസ്‌ക് എന്നത് രക്തസ്രാവമാണ്. ഇത് ഗര്‍ഭകാലത്തോ പ്രസവസമയത്തോ ഒക്കെ സംഭവിക്കാം. വലിയ തോതിലുള്ള രക്തസ്രാവമായി മാറുന്ന സാഹചര്യങ്ങളില്‍ തക്കസമയത്ത് നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിനു വരെ ഇത് കാരണമാകാം.

മറുപിള്ള ഗര്‍ഭാശയമുഖം കവര്‍ ചെയ്യുന്നതുകൊണ്ട് സാധാരണ ഗതിയിലുള്ള പ്രസവം സാധ്യമാവില്ല. പകരം സിസേറിയന്‍ തന്നെ വേണ്ടി വരും.

ഗര്‍ഭാവസ്ഥയില്‍ പ്ലസന്റ അഥവാ മറുപിള്ള വളരെ പ്രധാനമായ ഒരു ഓര്‍ഗന്‍ ആണ്. ഗര്‍ഭാശയത്തിനകത്ത് കുഞ്ഞിനോടൊപ്പം തന്നെ പ്ലസന്റയും വളര്‍ന്നുകൊണ്ടിരിക്കും. ഗര്‍ഭാശയ ഭിത്തിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രൂപത്തിലാണ് പ്ലസന്റ കാണപ്പെടുക.

കാരണങ്ങള്‍

പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെയും പ്ലസന്റ പ്രീവിയ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അതിനു സാധ്യത കൂടുതലാണ്. നേരത്തെ സീസേറിയന്‍ പ്രസവം നടന്നൊരാള്‍ക്ക് പ്ലസന്റ പ്രീവിയ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭാശയത്തില്‍ മറ്റു വിധത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തിയവര്‍ക്കും വന്ധ്യതാ ചികിത്സ സ്വീകരിച്ചവര്‍ക്കും ഈ രോഗാവസ്ഥ വരാന്‍ സാധ്യത കൂടുതലാണ്. മറ്റൊരു കാരണം പുകവലിയാണ്.

പ്ലസന്റ പ്രീവിയ എന്ന അവസ്ഥയുണ്ടെന്ന് തിരിച്ചറിയുന്നത് എപ്പോഴാണ്?

അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെയാണ് സാധാരണ ഗതിയില്‍ പ്ലസന്റ പ്രീവിയ തിരിച്ചറിയപ്പെടുക. ഗര്‍ഭിണികള്‍ക്ക് അഞ്ചാം മാസത്തില്‍, അതായത് 18നും 20നും ഇടയിലുള്ള ആഴ്ചകളില്‍ അനോമലി സ്‌കാനിംഗ് നടത്താറുണ്ട്. ഈ സമയത്ത് പ്ലസന്റയുടെ ലൊക്കേഷന്‍ നോക്കി വയ്ക്കും. എട്ടാം മാസത്തില്‍ വീണ്ടും ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് നോക്കും. ഇതില്‍ പത്തില്‍ ഒന്‍പതു പേര്‍ക്കും ഈ സമയം ആകുമ്പോഴേക്കും പ്ലസന്റ മുകള്‍ ഭാഗത്തേക്ക് മാറിയിട്ടുണ്ടായിരിക്കും. 32ആം ആഴ്ചയില്‍ പ്ലസന്റ ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തായി കണ്ടാല്‍ വീണ്ടും ഒന്‍പതാം മാസം അതായത് 36 ആം ആഴ്ചയില്‍ വീണ്ടും സ്‌കാനിംഗ് ചെയ്യും. ഈ ഘട്ടത്തിലും പ്ലസന്റ താഴ്ഭാഗത്താണെങ്കില്‍ പിന്നീട് പ്ലസന്റ പ്രീവിയ എന്ന അവസ്ഥ വച്ചാണ് ഗര്‍ഭിണിയുടെ കാര്യങ്ങള്‍ പരിഗണിക്കുക. ട്രാന്‍സ് വജൈനല്‍ സ്‌കാന്‍ ചെയ്ത് പ്ലസന്റ കൃത്യമായി സ്ഥിതി ചെയ്യുന്നതെവിടെ എന്നും രക്തസ്രാവത്തിനുള്ള സാധ്യത എത്രമാത്രമാണെന്നും മനസ്സിലാക്കാം. അപകടസാധ്യത അറിയാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് സര്‍വൈക്കല്‍ ലെംഗ്ത്ത് മെഷര്‍മെന്റ്. സര്‍വൈക്കല്‍ ലെംഗ്ത്ത് ചെറുതാണെങ്കില്‍ നേരത്തെയുള്ള പ്രസവം ഉണ്ടാകുമോ പ്രസവത്തില്‍ അപകടസാധ്യതകളുണ്ടോ എന്നെല്ലാം അറിയാന്‍ കഴിയും. ഗര്‍ഭകാലത്തിന്റെ രണ്ടാം പകുതിയില്‍ ബ്ലീഡിംഗ് കണ്ടാല്‍ യുഎസ്ജി ചെയ്ത് ഇത് പ്ലസന്റ പ്രീവിയ കൊണ്ടാണോ എന്ന് നോക്കാറുണ്ട്.

യാതൊരുകാരണവുമില്ലാതെ വേദനയില്ലാതെ രക്തവാര്‍ച്ച ഉണ്ടാവാം. ചെറിയ തോതില്‍ തുടങ്ങി ഇത് വലുതായി മാറുകയും ചെയ്യാം. അതുകൊണ്ട് ഇത്തരത്തില്‍ പ്ലാസന്റ പ്രീവിയ കണ്ടെത്തിയവര്‍ എന്തെങ്കിലും രക്തവാര്‍ച്ച പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ഹോസ്പിറ്റലില്‍ എത്തിയാല്‍ രക്തവാര്‍ച്ച നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തര സിസേറിയനും രക്തം സ്വീകരിക്കലും വേണ്ടി വന്നേക്കാം.

രക്തവാര്‍ച്ചയ്ക്കുള്ള സാധ്യതയുള്ളതുകൊണ്ട് ഇത്തരം സ്ത്രീകള്‍ക്ക് പോഷകങ്ങളും അയേണ്‍ കണ്ടന്റുമുള്‍പ്പെടെയുള്ള ഭക്ഷണക്രമം അനിവാര്യമാണ്.

സാധാരണ ഗതിയിലുള്ള പ്രസവം ഇത്തരക്കാര്‍ക്ക് കഴിയാത്തതുകൊണ്ട് 36 ആഴ്ച കഴിയുമ്പോള്‍ തന്നെ സിസേറിയന്‍ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. ഏറ്റവും മികച്ച, പരിചയസമ്പന്നരായ ഒബ്സ്റ്ററ്റീട്രീഷ്യനും ഗൈനക്കോളജിസ്റ്റും അനസ്തറ്റിസ്റ്റും ചേര്‍ന്ന് പ്രസവം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. നേരത്തെ സിസേറിയന്‍ സെക്ഷന്‍ വേണ്ടി വന്നാല്‍ കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ മുന്‍കൂട്ടി നല്‍കുന്ന ഇന്‍ജക്ഷനുകള്‍ ഇന്ന് ലഭ്യമാണ്.

പ്ലസന്റ പ്രീവിയയുടെ കുറച്ചുകൂടി ഗൗരവമേറിയ അവസ്ഥയാണ് പ്ലസന്റ അക്രിറ്റ. പ്ലസന്റ അഥവാ മറുപിള്ള ഗര്‍ഭാശയ ഭിത്തിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ്. കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പ്രയാസമുള്ള അവസ്ഥയാണിത്.

പ്ലസന്റ പ്രീവിയ ഹൈറിസ്‌ക് ഗര്‍ഭാവസ്ഥ ഗണത്തിലാണ് പെടുന്നതെങ്കിലും കൃത്യമായ പരിശോധനകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തുടര്‍ച്ചയായി സ്വീകരിച്ചുകൊണ്ടും കൈകാര്യം ചെയ്യാവുന്ന അവസ്ഥയാണ്. പ്രാഗത്ഭ്യമുള്ള ഡോക്ടര്‍മാരും രക്തം സ്വീകരിക്കാന്‍ വരെ സൗകര്യമുള്ള ആശുപത്രിയും തെരഞ്ഞെടുക്കാനും ശ്രദ്ധിക്കേണ്ടത് ഇത്തരം ഗര്‍ഭിണികളുടെ കാര്യത്തില്‍ അനിവാര്യമാണ്.