Wednesday 01 June 2022 05:05 PM IST : By C J Thomas

വിജനവീഥികൾ, ആളൊഴിഞ്ഞ പൊലീസ് പിക്കറ്റുകൾ, വാഹ്ഗുരു മന്ത്രങ്ങളില്ലാത്ത ഹേംകുണ്ഡ് വഴി ... മഹാമാരിക്കാലത്ത് പൂക്കളുടെ താഴ്‌വരയിലേക്ക്

valley of flowers viw from pulna

ഏതാനും വർഷങ്ങളുടെ ഇടവേളക്കു ശേഷം ഇക്കൊല്ലം ജൂൺ 1 നു തന്നെ ഹിമാലയത്തിലെ ലോകപ്രശസ്തമായ പൂക്കളുടെ താഴ്‌വര സഞ്ചാരികൾക്കായി തുറന്നിരിക്കുന്നു. കഴിഞ്ഞ വർഷം ഒട്ടേറെ നിയന്ത്രണങ്ങളോടെ പരിമിത സൗകര്യത്തിൽ ചുരുക്കം സഞ്ചാരികൾക്കായി ഉത്തരാഖണ്ഡിലെ തീർഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. ആ സമയത്ത് പൂക്കളുടെ താഴ്‌വരയിലേക്ക് സഞ്ചരിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുന്നു പലവട്ടം ഹിമാലയത്തിലേക്ക് സഞ്ചരിച്ചിട്ടുള്ള കോഴിക്കോട് സ്വദേശി സി.ജെ. തോമസ്.

മഹാമാരിക്കിടയിൽ യാത്ര

ഉദ്ദേശം രണ്ടു വർഷത്തെ വീർപ്പുമുട്ടലുകൾക്ക് ശേഷമാണ് ഒരു ഹിമാലയയാത്ര തരപ്പെടുന്നത്. കോവിഡ് മഹാമാരി ഒട്ടൊന്നുമല്ല നമ്മുടെ സാമൂഹ്യജീവിതത്തെ താറുമാറാക്കിയത്. പൂക്കളുടെ താഴ്‌വര തുറന്നു എന്ന ഒറ്റ അറിവിലാണ് സകലതും മറന്ന് സുഹൃത്തുക്കളോടൊപ്പം വണ്ടി കയറിയത്. ഡൽഹിയിലോ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലോ ജോഷിമഠിലോ വഴിയിലെവിടെയും തടസ്സങ്ങളുണ്ടായില്ല. ഹിമവാന്റെ വിളികൾ. അതൊരു പ്രത്യാശയാണ്. ആ പ്രത്യാശയിലാണ് മലയിടിച്ചിലുകൾക്കും മേഘവിസ്ഫോടനങ്ങൾക്കും സാധ്യതയുള്ള മൺസൂൺ മഴയിൽ, ആഗസ്റ്റിൽ യാത്രയ്ക്കിറങ്ങിയത്.

ഹരിദ്വാറിൽനിന്ന് ബദരീനാഥ് ക്ഷേത്ര പാതയിൽ 275 കിലോമീറ്റർ പിന്നിട്ടാൽ ജോഷിമഠിലെത്താം. അവിടെ നിന്ന് 25 കിലോമീറ്ററോളം ദൂരമുണ്ട് ഗോവിന്ദ്ഘാട്ടിലേക്ക്. അവിടെ അളകനന്ദാ നദി കുറുകെ കടന്ന് പൂൽന വരെ വാഹനത്തിൽ. പൂൽനയിൽ നിന്നാണ് ലക്ഷ്മൺ ഗംഗയുടെ ഓരങ്ങളിലായുള്ള ഇടതൂർന്ന ഹിമലായൻ കാടുകളുടെ വൈവിധ്യങ്ങളിലൂടെ പൂക്കളുടെ താഴ് വരയിലേക്കുള്ള വനയാത്രയുടെ ആരംഭം.

valley of flowers gangarial

പൂൽനയിൽ നിന്ന് ഗംഗാറിയ വരെയുള്ള ആദ്യഘട്ട യാത്ര വനയാത്രയുടെ കാൽപനികതയോടൊപ്പം പേശികളുടെ ബലപരീക്ഷണവും നിറഞ്ഞതായിരുന്നു. 2005 ലാണ് ആദ്യം പൂക്കളുടെ താഴ്‌വരയിലേക്കു സഞ്ചരിച്ചത്. അനുഗ്രഹീത യാത്രികൻ ഉണ്ണിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ. അന്ന്, ഗോവിന്ദ് ഘാട്ടിൽ നിന്ന് അളകനന്ദയ്ക്ക് കുറുകെയുള്ള ആടിക്കളിക്കുന്ന ഇരുമ്പുപാലത്തിലൂടെ വിറച്ച് മറുവശം കടന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളിൽ കാലിടറി. പൂൽനയിൽ വിശ്രമിച്ചു. ലക്ഷ്മൺ ഗംഗയുടെ ഓളങ്ങളിലൂടെ, അനവധി സിഖ് തീർത്ഥാടകരുടെ കൂടെ മന്ത്രശീലുകളുടെ താളത്തിൽ കാലടികളുറപ്പിച്ച് മുന്നോട്ട് നീങ്ങി. ഇന്നാരുമില്ല. ഹേംകുണ്ഡിലെ ഗുരുദ്വാര തുറന്നിട്ടില്ല. അന്യഗ്രഹജീവികളെപ്പോലെ, കോവിഡ് കാലത്ത് മാസ്ക് വെച്ച് ഹിമതടങ്ങളിലൂടെ യാത്ര ചെയ്യാനെത്തിയവരെ, പക്ഷേ, വഴിയോരങ്ങളിലെ ചെറിയ ധാബകളിലെ കച്ചവടക്കാർ വരവേറ്റു. അവർ ഇഞ്ചി ചേർത്ത ചായയും മസാല നാരങ്ങാ വെള്ളവും തന്നു. ഗഡ്‌വാളിന്റെ മനസ്സാണത്. പർവ്വതയാത്രകൾ അവർക്ക് തീർത്ഥാടനങ്ങളാണ്. ഞങ്ങൾ തീർത്ഥാടകരും.

valley of flowers

മുണ്ടുടുത്ത് മടക്കിക്കുത്തി തോർത്തും തോളിലിട്ട് മലയിറങ്ങി വരുന്ന ചെറുപ്പക്കാരനെ വഴിയിൽ കണ്ടു. ‘ഇനിയെത്ര ദൂരം?’ ചെറുപ്പക്കാരനോട് മലയാളത്തിൽ തന്നെ ചോദിച്ചു. ‘ഒരു കാതം മാത്രമകലെ. പൂക്കളുടെ താഴ്‌വരയിൽ പൂക്കൾ കുറവാണ്. നിർബന്ധമായും ഹേംകുണ്ഡിലെത്തണം. അവിടെയാണ് സൗഭാഗ്യം.’ വഴിയോരങ്ങളിൽ പേരറിയാത്ത ഒട്ടേറെ ഹിമാലയസസ്യങ്ങളുണ്ട്. പത്തിവിടർത്തി നിൽക്കുന്ന പൂക്കളുമായി കോബ്ര ലില്ലിച്ചെടികൾ പലയിടങ്ങളിൽ കണ്ടു. പേരറിയാത്ത നിരവധി ചിത്രശലഭങ്ങൾ ... പൂനെ സ്വദേശി രാഗേഷ്, നിരവധി ചിത്രശലഭങ്ങളുടെ പടമെടുത്തിരിക്കുന്നു. ഹിമാലയൻ ഗ്രാസ് ബ്ലൂസ്, സർജന്റ്, ഹിമാലയൻ കിളിവാലൻ ശലഭങ്ങൾ ...

വഴിയിൽ ഭ്യൂണ്ടാർ ഗ്രാമം. പഴയ പ്രൗഢി പക്ഷേ, കാണുന്നില്ല. ഗ്രാമവീഥികൾ വിജനമായിരിക്കുന്നു. ഒന്നു രണ്ടു ധാബകൾ. അടഞ്ഞുകിടക്കുന്ന പൊലീസ് ഔട്ട് പോസ്റ്റ്. കൊടികൾ പാറുന്ന ഗ്രാമ ക്ഷേത്രം. താഴെ ലക്ഷ്മൺ ഗംഗ. ഇത്തിരിവട്ടത്തെ കൃഷിയിടങ്ങളിൽ രാജ്മാ പയർ ചെടികൾ.

വഴിത്താരകളിലെ പൂക്കളും ദേവദാരു മരച്ഛായകൾക്കിടയിൽ വളരുന്ന പോപ്ളാർ മരങ്ങളും ശലഭക്കാഴ്ചകളും കിളികളുടെ കുഞ്ഞുപാട്ടുകളും അടുത്തൊഴുകുന്ന ലക്ഷ്മൺ ഗംഗയുടെ വെൺനുരകൾ വെള്ളാരം കല്ലുകളിൽ തീർക്കുന്ന സംഗീതവുമെല്ലാം കണ്ടും കേട്ടും എത്തുന്നത് ഗംഗാറിയ എന്ന പർവ്വത ഗ്രാമത്തിലേക്കാണ്. സ്നേഹാഥിത്യത്താൽ പഹാഡികൾ ചുടുകാപ്പിയും ഓംലറ്റും തരുന്നു. ശാന്തമായുറങ്ങാൻ ഒരു ചെറു രജായിയും.

valley of flowers blue poppy

പഴയ ഗംഗാറിയ അല്ല, ഈ മഹാമാരിക്കാലത്തെ ഗംഗാറിയ. രണ്ട് (അതോ മൂന്നോ) ചെറിയ ഹോട്ടലുകളും ഗുരുദ്വാരയും മാത്രമുണ്ടായിരുന്ന ഗ്രാമം കെട്ടിടങ്ങൾ കൊണ്ട് വികസിച്ചിരിക്കുന്നു. നിരവധി ഹോട്ടലുകൾ. ഹെലിപ്പാഡ്. ഗഡ്‌വാൾ മണ്ഡൽ വികാസ് നിഗമിന്റെ കൂടാരങ്ങൾ. പക്ഷേ, ഇപ്പോൾ ആളും ആരവവും കുറവ്. വിജനമായ തെരുവോരങ്ങളിൽ കച്ചവടവുമായി ഗ്രാമീണർ. ഹേംകുണ്ഡിലെ തടാകക്കാഴ്ചകൾ അവരുടെ കൂടി പ്രതീക്ഷകളാണ്. അതിജീവനത്തിന്റെ തുരുത്താണ്. ഓരോ സിഖ് വംശജന്റെയും 'വാഹ് ഗുരു' മന്ത്രോച്ചാരണങ്ങൾ. ഗുരുദ്വാരകൾ തുറക്കുകയും മന്ത്രങ്ങളുണരുകയും തെരുവുകൾ സജീവമാകുകയും ചെയ്യട്ടെ.

ഗംഗാറിയ മനോഹരമായ ഗ്രാമമാണ്. ചുറ്റും ഹിമ മകുടങ്ങൾ. പച്ചനിറത്തിന്റെ സാന്ദ്രതയിൽ നിബിഡമായ ആൽപൈൻ വൃക്ഷങ്ങൾ. പൈൻ, ഫിർ , സെഡാർ, പോപ്ളാർ, ഭൂർജ്ജവൃക്ഷങ്ങൾ. താഴ് വരയിലൂടൊഴുകിവരുന്ന പുഷ്പാവതി നദി ഹേംകുണ്ഡ് സാഹിബിലെ ഹിമാനികളിൽ നിന്നുരുകി വരുന്ന കുഞ്ഞരുവികളുമായി ചേർന്ന് ലക്ഷ്മൺ ഗംഗയായി ഗ്രാമത്തിൽ നിന്ന് താഴോട്ടൊഴുകുന്നു.

valley of flowers on he background of bhurja

അതിരാവിലെ പൂക്കളുടെ താഴ്‌വര ലക്ഷ്യമാക്കി നടന്നു. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ താഴ് വരയിൽ ചിലവഴിക്കാൻ അനുവാദമുള്ളൂ. ഗംഗാറിയയിൽ നിന്ന് നാലു കിലോമീറ്റർ ദൂരമുണ്ട് പൂക്കളുടെ താഴ്‌വരയിലേക്ക്. കോൺക്രീറ്റ് ചെയ്ത വഴികളിലൂടെ അരക്കിലോ മീറ്ററോളം മുന്നോട്ട് പോകുമ്പോൾ പാത രണ്ടായി പിരിയുന്നു. മുകളിലേക്കുള്ള വഴി ഹേംകുണ്ഡ് സാഹിബിലേക്കാണ്. ഇടത്തോട്ട് തിരിഞ്ഞ് കല്ലുകൾ പാകിയ വീതി കുറഞ്ഞ വഴി പൂത്താഴ്വരയിലേക്ക് നീണ്ടു പോകുന്നു. വഴിയോരങ്ങളിൽ പൂക്കളുടെയും പക്ഷികളുടെയും അസംഖ്യം തേൻകുടിയൻമാരായ ചെറുപ്രാണികളുടെയും മേളനമാണ്. മഴ നനഞ്ഞ വഴികൾ. കുഞ്ഞുപൂക്കളിൽ തഞ്ചിനിൽക്കുന്ന തുഷാരകണികകളിലുദിക്കുന്ന സഹസ്രസൂര്യൻമാർ. പ്രകൃതിയെയാകെ പ്രതിഫലിപ്പിക്കുന്ന ജലക്കണ്ണാടികൾ. ഭൂർജ്ജമരക്കാടുകൾ. ഒരു കിലോമീറ്ററോളം നടന്നെത്തുന്നത് പുഷ്പാവതി നദിക്ക് കുറുകെയുള്ള ഇരുമ്പ്പാലത്തിലേക്കാണ്. ഉത്തരാഖണ്ഡിലെ 2013 ലെ മഹാപ്രളയം ഈ പുഷ്പവാടിയെയും ബാധിച്ചതായി തോന്നി. പഴയ വഴികൾ ഇടിഞ്ഞു പോയിരിക്കുന്നു. ഇരുമ്പുപാലത്തിനക്കരെ കുത്തനെയുള്ള കയറ്റങ്ങൾ ആരംഭിക്കുകയായി. സാന്ദ്രമായ, ഇടതൂർന്ന ഭൂർജ്ജവൃക്ഷ വനങ്ങൾ. ഇടയ്ക്കിടയ്ക്കുള്ള വെളിച്ചമെത്തുന്ന ഇത്തിരിവട്ടങ്ങളിൽ പൂവട്ടികൾ പോലെ വർണ്ണവ്യന്യാസങ്ങൾ. കാടിന്റെ നിബിഡതക്കപ്പുറത്തേക്ക് നടന്നെത്തുന്നത് താഴ്വരയിലേക്കാണ്. കോടമഞ്ഞ് വന്നു മൂടിയും പിന്നെ തെളിഞ്ഞും വെയിലിൽ ഒളിച്ചു കളിച്ചും പരിലസിക്കുന്ന വിശ്വപ്രസിദ്ധമായ പൂക്കളുടെ താഴ്‌വരയിലേക്ക് !

valley of flowers lakshman ganga

മല കയറിയെത്തിയ ആയാസവും ക്ഷീണവും മറന്നേ പോകുന്നു. പൂക്കളുടെ വൈവിധ്യങ്ങളിൽ വർണ്ണജാലങ്ങളിൽ അത്ഭുതം കൂറി പാറയടരുകളിലിരുന്ന് ഇളം കാറ്റേൽക്കാം. താഴ്വരയിൽ തന്നെ മൂന്നു കിലോമീറ്ററോളം നടക്കാനുണ്ട്. പത്തു കിലോമീറ്ററോളം നീളത്തിൽ നാലു കിലോമീറ്ററോളം വീതിയിൽ പുഷ്പാവതി നദിയുടെ ഒരു വശങ്ങളിലുമായി പടർന്ന പൂമേടാണിത്. വിശാലമായ താഴ്‌വരയാകെ പൂത്തുലഞ്ഞ പഴയ കാഴ്ച ഇത്തവണയുണ്ടായില്ല. എങ്കിലും, ഏതോ കാലത്തിലെ മിത്തുകളൊന്നിൽ മാരുതപുത്രൻ മൃതസഞ്‌ജീവനി തേടിയെത്തിയ കഥ മൂളുന്ന നനുത്ത കാറ്റലകളിൽ നമ്മൾ ധ്യാനനിരതരാവുന്നു. നിശബ്ദരായി ദൂരെ രത്തബാൻ മലനിരകളിലെ ഹിമാനികളിൽ കണ്ണു നട്ടിരിക്കുന്നു. മഞ്ഞിനുള്ളിൽ മറഞ്ഞുപോയ നീലഗിരി പർവ്വതത്തെയും ഗോരി പർവ്വതത്തെയും തേടുന്നു. എത്രയെത്ര വൈവിധ്യമാർന്ന നിറക്കൂട്ടുകളാണ് പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള ഈ മഹാ പുഷ്പവാടിയിലുള്ളത്. അതിലേറെയും മാരിഗോൾഡ്, പോപ്പി, പ്രൈം റോസ്, ഡെയ്സി, വിവിധയിനം ഓർക്കിഡുകൾ തുടങ്ങിയവയാണ്. അഞ്ഞൂറോളം സപുഷ്പികളായ സസ്യജനുസ്സുകൾ ഈ പൂത്താഴ് വരയിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 125 ഓളം വരുന്ന പക്ഷി ജനുസ്സുകളും അപൂർവങ്ങളായ ജന്തുവൈവിധ്യവും ഈ ജൈവക്കലവറയിലുണ്ട്.

ഹേംകുണ്ഡിലേക്കുള്ള യാത്രകൂടിച്ചേർന്നാലേ പുഷ്പങ്ങളുടെ താഴ് വരയിലേക്കുള്ള യാത്ര പൂർണ്ണമാകുകയുള്ളൂ. പത്താമത്തെയും അവസാനത്തെയുമായ സിഖ് ഗുരുവും ഖൽസയുടെ സ്ഥാപകനുമായ ഗുരു ഗോബിന്ദ് സിംഗ് തന്റെ പൂർവ്വ ജന്മത്തിൽ കഠിന തപസ്സനുഷ്ഠിച്ച് പരമാത്മാവിനോട് ചേർന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഹേംകുണ്ഡ്. പതിനയ്യായിരത്തി ഇരുന്നൂറോളമടി ഉയരത്തിൽ ലോകത്തിലെ ഏറ്റവുമുയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയാണിത്.

ഗംഗാറിയയിൽ നിന്നുള്ള കോൺക്രീറ്റ് പാത പൂത്താഴ്‌വരയിലേക്ക് തിരിയാതെ മലമുകളിലേക്ക് കയറിപ്പോകുന്നു. കോൺക്രീറ്റ് വഴികൾ പിന്നീട് വൃത്തിയായി പാകിയ വലിയ കൽപ്പാതയായി മാറുന്നു. പതിനായിരം അടി ഉയരത്തിലുള്ള ഗംഗാറിയയിൽ നിന്ന് പതിനയ്യായിരത്തി ഇരുന്നൂറടി ഉയരത്തിലേക്കുള്ള ആറു കിലോമീറ്റർ മല കയറ്റം ആയാസകരമാണ്. ഒരു വേള, മനം നിറക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും തരുലതാദികളുടെയും പൂക്കളുടെ നിറച്ചാർത്തുകളിലൂടെയുമുള്ള കയറ്റങ്ങൾക്കുശേഷം പുൽമേടുകളിലൂടെയും കോടമഞ്ഞു നിറഞ്ഞ, കല്ലടരുകൾ വീണുടഞ്ഞ പൂപ്പാടങ്ങളുടെയും ഇടയിലൂടെ ഗിരിപഥങ്ങൾ ഉയർന്നുയർന്നു പോകുന്നു. ഓരോ പാറക്കഷ്ണങ്ങൾക്കും കൂട്ടായി ചുറ്റും വിടരുന്ന പൂക്കളുടെ നിറ വൈവിധ്യങ്ങൾ മഹാവിസ്മയങ്ങളായി മനസ്സിന്റെ ക്ഷീണമകറ്റുന്നു. വലയം ചെയ്യുന്ന മൂടൽ മഞ്ഞിൽ കാഴ്ചകളില്ലാതെ പ്രകൃതിയിൽ ലയിക്കുന്നു.

പിന്നീടെപ്പോഴോ, കാറ്റലകളിൽ തെളിയുന്ന വസന്തത്തിനായി കണ്ണും മനസ്സും തുറന്നു വെയ്ക്കുന്നു. പതിനാലായിരം അടി ഉയരത്തിലെത്തുന്നതോടെ ഹിമാലയത്തിലെ പുഷ്പറാണിയായ ബ്രഹ്മകമലമെന്ന വിശുദ്ധപുഷ്പത്തെ കൺനിറയെ കാണാനാവുന്നു. നീല പോപ്പിയും മഞ്ഞ പോപ്പിയും മറ്റനേകം കുഞ്ഞു പുഷ്പിണികളും അഴകെഴും ഉദ്യാനക്കാഴ്ചകളായി പാറകൾക്കിടയിലെ ചെറുതുരുത്തുകളിൽ വിടർന്നിരിക്കുന്നു. ഉയരങ്ങളിലെ കനത്ത കോടമഞ്ഞിന്റെ പശ്ചാത്തലത്തിലെ നിശബ്ദതയിൽ പ്രകൃതിയിലലിഞ്ഞിരുന്നു. മഹാ പർവ്വതങ്ങളിലേക്കുള്ള തീർത്ഥാടനങ്ങൾ നൽകുന്ന സ്വാസ്ഥ്യമാണത്. മനസ്സുകളുടെ വിമലീകരണം.

valley of flowers brahmakamal

കല്ലുപതിച്ച വഴികളിലൂടെ നടന്നെത്തുമ്പോൾ, ഒരു നീർച്ചാലിനടുത്തായി 1182 പടികളുള്ള കുത്തനെയുള്ള എളുപ്പവഴി നമ്മെ പ്രലോഭിപ്പിക്കുന്നു. മല കയറ്റത്തിന്റെ സങ്കീർണ്ണതകളും സാകല്യവുമാലോചിക്കാതെ പലരും ആ വഴിയിലൂടെ ഹേംകുണ്ഠിൽ വേഗമെത്താൻ ശ്രമിക്കുന്നു. വളഞ്ഞും തിരിഞ്ഞും രണ്ടു കിലോമീറ്ററോളം നീണ്ട വഴി പക്ഷേ, പൂപ്പാടങ്ങളിലൂടെയാണ്. വഴിയോരങ്ങളിലെ ഓരോ കല്ലടരിനും കൂട്ടിരുന്ന നീലാകാശത്തെ നോക്കി പ്രകൃതീശ്വരനെ ധ്യാനിക്കുന്ന ബ്രഹ്മകമല പൂപ്പാടങ്ങൾ നമ്മുടെ മനം നിറയ്ക്കും. അതിന്റെ സുഗന്ധം വർഷങ്ങളോളം മനസ്സിൽ നിറയും. ചെറിയ കാലടികളിൽ ധ്യാനനിരതരായി ഹേംകുണ്ഡിലെത്താം. സപ്തർഷികളായ മഹാ പർവ്വതങ്ങൾ കോട്ട കാക്കുന്ന മഞ്ഞിൻ തടാകം. ഒരു വശത്ത് ഹാത്തി പർവ്വതം. ദൂരെ മാറി മഞ്ഞിൽ കുളിച്ച് കാമത്ത് പർവ്വതം. കോടമഞ്ഞിൽ മറഞ്ഞും തെളിഞ്ഞും തടാകം. പളുങ്ക് ജലത്തിൽ കാറ്റ് തീർക്കുന്ന ഓള വ്യന്യാസങ്ങൾ . ആൾത്തിരക്കില്ലാതെ ശാന്തമായി ഗുരുദ്വാര നിന്നു. തൊട്ടു പിറകിലുള്ള ലക്ഷ്മൺ മന്ദിറും അടഞ്ഞു തന്നെ കിടന്നു.

ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ഹേംകുണ്ഡിലും യാത്രികർക്ക് പ്രവേശനമുള്ളൂ. സമയം വൈകിയിരിക്കുന്നു. ഒരു കാക്കിധാരി വന്ന് കാര്യം പറഞ്ഞു. ഇനിയിറങ്ങണം. സമയം രണ്ടു കഴിഞ്ഞിരിക്കുന്നു. മൂടൽ മഞ്ഞിന്റെ സാന്ദ്രതയേറിവരുന്നു. മഴ ചാറിത്തുടങ്ങി. 1182 പടികളുളള എളുപ്പവഴി കുത്തനെയിറങ്ങി. നനഞ്ഞ കൽപ്പടവുകളിൽ ഓരോ കാലടികളും സൂക്ഷിച്ചു വെച്ചു. ഹിമപർവ്വത നിരകൾ ചെറു കാറ്റായി, നനുത്ത മഴയായി, പൂക്കളുടെ വാടികളായി, മൂടൽമഞ്ഞിന്റെ സാന്ദ്രതയായി, വൻപാറകളായി, നിബിഡവനങ്ങളായി, തടാകത്തിലെ ഓളങ്ങളായി, അനവധി മിത്തുകളുടെ സൗന്ദര്യമായി ഹൃദയത്തിലേറി. നീണ്ട മഹാമാരിക്കാലത്തെ മടുപ്പിന് വിട. ഇനിയേത് ഋതുവിൽ വീണ്ടും ഞാൻ നിന്നിലണയും !

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India