Monday 10 October 2022 01:10 PM IST : By സ്വന്തം ലേഖകൻ

തടാകക്ഷേത്രത്തിലെ സസ്യാഹാരി മുതല ബബിയ ഇനി ഓർമ

bb

കാസർകോട് കുമ്പള തടാകക്ഷേത്രക്കുളത്തിലെ മുതല ബബിയ ഇനി ഓർമ. ഏഴുപതിറ്റാണ്ടിലേറെക്കാലമായി ഇവിടുത്തെ കുളത്തിലുണ്ടായിരുന്ന ബബിയ തടാകക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അഭ്ദുതമായിരുന്നു. സസ്യാഹാരം കഴിക്കുന്ന മുതല എന്ന നിലയിലാണ് ബബിയ പ്രശസ്തയായത്. 77 വയസ്സിലേറെയാണ് ബബിയയ്ക്ക് കണക്കാക്കുന്ന പ്രായം. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കുമ്പള അനന്തപുരം പത്മനാഭ സ്വാമിക്ഷേത്രം. തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഇതെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ നിവേദ്യമായിരുന്നു മുതലയുടെ പ്രധാനഭക്ഷണം. മേൽശാന്തി നടയടച്ച് പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ മേൽശാന്തി തിരിച്ചെത്തുമ്പോൾ തിരിച്ച് തടാകത്തിലേക്ക് മടങ്ങുകയാണ് പതിവ്. രണ്ടുവർഷം മുൻപ് മുതല ക്ഷേത്ര നടയിൽ എത്തിയത് ഭക്തർക്ക് കൗതുകക്കാഴ്ചയായിരുന്നു. തടാകത്തിന്റെ വടക്ക് ഭാഗത്തായുള്ള ഗുഹയിലാണ് മുതല വസിച്ചിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് ബബിയ ചത്തത്. പൊതുദർശനത്തിന് വച്ച ശേഷം, മേൽശാന്തിയുടെ നേതൃത്വത്തിൽ ആചാരപരമായ ചടങ്ങുകളോടെ മൃതദേഹം ക്ഷേത്രവളപ്പിൽ സംസ്കരിക്കും. മുതലയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ തുറക്കൂ.

(ചിത്രത്തിന് കടപ്പാട് )