Saturday 09 September 2023 03:58 PM IST : By സ്വന്തം ലേഖകൻ

മുടി മുറിക്കുമ്പോൾ കുഞ്ഞുങ്ങൾ വാവിട്ടു കരയുന്നതു സ്വാഭാവികം; മുടിവെട്ടലിനോടുള്ള ഭയം എങ്ങനെ അകറ്റാം?

717559348

കുട്ടികളുടെ മുടി ആദ്യമായി വെട്ടുന്നത് ഒരു ടാസ്ക് തന്നെയാണ്. കാരണം അവർ അതുവരെ കേട്ടിരിക്കുന്നത് കത്രിക കുഞ്ഞുശരീരം നോവിക്കുമെന്നാണ്. പരിചയമില്ലാത്ത ആളുകളെ ദൂരത്തിൽ നിർത്തണമെന്നാണ്. അപ്പോഴതാ, അന്നേവരെ കാണാത്ത ഒരാൾ കത്രികയുമായി വരുന്നു, കുട്ടിയെ മാതാപിതാക്കളുടെ കയ്യിൽ നിന്നു വാങ്ങി കസേരയിൽ ഇരുത്തുന്നു, മുടിയിൽ തൊടുന്നു. സീൻ ഡാർക് ആയെന്നു തോന്നുമ്പോൾ കുട്ടി കരഞ്ഞുതുടങ്ങും. ഹെയർ കട്ട് പിന്നെ, ഒത്താൽ ഒത്തു എന്നേ പറയാനാകൂ.

ഒരുക്കി കൊണ്ടുപോകാം

∙ മുടി ‘വെട്ടാൻ’ എന്ന വാക്ക് തന്നെ കുട്ടിയെ പേടിപ്പെടുത്താം. അതിനാൽ മുടി സുന്ദരമാക്കാൻ എന്നോ ട്രിം ചെയ്യാ ൻ എന്നോ പറയാം.

∙ കുട്ടികളുടെ മുടി വെട്ടി പരിചയമുള്ള സലോണുകൾ തന്നെ തിരഞ്ഞെടുക്കണം. കൊഞ്ചിച്ചും കളിപ്പിച്ചും ക്ഷമയോടെ മുടി വെട്ടി നൽകാൻ ഇത്തരം ഇടങ്ങളിലുള്ളവർക്കു ക ഴിയും.

∙ മുടി വെട്ടാൻ പോകുന്നതിനു ദിവസങ്ങൾ മുൻപു തന്നെ കുട്ടികളുമായി റോൾ പ്ലേ ചെയ്യാം. കുഞ്ഞിനെ കണ്ണാടിക്കു മുന്നിൽ ഒരു കസേരയിൽ ഇരുത്താം. 

കഴുത്തും തോളും ചേർത്ത് ടവ്വൽ പിൻ ചെയ്യാം. മുടിയി ൽ വെള്ളം സ്പ്രേ ചെയ്തു മുടി വെട്ടും പോലെ അഭിനയിക്കാം. മുടി വെട്ടാൻ എത്തുമ്പോൾ അപരിചിതത്വവും പേടിയും തോന്നാതിരിക്കാൻ ഇതു സഹായിക്കും. 

∙ കുഞ്ഞുങ്ങൾ പതിവായി ഉറങ്ങുന്ന സമയത്തോ, വിശപ്പുള്ളപ്പോഴോ മുടി വെട്ടിക്കാൻ കൊണ്ടുപോകരുത്. ഇത് അവരെ കൂടുതൽ അസ്വസ്ഥരാക്കാം. ശ്രദ്ധ തിരിക്കാൻ മൊബൈലിൽ കുട്ടികളുടെ ഇഷ്ട വിഡിയോസും കരുതാം. 

∙ പെൺകുട്ടികൾക്കു പല ആകൃതിയിലും നിറങ്ങളിലുമുള്ള ഹെയർ ക്ലിപ് വയ്ക്കാൻ ഇഷ്ടമായിരിക്കും. മുടി വെട്ടാൻ പോകുമ്പോൾ അങ്ങനൊന്നു കയ്യിൽ കരുതാം. മുടി വെട്ടിക്കഴിഞ്ഞു സ്റ്റൈലിസ്റ്റിനോട് ഇതു മുടിയിൽ കുത്തിനൽകാൻ പറയാം. ആൺകുട്ടികൾക്കു  സ്പൈക് സ്റ്റൈലോ മറ്റോ നൽകാം. ഹെയർ കട്ടിനു ശേഷം ഇഷ്ടപ്പെട്ട ഒരു സ്വീറ്റ് ട്രീറ്റ് കൂടി നൽകി അവരെ സന്തോഷിപ്പിക്കാം.

Tags:
  • Mummy and Me
  • Parenting Tips