Thursday 19 October 2023 12:00 PM IST : By സ്വന്തം ലേഖകൻ

എല്ലാവരും പഠിക്കാൻ വിദേശത്തേക്ക്... പക്ഷേ പ്ലേസ്മെന്റ് ചാൻസ് എങ്ങനെ ഉറപ്പിക്കും, കോളജിന് അംഗീകാരം ഉണ്ടാകുമോ?

study-abroad-1

പ്ലസ്ടുവിനു ശേഷം ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കേണ്ട കോളജുകളും സർവകലാശാലകളും എത്ര തരമെന്നും ഒാരോന്നിന്റെയും മെച്ചങ്ങൾ എന്തെല്ലാമെന്നും കഴിഞ്ഞ ലക്കത്തിൽ വായിച്ചല്ലോ. ഇനി ഒാരോ സ്ഥാപനങ്ങളെയും എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു നോക്കാം.

1. റാങ്കിങ്ങും അംഗീകാരവും

തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും അക്രഡിറ്റേഷനും ഉത്തരവാദിത്തപ്പെട്ട സർക്കാ ർ, സർവകലാശാല ഇവയിൽ നിന്നു ലഭിച്ചിട്ടുണ്ടോ എന്നതാകണം പ്രഥമ പരിഗണന. പൊതുവെ നമ്മുടെ രാജ്യത്തു രണ്ടുതരത്തിലുള്ള പ്രോഗ്രാമുകളാണു നടക്കുന്നത്. ഒന്ന് പ്രഫഷനൽ പ്രോഗ്രാം. മറ്റൊന്ന് നോൺ പ്രഫഷനൽ പ്രോഗ്രാം. പ്രഫഷനൽ പ്രോഗ്രാമുകൾക്ക് അതു നടത്തുന്ന സംസ്ഥാനത്തെ സർക്കാരിന്റെയും സർവകലാശാലകളുടെയും അംഗീകാരത്തിനു പുറമേ ദേശീയതലത്തിൽ അവയെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ കേന്ദ്രസർക്കാ ർ രൂപീകരിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പ്രഫഷനൽ കോളജുകൾക്കും പ്രഫഷനൽ പ്രോഗ്രാമുകൾക്കും മാത്രമേ രാജ്യത്ത് അംഗീകാരം ലഭിക്കൂ. ഉദാഹരണത്തിന് നഴ്സിങ്ങാണു പ ഠിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഡിഗ്രി കൊടുക്കുന്ന സർവകലാശാലയുടെ അംഗീകാരവും കൂടാതെ ആ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലിന്റെയും ദേശീയ നഴ്സിങ് കൗൺസിലിന്റെയും അംഗീകാരം കൂടി േവണം. ഇവിടെ ദേശീയ നഴ്സിങ് കൗൺസിൽ എന്നതു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നഴ്സിങ്ങിനെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.

ഓരോ വർഷവും ഏതൊക്കെ ഇൻസ്റ്റിറ്റ്യൂഷനുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത് എന്ന് ഓരോ സ്റ്റാറ്റ്യൂറ്ററി ബോഡിയും അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സർവകലാശാലകൾ അഫിലിയേറ്റഡ് കോളജുകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ കാലാകാലങ്ങളി ൽ ഒഫീഷൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അ തോടൊപ്പം വ്യത്യസ്തങ്ങളായ അക്രഡിറ്റേഷൻ കൗൺസിലുകൾ സ്ഥാപനങ്ങൾക്കു നിശ്ചിതമായ റാങ്കിങ് നൽകിയിട്ടുണ്ടാകാം. ഉയർന്ന റാങ്കിങ് നൽകിയിട്ടുള്ള കോളജുകളിലോ സർവകലാശാലകളിലോ ഉപരിപഠനം നടത്തുന്നതു വിദ്യാർഥിയുടെ കരിയർ ഗ്രോത്തിനു സഹായകമാകും

നമ്മുടെ രാജ്യത്തു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റാങ്കിങ് സ്ഥാപനമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക്. കൂടാതെ കോളജുകളുടെയും സർവകലാശാലകളുടെ മികവ് പരിശോധിക്കുന്നതിനും റാങ്കിങ് നൽകുന്നതിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മറ്റൊരു ദേശീയ അസെസ്മെന്റ് സ്ഥാപനമാണ് നാഷനൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ അഥവാ നാക്.

2. പ്ലേസ്മെന്റ് ചാൻസ്

പഠിച്ച പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളിൽ കോളജ് എത്ര മാത്രം ശ്രദ്ധിക്കുന്നു എന്നതു പ്രധാനമാണ്. കുട്ടികൾക്ക് നൽകേണ്ട അടിസ്ഥാന പരിശീലനങ്ങളും ക്യാംപസ് പ്ലേസ്മെന്റും സംഘടിപ്പിക്കുന്നതിനുള്ള കോളജിന്റെ ട്രാക്ക് റെക്കോർഡും കുട്ടികൾക്ക് ലഭിക്കുന്ന തൊഴിലും ഒക്കെ കോളജിന്റെ മികവു നിശ്ചയിക്കുന്ന പ്രധാന ഘടകമാണ്. കൂടുതൽ പ്ലേസ്മെന്റ് അവസരങ്ങൾ പ്രദാനം ചെയ്യുന്നതും മെച്ചപ്പെട്ട കമ്പനികളിൽ പ്രവേശനവും ജോലിയും ലഭിക്കുന്നതുമായ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നകോളജുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

3. പശ്ചാത്തല സൗകര്യവും അവസരങ്ങളും‌

കോളജ് എവിടെ സ്ഥിതി ചെയ്യുന്നു എന്നതു പ്രധാനമാ ണ്. സൗകര്യമില്ലാത്ത ഇടങ്ങളിലും നഗരവുമായി ബന്ധമില്ലാത്ത ഇടങ്ങളിലും ഉള്ള കോളജുകളിൽ എത്തിപ്പെടുന്നതിനു വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അതോടൊപ്പം തന്നെ പ്ലേ ഗ്രൗണ്ടും മറ്റും വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതായാൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾ ചെയ്യുന്നതിനു സാധിക്കാതെ വന്നേക്കാം. ഹോസ്റ്റൽ സൗകര്യം കുറയുന്നത് പഠനം ആയാസകരമാക്കും. ചില കോളജുകൾ ധാരാളം കുട്ടികളുള്ളതും വലുപ്പമുള്ളതുമാകും. എന്നാൽ എല്ലാ കുട്ടികൾക്കും വേണ്ട പശ്ചാത്തല സൗകര്യങ്ങൾ ഉണ്ടാകണമെന്നില്ല.

abroad-study

4. അധ്യാപകരുടെ മികവും യോഗ്യതകളും

അക്കാദമിക് നിലവാരവും മികച്ച പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് അധ്യാപകരെങ്കിൽ വിദ്യാർഥികൾക്കു നല്ല അക്കാദമിക് പരിശീലനവും ഉന്നതവിജയവും ലഭിക്കാനുള്ള സാധ്യത കൂടും. കോളജുകൾ ഫാക്കൽറ്റി മികവിനെ സംബന്ധിച്ച് വളരെ കൃത്യമായ വിശദീകരണങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്.

5. പ്രോഗ്രാമുകളുടെ മികവ്

കോളജ് ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള കണ്ടെന്റ് സമൃദ്ധമായി ഉള്ളതാ ണോ എന്നു നോക്കണം. പുതിയ കാലത്തിന്റെ പുതിയ കണ്ടെത്തലുകളെയും നവീന ആശയങ്ങളെയും ഉൾചേർത്തു തയാറാക്കിയിട്ടുള്ള സിലബസും സ്കീമും പരീക്ഷാരീതികളും വിലയിരുത്തലുകളുമാണു വേണ്ടത്. തിയറി പഠനത്തോടൊപ്പം പ്രാക്ടിക്കൽ പരിശീലനവും എക്സ്പോഷറും പ്രോഗ്രാമിന്റെ ഭാഗമായി നൽകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. തിയറി എന്നതിനപ്പുറമുള്ള പരിശീലനം സിദ്ധിക്കുന്നത്, കരിയർ വളർച്ചയ്ക്കും പുതിയ തൊഴിൽ കണ്ടെത്തുന്നതിനും എംപ്ലോയീബിലിറ്റി വർധിപ്പിക്കുന്നതിനും സഹായിക്കും.

പുതിയ കാലത്തെ പ്രോഗ്രാമുകൾ തിയറി പഠനത്തിന്റെ അത്രതന്നെ, ചിലപ്പോൾ അതിനേക്കാൾ കൂടുതൽ പ്രാക്ടിക്കൽ പരിശീലനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പ്രാക്ടിക്കൽ പരിശീലനങ്ങൾ വേണ്ടത്ര അളവിൽ വിദ്യാർഥികൾക്കു ലഭ്യമാക്കുന്നതിൽ കോളജുകളും സർവകലാശാലകളും പിന്നോട്ടു പോകുന്നതായി കാണാം. കണ്ടന്റ് റിച്ച്, പ്രാക്ടിക്കൽ റിച്ച് കാര്യങ്ങൾ തിരഞ്ഞെടുക്കുന്ന പ്രോഗ്രാമുകളിലുണ്ട് എന്ന് ഉറപ്പാക്കി, അത്തരം പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്ന കോളജ് തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

6. ഫീസും സ്കോളർഷിപ്പും

ഓഫർ ചെയ്യുന്ന സ്കോളർഷിപ്പും മറ്റ് അനുബന്ധ സാമ്പത്തിക സഹായങ്ങളും കൂടി പരിശോധിക്കുന്നതു സാമ്പത്തിക ഭാരം കുറച്ചു വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിനു സഹായിക്കും. രാജ്യത്തെ പ്രധാനപ്പെട്ട ഒട്ടുമിക്ക കോളജുകളും സർവകലാശാലകളും ഇത്തരം സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും ഓഫർ ചെയ്യുന്നുണ്ട്. ഏതു വിധത്തിലുള്ള ഓഫറാണു ലഭിക്കു‌ക, സാമ്പത്തിക സഹായം എത്ര, ഫീസ് ഇനങ്ങളിൽ അടയ്ക്കേണ്ട തുക എത്ര മുതലായ കാര്യങ്ങളെക്കുറിച്ചു സർവകലാശാലകളുടെയും കോളജുകളുടെയും വെബ്സൈറ്റുകളിൽ നിന്നു കൃത്യമായ അറിവു നേടുന്നതിന് ശ്രദ്ധിക്കണം.

study-abroad-3

7. എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങൾ

അക്കാദമിക് പ്രവർത്തനത്തിനൊപ്പം സോഷ്യലൈസേഷനും ലൈഫ് സ്കിൽ വികസനത്തിനും അവസരം ലഭിക്കുന്നുണ്ടോ എന്നുകൂടി നോക്കാം. ഒരാളുടെ ജന്മസിദ്ധമായ കഴിവുകളും ക്രിയേറ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അവസരവും ഓരോ കോളജിൽ നിന്നും ലഭിക്കേണ്ടതുണ്ട്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കും ഒക്കെ അവസരം നൽകുന്ന ഡിപാർട്മെന്റുകളും പ്രോഗ്രാമുകളും ചേരാൻ പോകുന്ന കോളജിൽ ഉണ്ടോ എന്ന് ഉറപ്പാക്കാം. ഇത് അക്കാദമിക് നിലവാരത്തോടൊപ്പം സർഗാത്മകതയും സാമൂഹ്യബോധവുമുള്ളവരായി പഠിച്ചിറങ്ങാൻ സഹായിക്കും. ∙

വിവരങ്ങൾക്ക് കടപ്പാട്:

ബാബു പള്ളിപ്പാട്ട്
കരിയർ വിദഗ്ധൻ,
എംജി യൂണിവേഴ്സിറ്റി,
കോട്ടയം