Friday 09 February 2024 12:55 PM IST : By സ്വന്തം ലേഖകൻ

നല്ല തേങ്ങാപ്പാലിൽ വെന്ത ചിക്കൻ കറി, ഇതു വേറെ ലെവൽ രുചി!

chicken

ചിക്കൻ തേങ്ങാപ്പാൽ കറി

1.ചിക്കൻ – ഒരു കിലോ

2.എണ്ണ – മൂന്നു വലിയ സ്പൂൺ

3.പെരുംജീരകം – ഒരു വലി സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറുവാപ്പട്ട – രണ്ടു കഷണം

4.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

5.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

8.കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

കശുവണ്ടി അരച്ചത് – കാല്‍ കപ്പ്

തേങ്ങാപ്പാൽ – ഒരു കപ്പ്

9.എണ്ണ – രണ്ടു വലിയ സ്പൂൺ

10.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വ‍ൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ചട്ടിയിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കണം.

∙ഇതിലേക്കു നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർ‌ത്തു വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്തു മൂപ്പിക്കുക.

∙പച്ചമണം മാറുമ്പോള്‍ ചിക്കൻ ചേർത്തു വഴറ്റി പാകത്തിന് ഉപ്പും വെള്ളവും ചേർത്തു മൂടി വച്ചു വേവിക്കുക.

∙വെന്തു വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിച്ചു വാങ്ങാം.

‌∙പാനിൽ എണ്ണ ചൂടാക്കി പത്താമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.